ഓർക്കുമ്പോൾ സന്തോഷമാണോ സങ്കടമാണോ എന്ന് തീർച്ചപ്പെടുത്താൻ കഴിയാത്ത ചില സംഭവങ്ങൾ ഉണ്ട്. വിശദമായി പറയാൻ ഉള്ള പാകത ഇനിയും വന്നിട്ടിലാത്തത് കൊണ്ട് വളരെ ചുരുങ്ങിയ വാക്കുകളിൽ എഴുതാം. 2008. ഏതാണ്ട് രണ്ടാഴ്ചയോളം ആരും തിരിച്ചറിയാതെ, അപരവ്യക്തിത്വവുമായി ഞാൻ ജനിച്ചു വളര്ന്ന നാട്ടിൽ നിന്നും ഒരു വിളിപ്പാടകലെ ഞാൻ ജീവിച്ചു. ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടാൻ ഇടവരാത്ത ചില മനുഷ്യരുടെ ഇടയിൽ അവരിലൊരാളെ പോലെ. അക്കാലത്ത് ഒരു ചെറിയ ലോഡ്ജിലാണ് താമസം.എന്റെ മുറി തുറന്നു പുറത്തേക്കു ഇറങ്ങിയാൽ നാലാം നിലയിലെ വിശാലമായ ഇടനാഴിയാണ്. ഒരു വശം തുറന്നു നെല്പാടങ്ങളെയും മൈതാനങ്ങളെയും അഭിമുഖീകരിചു കാറ്റ് കൊണ്ട് തണുത്തു കിടന്നിരുന്ന ഇടനാഴി. അവിടെ നിന്നാൽ ദൂരെ ഞാൻ പഠിച്ചിരുന്ന കോളേജ് കാണാം. ഇടനാഴിയുടെ മറുവശത്ത് മുറികളാണ്. തൊട്ടടുത്തമുറിയിൽ കോളേജിലെ ഒരു അധ്യാപകൻ. അന്പതിനോട് അടുത്ത പ്രായം. കണ്ണൂര് ആണ് സ്വദേശം. ഭാര്യയെയും മക്കളെയും നാട്ടിലാക്കി ഇവിടെ വന്നു നില്ക്കുകയാണ്. വൈകുന്നേരങ്ങളിൽ വാടകയ്ക്ക് ഒരു വീടന്വേഷിക്കലാണ് അദ്ദേഹത്തിന്റെ ഒരു ദിനചര്യ. ചിലരാത്രികളിൽ ഇടനാഴിയിൽ രണ്ടു കല്ലെടുത്ത് വെച്ച് അടുപ്പുണ്ടാക്കി ബിരിയാണി വെക്കുന്നതും കാണാം. ഒരുമിച്ചു ഞങ്ങൾ ബിരിയാണി കഴിച്ചിട്ടുണ്ട്, ഒരുമിച്ചു വീടന്വേഷികാനും പോയിട്ടുണ്ട്. വെളുപ്പാൻകാലത്ത് 3 മണിക്കൊക്കെ പൌരാണികമായ ഒരു വി.സി.പി വരാന്തയിൽ എടുത്തു വെച്ച് 'റോമാൻസിംഗ് ദി സ്ടോൻ' എന്ന സിനിമ പലവട്ടം ഒരുമിച്ചിരുന്നു കണ്ടിട്ടുണ്ട്. എങ്കിലും എന്റെ ശരിയായ പേരോ ജോലിയോ അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഒരുപാട് ഓർമ്മകൾ ഈ കാലയളവിനെ ചുറ്റിപറ്റി ഉണ്ട്. എങ്കിലും ഇപ്പൊ ഇത് മാത്രം പറഞ്ഞത്, ആരോ പറഞ്ഞ് ഇന്നലെയറിഞ്ഞു. രണ്ടു വര്ഷം മുൻപ് ആ ഒറ്റമുറിയിൽ തന്നെ കിടന്നു അദ്ദേഹം മരിച്ചു എന്ന്.
No comments:
Post a Comment