ഞാൻ വൈകാരികമായ വേദനകൾക്ക് അതീതനാനെന്നുള്ള ഒരു അഹങ്കാരം എനിക്കുണ്ട്. എന്റെ വിഡ്ഢിവിചാരങ്ങൾ പുസ്തകരൂപത്തിൽ വന്നാൽ അതിന്റെ ഒന്നാം അദ്ധ്യായം ആയേക്കാവുന്ന ഒരു ഭാഗം മാത്രമാണ് മേല്പറഞ്ഞ അഹങ്കാരം എന്ന സത്യം മനസിലാക്കിയിട്ട് അധികനാളായിട്ടില്ല. സന്ദർഭം അല്പം പരത്തിപറയേണ്ടതായിട്ടുണ്ട് - തിരക്കുള്ളവർക്ക് പോയിട്ട് അടുത്ത ശനിയാഴ്ചയോ മറ്റോ വരാം. ജീവിതത്തിൽ ഞാൻ ഏറ്റവും ഭയക്കുന്ന ഒരു അവസ്ഥയെ കുറിച്ചാണ് ആദ്യം. കുറച്ച് anxiety ഉള്ള പ്രകൃതമാണ് എന്റേത്. കുറച്ച് എന്ന് വെറുതെ ഒരു ഭംഗിക്ക് പറഞ്ഞതാണ്. തരക്കേടില്ലാത്ത വലുപ്പത്തിൽതന്നെ ഉണ്ട്. മരുന്നും കഴിക്കുന്നുണ്ട്. പ്രധാനമായും രണ്ടു തരത്തിലുള്ള കുഴപ്പങ്ങൾ ആണ് എനിക്കെന്നാണു ഡോക്ടർ പറഞ്ഞത്. എനിക്കവരെ വളരെ വിശ്വാസമാണ്- കഴുത്തിൽ കുഴലോക്കെ ഇട്ട ഒരു സുന്ദരി. Psychosomatic Hypochondria (ഇല്ലാത്ത രോഗങ്ങൾ ഉണ്ടെന്നു തോന്നുക), Specific Social Anxiety (ചില പ്രത്യേക സാമൂഹിക ചുറ്റുപാടുകളോട് പൊരുത്തപെടാനുള്ള ബുദ്ധിമുട്ട്). ഇതിൽ രണ്ടാമത് പറഞ്ഞതാണ് അസഹനീയം. യാത്രകൾ! എന്നെ അറിയാവുന്നവർക്ക് എന്റെ യാത്രകളുടെ അന്ത്യവും, ചിത്രങ്ങളും, ഭക്ഷണങ്ങളും മാത്രമാണ് പരിചയം. പക്ഷെ പോയിന്റ് A യിൽ നിന്ന് പോയിന്റ് B യിൽ എത്തുന്ന പ്രക്രിയ എനിക്ക് ദുസ്സഹമാണ്. യാത്ര ചെയ്യേണ്ട സമയം അടുക്കുംതോറും അൻക്സൈറ്റി കൂടും. ചിന്തകൾ മലകൾ കയറും. കഴിവതും യാത്രകൾ ഒഴിവാക്കിയാണ് കാലങ്ങളോളം ജീവിച്ചത്. നാട്ടിലേക്കുള്ള പോക്കുവരവ് ഏതാണ്ട് പൂർണമായും നിർത്തി. തറവാട്ടിലെ കൊച്ചുകുട്ടികളും പുത്തൻമരുമക്കളും ഞാനൊരു സങ്കൽപം മാത്രമാണെന്ന് സ്വയം വിശ്വസിപ്പിച്ചു. ഇത് അവിടെ നിക്കട്ടെ.
ഇനി ഞാൻ ജീവിതത്തിൽ ഏറ്റവും സ്നേഹിക്കുന്നത് എന്താണെന്ന് പറയാം. അതിനൊരു ഉപകഥയുടെയോന്നും ആവശ്യമില്ല. പരമു. ഇനി കാര്യത്തിലേക്ക് വരാം. എന്റെ ജീവിതം ഒരു പരീക്ഷണം ആവുന്നത് ഞാൻ ഏറ്റവും സ്നേഹിക്കുന്ന വസ്തുവിന്റെയും എന്റെയും ഇടയിൽ എന്റെ ഏറ്റവും വലിയ ഭയം നീണ്ടു നിവർന്നങ്ങനെ കിടക്കുമ്പോഴാണ്. ചുരുക്കി പറഞ്ഞാൽ, സാമാന്യം നീണ്ട ഒരു യാത്രയുടെ മറ്റേ അറ്റത്താണ് പരമു. ഇത് മറികടന്നു വേണം ഓരോ തവണയും അവനെ കാണാൻ. ഒരു തരത്തിൽ ഭയത്തെ അടക്കിയിരുത്തി പോവാൻ തുടങ്ങുമ്പോ, ദാ വരുന്നു. Murphy's Law. എന്ത് ചെയ്തിട്ടാണേലും വേണ്ടില്ല, ഇവന്റെ പണ്ടാരമടക്കണമെന്ന് പ്രപഞ്ചം അങ്ങ് തീരുമാനിച്ചുകളയും! കഴിഞ്ഞ ശനിയാഴ്ച പോവാൻ തയാറായി ഇറങ്ങിയപ്പോൾ ആകാശം തകർത്തു പെയ്യുന്ന മഴ. അവധിയല്ലേ, എന്നാ പിന്നെ കാറെടുത്ത് തട്ടീം മുട്ടീം കളിക്കാമെന്നു കരുതി ഇറങ്ങുന്ന കുറെ റ്റെക്കീ-മറുതകൾ ആണ് റോഡ് മുഴുവൻ. ഒടുവിൽ ഓടികിതച്ചു സ്റ്റെഷനിൽ എത്തി എങ്ങനെയോ ട്രെയിനിൽ ചാടികയറി ഇരുന്നു. കാണേണ്ട ആളുകൾ കുറവായിരിക്കുമല്ലോ എന്ന് കരുതി സെക്കന്റ് എ സി ആണ് പതിവ്. Murphy's Law വീണ്ടും. അശുഭകരമായ ഒരു യാത്രക്ക് വേണ്ട എല്ലാ ചേരുവകളും നിരനിരയായി നില്ക്കുകയും കിടക്കുകയും ചെയ്യുന്നു.
- കരയുന്ന കുട്ടി (1)
- പുതു-ദമ്പതികൾ (2)
- നാറുന്ന കറികൾ കഴിക്കാൻ വെമ്നി നിൽക്കുന്ന കുടുംബം (3)
- നാറുന്ന കറികൾ കഴിച്ച ശേഷം രാത്രി കാണാം എന്ന് പറഞ്ഞു മുകളിൽ കേറി കിടക്കുന്ന വല്യപ്പൻ (1)
പോളിടിക്കലി കറക്റ്റ് ആവണമെന്ന ദുരാഗ്രഹമൊന്നുമില്ല. ഇത്രയെങ്കിലും എഴുതിയില്ല്ലെങ്കിൽ! എന്തായാലും അവന്റെ കൂടെയുള്ള പത്തിരുപതു മണിക്കൂറുകൾ മനോഹരമായിരുന്നു.
പി.എസ്: തിരിച്ചുള്ള യാത്രയിൽ, സൈഡ് ലോവർ ബെർത്തിൽ സമാധാനമായി കിടക്കാൻ ചെന്ന എന്നെകാത്തു കൈകുഞ്ഞുമായി ഒരു അമ്മയുണ്ടായിരുന്നു. വൈകാരികമായി അവരെന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും തദ്വാരാ, മുകളിലത്തെ ബെർത്തിൽ വലിഞ്ഞു കയറെണ്ടിയും വന്നു.
.
No comments:
Post a Comment