മരണത്തെ പറ്റി നിങ്ങൾ ആദ്യമായി ചിന്തിച്ചത് എപ്പോഴാണ്.എന്നായാലും അന്നുമുതൽ നമ്മുടെ ഉള്ളിൽ ഉറങ്ങികിടക്കുന്ന എല്ലാ വികാരങ്ങൾക്കൊപ്പവും മരണചിന്തയും ഉണ്ട്. ജനനം പോലെതന്നെ സത്യമാണ് മരണവും. എങ്കിലും ആ തത്വം നമ്മുടെ ഭയത്തെ ലഘൂകരിക്കുന്നില്ല. അതിനു കാരണം മരണത്തിൽ ഉള്ള ദുരൂഹതയാണ്. ജനനത്തിനു ഒരു മാർഗമേ ഉള്ളു. മരണത്തിനു കോടികളും. ദുരൂഹമായ, അജ്ഞാതമായ കോടി മാർഗങ്ങൾ. എനിക്ക് 2 വയസുള്ളപ്പോഴാണ്.എന്നെ നോക്കാൻ നിർത്തിയിരിക്കുന്ന ഒരു സ്ത്രീയും ഞാനും മാത്രമേ വീട്ടിലുള്ളൂ. വളരെ സ്വാഭാവികമായി എന്നെ അവർ കിണറിന്റെ വക്കത്തിരുത്തി വെള്ളം കോരാൻ തുടങ്ങി. കിണറിന്റെ ഉള്ളിലേക്ക് കാലുകൾ ഇട്ടാണ് എന്നെ ഇരുത്തിയിരിക്കുന്നത്. വളരെ ആഴമുള്ള കിണർ. വളരെ ദൂരെ ഇരുണ്ട അടിയിലെവിടെയോ ഇളക്കം കാണാം. നിസ്സാരമായ ഇരുമ്പ് പൊടിയെ കാന്തം ആകർഷിക്കുന്നത് പോലെ നിസ്സാരനായ എന്നെ ആ ആഴം ആകർഷിക്കുന്നുണ്ട്. എന്റെ ശരീരത്തിന് എഴുന്നേറ്റു മാറാനോ, എവിടെയെങ്കിലും മുറുകെ പിടിക്കാനോ, തിരിഞ്ഞിരിക്കാനോ ഉള്ള നിർദേശം നല്കാൻ 2 വർഷം 9 മാസം പ്രായമുള്ള എന്റെ ബുദ്ധിക്കു കഴിവില്ല. അവർക്ക് കുളിക്കാൻ ആവശ്യമുള്ളത്ര വെള്ളം കൊരിയെടുക്കുന്നത് വരെ ഞാൻ മരണത്തെ പറ്റി ചിന്തിച്ചു. യാതൊരു ദുരൂഹതകളുമില്ലാതെ വ്യക്തമായി....ആഴത്തിൽ.
No comments:
Post a Comment