ആയിരം, അഞ്ഞൂറ് എന്നൊന്നും ഈ അടുത്ത് പറയരുതെന്ന് കരുതിയതാണ്. എങ്കിലും ഇതൊന്നു എഴുതണമെന്നു തോന്നി. പേടിക്കാനൊന്നുമില്ല, സാങ്കേതിക തടസ്സങ്ങൾ കാരണം വലയുന്ന പൊതുജനരോഷമോ , കള്ളപ്പണത്തെ അടിച്ചൊതുക്കുന്നതിന്റെ പേരിൽ ഉയർന്ന രോമങ്ങളുടെയോ കാര്യമല്ല ; ഇതൊന്നും കാര്യമാക്കാതെ തന്റെ ഒരു ദിവസത്തെ ജോലി ഓടിനടന്നു ചെയ്തു തീർക്കുന്ന ഒരു പാവം കന്നഡക്കാരി സ്ത്രീയെ പറ്റിയാണ്. പേര് കോകില, വയസ്സ് അറുപത്തഞ്ചു, തൊഴിൽ - ഒരു തെരുവിലെ മുഴുവൻ വീടുകളും വൃത്തിയാക്കുക. എന്റെ വീട്ടിലും രണ്ടു വർഷത്തോളമായി സ്ഥിരമായി വരുന്നു. ഒരുപാട് സംസാരിക്കുന്ന, ഒരുപാട് ചിരിക്കുന്ന, കുറെയധികം സ്വാതന്ത്യമെടുക്കുന്ന, ഞാൻ തമിഴ്നാട്ടുകാരനാണെന്നു ഉറച്ചു വിശ്വസിക്കുന്ന ഒരു പാവം. പരമുവിനെയും വല്യ കാര്യമാണ്; അവനു പേടിയാണെങ്കിലും. കഴിഞ്ഞ വർഷം വയറ്റിൽ ഒരു ഓപ്പറേഷൻ നടത്താൻ വേണ്ടി ഞാനും കെട്ടിടത്തിന്റെ ഉടമയും കൂടി കുറച്ചു കാശ് കൊടുത്തു നിർബന്ധിച്ചു നാട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു. അതിൽ പിന്നെ വൃത്തിയാക്കൽ ഒരു വഴിപാടു തീർക്കുന്നതു പോലെയാണ്. ശരീരം സമ്മതിക്കാത്തത് തന്നെ കാരണം. എങ്കിലും ഈ ജോലി ഒന്നും നിർത്താൻ അവർക്കാകുമായിരുന്നില്ല. നിൽക്കാൻ നേരമില്ലാതെ പണിയെടുക്കുമ്പോഴും എന്നോട് സംസാരിച്ചുകൊണ്ടേ ഇരിക്കുന്നുണ്ടാവും. അതിനെ പറ്റി പറഞ്ഞു തുടങ്ങിയാൽ തീർക്കാൻ ഒരു പുസ്തകം തന്നെ വേണ്ടി വരും. ഇന്നും വന്നിരുന്നു. കാശ് കിട്ടാനുള്ള പ്രയാസത്തെ പറ്റിയൊക്കെ വളരെ കാര്യമായി സംസാരിച്ചു. അക്കൗണ്ടിൽ പൈസ ഉണ്ടെങ്കിലും എടുക്കാൻ പറ്റാത്തതിന്റെ ബുദ്ധിമുട്ട് ഞാനും പറഞ്ഞു. പിന്നെ ഫോണിൽ കൂടെയൊക്കെ അത്യാവശ്യം ഭക്ഷണവും സാധങ്ങങ്ങളും ഒക്കെ വാങ്ങാമെന്ന് ഞാൻ പറഞ്ഞു. പതിവ് പോലെ മനസിലാവാത്ത കാര്യം തിരസ്കരിച് അവർ എന്നോട് പറഞ്ഞു " മോന് കാശു വല്ലതും വേണമെങ്കിൽ പറയണം കേട്ടോ, അമ്മ തരാം".
.