കുറെ നാൾ കൂടി ഇന്നലെ രാത്രി ഒരു പഴയകാല സുഹൃത്തിന്റെ വിളി വന്നു. ഇദ്ദേഹത്തിനെ പറ്റി രസമുള്ള ഒരു ഓർമ്മ മനസിലുണ്ട്. കുറെ വർഷങ്ങൾക്കു മുന്പാണ്, മൊബൈൽ ഫോണുകളും കാമുകിമാരും ഞങ്ങളുടെ ഒക്കെ ജീവിതത്തിലേക്ക് വന്നു തുടങ്ങുന്നതേ ഉള്ളു. ഇത് രണ്ടും കൂടി ഒരാൾക്ക് ഒട്ടില്ലതാനും. സ്വാഭാവികമായും എന്റെ കയ്യിൽ മൊബൈൽ ആണ്. മുൻപറഞ്ഞ ചങ്ങാതിക്ക് ആ സ്ഥാനത്ത് ഒരു കാമുകിയും. മിക്ക ദിവസങ്ങളും ഞങ്ങൾ സംസാരിക്കുക മൊബൈൽ ഫോണാണോ കാമുകിയാണോ നല്ലതെന്നുള്ള വിഷയത്തെ കുറിച്ചാണ്. ഞാൻ smsനെ കുറിച്ചും റിംഗ്ടോണ് ക്രിയേറ്ററിനെ കുറിച്ചും പറയുമ്പോ അവൻ കാമുകിയുടെ അടക്കം, ഒതുക്കം, പല്ലിന്റെ എണ്ണം എന്നിവ പറയും. അങ്ങനെ പെട്ടെന്നൊരു ദിവസം മൊബൈൽ ഫോണിൽ ഇൻകമിംഗ് കാൾ ഫ്രീ ആക്കി. സ്വാഭാവികമായും കാമുകിയെക്കാൾ വാല്യൂ എന്റെ ഫോണിനായി. പക്ഷെ സുഹൃത്തിന് അത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അന്ന് അവൻ വന്നത് ഒരു വെല്ലുവിളിയുമായാണ്. പ്രണയത്തിന്റെ തീവ്രത, വിശ്വാസം എന്നിവ എന്നെ ബോധ്യപെടുത്തുക ആണ് ലക്ഷ്യം. സംഭവം ഇതാണ്. ഞാൻ അവന്റെ കാമുകിയെ കള്ളപേരിൽ വിളിച്ചു സംസാരിക്കുക! അത് കഴിഞ്ഞുടനെ ഇവൻ അവളെ വിളിക്കുകയും എന്നെ അവൾ തെറി പറയുന്നത് സ്പീക്കർ ഫോണിൽ എന്നെ കേൾപ്പിക്കുന്നതോടെ പരിപാടി അവസാനിക്കുകയും ചെയ്യും . അങ്ങനെ വെല്ലുവിളി സ്വീകരിച്ച് ഞാൻ അവളെ വിളിക്കുന്നു. ആ കാലഘട്ടത്തിന്റെ സ്ഥിരം കള്ളപേരായ ' രാജീവ് ' എന്ന പേരുപയോഗിച്ച് സംസാരിച്ചു തുടങ്ങുന്നു. സുഹൃത്ത് അടുത്ത് തന്നെ ഒരു ചിരിയൊക്കെ ചിരിച്ച് ഇരിക്കുന്നുന്നുണ്ട്.സംസാരം തുടങ്ങി പത്തിരുപതു മിനുട്ടായപ്പൊളെക്കും അദ്ദേഹം ചിരി നിർത്തി കട്ട് ചെയ്യാൻ ആംഗ്യം കാണിച്ചു തുടങ്ങി. ഞാൻ വെച്ചു. പിന്നെയും ചിരിച്ച് 'ഇനി നീ കണ്ടോടാ' എന്ന ഭാവത്തിൽ സുഹൃത്ത് കാമുകിയെ വിളിച്ചു. ഞാൻ അടുത്ത് തെറി കേൾക്കാൻ സന്നദ്ധനായി ഇരുന്നു. സ്പീകർ ഫോണിൽ അവളുടെ ശബ്ദം. ഒന്നുമറിയാത്ത ഭാവത്തിൽ സുഹൃത്ത് വിശേഷങ്ങൾ ചോദിക്കുന്നു. കാപ്പി ഉണ്ടാക്കിയതും, പല്ല് തേച്ചതും, പശുനെ കുളിപ്പിച്ചതും എന്ന് വേണ്ട പോസ്റ്റ് മാൻ വന്ന വിശേഷം വരെ അവൾ പറയുന്നു - പക്ഷെ കേൾക്കേണ്ടത് മാത്രം പറയുന്നില്ല. ചിരി വീണ്ടും മായുന്നു. സ്പീക്കർ ബട്ടണ് ഓഫ് ചെയ്ത് സുഹൃത്ത് ഫോണിൽ കൂടെ വീണ്ടും വീണ്ടും വിശേഷങ്ങൾ ചോദിക്കുന്നു. ഒടുവിൽ ഇന്നാരോക്കെ വിളിച്ചു എന്ന് വരെ പാവം ചോദിക്കുന്നു. രക്ഷയില്ല. മൂളലുകൾക്കും നെടുവീർപ്പുകൾക്കും ഒടുവിൽ ഫോണ് വെക്കുന്നു. വിയർത്തു കുളിച്ചിരിക്കുന്ന അവന്റെ മുന്നിലേക്ക് പൊട്ടിച്ച കൊക്കോ കോള ക്യാൻ വെച്ച് നീട്ടുന്നു. ഒറ്റവലിക്ക് അത് കുടിച്ചിട്ട് അവൻ പടിയിറങ്ങി. പിന്നെ അവനെ കാണുമ്പോ അവന്റെ കയ്യിൽ പുതിയ ഒരു നോക്കിയ 3310 ഉണ്ടായിരുന്നു!
.