മാതാപിതാക്കളെ ഒരു കുട്ടി സ്നേഹിച്ചു തുടങ്ങുന്നത് ജനിപ്പിച്ചു എന്ന കാരണം കൊണ്ടല്ല. പിന്നീട് നമുക്ക് വേണ്ടി മരിക്കാൻ വരെ അവർ തയ്യാറാണ് എന്ന വിശ്വാസം കൊണ്ടാണ്. പ്രസവിച്ചുടനെ വല്ല തോട്ടിലോ കാട്ടിലോ വലിച്ചെറിഞ്ഞ് സ്വന്തം കാര്യം നോക്കിപോവുന്ന അമ്മയെ ഏതു കുട്ടി വിശ്വസിക്കും. അതുപോലെ, തികച്ചും ശാസ്ത്രീയമായ കാരണങ്ങൾ കൊണ്ട് ഭൂമിയുടെ ഈ പ്രദേശത്ത് ജനിക്കേണ്ടി വന്നു എന്ന ഒറ്റ കാരണത്തിന് എന്നെ ഒരു രാജ്യസ്നേഹി ആക്കാൻ പറ്റില്ല. ആ രാജ്യസ്നേഹം സിനിമ പ്രദർശനത്തിന് മുൻപ് എന്റെ മേൽ അടിച്ചേല്പ്പിക്കെണ്ടതുമല്ല.
വിവേചനബുദ്ധി ആവുംമുന്പേ ഗൾഫിലേക്കോ മറ്റോ കടത്തി, ആദ്യ അവധിക്കുതന്നെ വീട്ടുകാർ പിടിച്ചു കെട്ടിച്ചുവിട്ട ചില 'പ്രസ്ഥാനങ്ങൾ' ഉണ്ട്. ഇതിന് ആണ്‍പെണ്‍ വ്യത്യാസം ഇല്ല. അറബിയുടെ പൈസക്ക് തിന്നു തിന്നു വാഴുമ്പോ പെട്ടെന്നൊരു ദിവസം എല്ലിന്റെ ഇടയിൽ സധാചാരബോധവും ആർഷഭാരതവും കേറും. അപ്പൊ തന്നെ പി.ഡബ്ല്യു.ഡി വക ബ്ലോഗ് തുടങ്ങി എഴുത്തും തുടങ്ങും. ഞാൻ, വീട്ടുകാരുടെ ദയ കൊണ്ട് കിട്ടിയ എന്റെ കുടുംബം, അതിനപ്പുറത്ത് ഒരു ആലോചന ഇക്കൂട്ടർക്ക് ഇല്ല. കേരളത്തിൽ എന്ത് നടക്കുന്നു? സധാചാരപോലിസ് എന്താണ്? അതുകൊണ്ട് ഭാവിയിൽ കേരളത്തിനു സംഭവിക്കാൻ പോവുന്ന ദോഷമെന്തു? സ്വകാര്യത, സ്വത്രന്ത്യം ഇതൊക്കെ എന്തിനാണ്? ഈ വക ബോധങ്ങൾ ഒന്നുമില്ല. മുന്പ് പറഞ്ഞ ആർഷഭാരതവും കേരളസംസ്കാരവും മാത്രം! ഇന്നലെ നടന്ന പ്രതിഷേധം ചുംബിക്കാൻ വേണ്ടിയല്ല, സാധാചാരപോലീസിങ്ങിനു എതിരെ ഉള്ള പ്രതീകാത്മക സമരം ആണെന്ന് എത്ര വിളിച്ചു കൂവിയിട്ടും ഇവർകതു മനസിലാവാതെ പോവുന്നതിന്റെ കാരണവും ഇതൊക്കെ തന്നെ. ഇതൊന്നും പോരാഞ്ഞിട്ട് പുര കത്തുമ്പോ വാഴ വെട്ടാം എന്ന് കരുതി ഇന്നലെ കൂടിയ മുൻപറഞ്ഞ കൂട്ടരുടെ NRI പിൻഗാമികളയായ; സ്മോകീസ്, പോപ്സീന്സ്, ചങ്ക്സ് എന്നീ വർഗത്തിൽ കുറെയെണ്ണം ഈ സമരത്തിന്റെ വില കളയുകയും ചെയ്തു.
എന്ത് പുല്ലു വേണേലും ആവട്ടെ. തമ്മിതല്ലി ചാവുകയോ, സദാചാര സംരക്ഷകരുടെ പിച്ചാത്തിപിടിക്ക് തീരുകയോ! കഴിവുള്ളവർ പുറത്തെവിടെയെങ്കിലും പോയി രക്ഷപെടുക അല്ലെങ്കിൽ അവിടെ കിടന്നു അവനവന്റെ കഴിവുകേടിന്റെ ഫലം തിന്നുക.
,
No comments:
Post a Comment