Tuesday, May 31, 2016

Makuttan Chronicles : Making the Dino

ഒരു ദിവസം വൈകിട്ട് എന്നെ പിടിച്ചു വലിച്ചു മാക്കുട്ടൻ പറമ്പിലേക്ക് ഇറങ്ങി. കുറച്ചു ഇലകളും കമ്പുകളും സൂക്ഷ്മമായി പരിശോധിച്ച ശേഷം എടുത്തു എന്റെ കയ്യിൽ തന്നു. അകത്തേക്ക് നടക്കുന്നതിനിടയിൽ എന്നോട് പറഞ്ഞു, "പപ്പാ, ഞാൻ ഒരു സാധനം ഉണ്ടാക്കാൻ പോവാണ്". ഇതിനിടയിൽ അടുക്കളയിൽ പോയി ഒരു ചെറിയ പാത്രത്തിൽ വെള്ളവും നിറച്ചു വന്നു. "പപ്പാ ഇലകളും, പേപ്പറും, വെള്ളവും പിന്നെ റബ്ബർബാൻഡും കൂടി ചേർത്ത് കലക്കി ഒരു പണിയുണ്ട്". പാത്രത്തിൽ ഇതെല്ലാം ഇട്ട് സമാസമം വെള്ളവും റബ്ബർബാൻഡും ചേർത്ത് അദ്ദേഹം പണി തുടങ്ങി. ഇടയ്ക്കിടെ "ഇതിങ്ങനെ കലക്കി കലക്കി കലക്കി..." എന്ന് പറയുന്നുമുണ്ട്. ഞാൻ വാ പൊളിച്ചു നോക്കിയിരിക്കുന്നു. "പപ്പാ ഇത് കൊണ്ട് ഞാൻ ഒരു ദിനോസറിനെ ഉണ്ടാക്കുവാണ്. ഇങ്ങനെ കലക്കി, കലക്കി കലക്കി....പപ്പാ, ഒന്നും ആവുന്നിലല്ലോ" പിന്നെയും പ്രതീക്ഷ വിടാതെ പരമു കലക്കൽ തുടർന്നു. "ഇങ്ങനെ കലക്കി കലക്കി കലക്കി.....(ഒന്ന് നിർത്തി ആലോചിച്ചിട്ട്)..പപ്പാ, തെറ്റി പോയി, റബ്ബർബാൻഡ്  അല്ല പശ ആയിരുന്നു!". 

.

Spatial Disparity.

ഞാൻ വൈകാരികമായ വേദനകൾക്ക് അതീതനാനെന്നുള്ള ഒരു അഹങ്കാരം എനിക്കുണ്ട്. എന്റെ വിഡ്ഢിവിചാരങ്ങൾ പുസ്തകരൂപത്തിൽ വന്നാൽ അതിന്റെ ഒന്നാം അദ്ധ്യായം ആയേക്കാവുന്ന ഒരു ഭാഗം മാത്രമാണ് മേല്പറഞ്ഞ അഹങ്കാരം എന്ന സത്യം  മനസിലാക്കിയിട്ട് അധികനാളായിട്ടില്ല. സന്ദർഭം  അല്പം പരത്തിപറയേണ്ടതായിട്ടുണ്ട് - തിരക്കുള്ളവർക്ക് പോയിട്ട് അടുത്ത ശനിയാഴ്ചയോ മറ്റോ വരാം. ജീവിതത്തിൽ ഞാൻ ഏറ്റവും ഭയക്കുന്ന ഒരു അവസ്ഥയെ കുറിച്ചാണ് ആദ്യം. കുറച്ച്  anxiety ഉള്ള പ്രകൃതമാണ് എന്റേത്. കുറച്ച് എന്ന് വെറുതെ ഒരു ഭംഗിക്ക് പറഞ്ഞതാണ്. തരക്കേടില്ലാത്ത വലുപ്പത്തിൽതന്നെ ഉണ്ട്. മരുന്നും കഴിക്കുന്നുണ്ട്. പ്രധാനമായും രണ്ടു തരത്തിലുള്ള കുഴപ്പങ്ങൾ ആണ് എനിക്കെന്നാണു ഡോക്ടർ പറഞ്ഞത്. എനിക്കവരെ വളരെ  വിശ്വാസമാണ്- കഴുത്തിൽ കുഴലോക്കെ ഇട്ട ഒരു സുന്ദരി. Psychosomatic Hypochondria (ഇല്ലാത്ത രോഗങ്ങൾ ഉണ്ടെന്നു തോന്നുക), Specific Social Anxiety (ചില പ്രത്യേക സാമൂഹിക ചുറ്റുപാടുകളോട് പൊരുത്തപെടാനുള്ള ബുദ്ധിമുട്ട്). ഇതിൽ രണ്ടാമത് പറഞ്ഞതാണ് അസഹനീയം. യാത്രകൾ! എന്നെ അറിയാവുന്നവർക്ക് എന്റെ യാത്രകളുടെ അന്ത്യവും, ചിത്രങ്ങളും, ഭക്ഷണങ്ങളും മാത്രമാണ് പരിചയം. പക്ഷെ പോയിന്റ്‌ A യിൽ നിന്ന് പോയിന്റ് B യിൽ എത്തുന്ന പ്രക്രിയ എനിക്ക് ദുസ്സഹമാണ്. യാത്ര ചെയ്യേണ്ട സമയം അടുക്കുംതോറും അൻക്സൈറ്റി കൂടും. ചിന്തകൾ മലകൾ കയറും. കഴിവതും യാത്രകൾ ഒഴിവാക്കിയാണ് കാലങ്ങളോളം ജീവിച്ചത്.  നാട്ടിലേക്കുള്ള പോക്കുവരവ് ഏതാണ്ട് പൂർണമായും നിർത്തി. തറവാട്ടിലെ കൊച്ചുകുട്ടികളും പുത്തൻമരുമക്കളും ഞാനൊരു സങ്കൽപം മാത്രമാണെന്ന് സ്വയം വിശ്വസിപ്പിച്ചു. ഇത് അവിടെ നിക്കട്ടെ.

ഇനി ഞാൻ ജീവിതത്തിൽ ഏറ്റവും സ്നേഹിക്കുന്നത് എന്താണെന്ന് പറയാം. അതിനൊരു ഉപകഥയുടെയോന്നും ആവശ്യമില്ല. പരമു. ഇനി കാര്യത്തിലേക്ക് വരാം. എന്റെ ജീവിതം ഒരു പരീക്ഷണം ആവുന്നത് ഞാൻ ഏറ്റവും സ്നേഹിക്കുന്ന വസ്തുവിന്റെയും എന്റെയും ഇടയിൽ എന്റെ ഏറ്റവും വലിയ ഭയം നീണ്ടു നിവർന്നങ്ങനെ കിടക്കുമ്പോഴാണ്. ചുരുക്കി പറഞ്ഞാൽ, സാമാന്യം നീണ്ട ഒരു യാത്രയുടെ മറ്റേ അറ്റത്താണ് പരമു. ഇത് മറികടന്നു വേണം ഓരോ തവണയും അവനെ കാണാൻ. ഒരു തരത്തിൽ ഭയത്തെ അടക്കിയിരുത്തി പോവാൻ തുടങ്ങുമ്പോ, ദാ വരുന്നു. Murphy's Law. എന്ത് ചെയ്തിട്ടാണേലും വേണ്ടില്ല, ഇവന്റെ പണ്ടാരമടക്കണമെന്ന് പ്രപഞ്ചം അങ്ങ് തീരുമാനിച്ചുകളയും! കഴിഞ്ഞ ശനിയാഴ്ച പോവാൻ തയാറായി ഇറങ്ങിയപ്പോൾ ആകാശം തകർത്തു പെയ്യുന്ന മഴ. അവധിയല്ലേ, എന്നാ പിന്നെ കാറെടുത്ത് തട്ടീം മുട്ടീം കളിക്കാമെന്നു കരുതി ഇറങ്ങുന്ന കുറെ റ്റെക്കീ-മറുതകൾ ആണ് റോഡ്‌ മുഴുവൻ. ഒടുവിൽ ഓടികിതച്ചു സ്റ്റെഷനിൽ എത്തി എങ്ങനെയോ ട്രെയിനിൽ ചാടികയറി ഇരുന്നു. കാണേണ്ട ആളുകൾ കുറവായിരിക്കുമല്ലോ എന്ന് കരുതി സെക്കന്റ്‌ എ സി ആണ് പതിവ്. Murphy's Law വീണ്ടും. അശുഭകരമായ ഒരു യാത്രക്ക് വേണ്ട എല്ലാ ചേരുവകളും നിരനിരയായി നില്ക്കുകയും കിടക്കുകയും ചെയ്യുന്നു. 

- കരയുന്ന കുട്ടി (1)
- പുതു-ദമ്പതികൾ (2)
- നാറുന്ന കറികൾ കഴിക്കാൻ വെമ്നി നിൽക്കുന്ന കുടുംബം (3) 
- നാറുന്ന കറികൾ കഴിച്ച ശേഷം രാത്രി കാണാം എന്ന് പറഞ്ഞു മുകളിൽ കേറി കിടക്കുന്ന വല്യപ്പൻ (1) 

പോളിടിക്കലി കറക്റ്റ് ആവണമെന്ന ദുരാഗ്രഹമൊന്നുമില്ല. ഇത്രയെങ്കിലും എഴുതിയില്ല്ലെങ്കിൽ! എന്തായാലും അവന്റെ കൂടെയുള്ള പത്തിരുപതു മണിക്കൂറുകൾ മനോഹരമായിരുന്നു. 

പി.എസ്:  തിരിച്ചുള്ള യാത്രയിൽ, സൈഡ് ലോവർ ബെർത്തിൽ സമാധാനമായി കിടക്കാൻ ചെന്ന എന്നെകാത്തു കൈകുഞ്ഞുമായി ഒരു അമ്മയുണ്ടായിരുന്നു. വൈകാരികമായി അവരെന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും തദ്വാരാ, മുകളിലത്തെ ബെർത്തിൽ വലിഞ്ഞു കയറെണ്ടിയും വന്നു.

.

  

Thursday, May 5, 2016

Grow Up.

ഒരു സ്ത്രീസുഹൃത്തെങ്കിലും ഉള്ള ഒരു ആണിനും ഒരു സ്ത്രീയെ ബലാത്സംഘം ചെയ്യാൻ തോന്നില്ല.
ഇവിടെ ആണ് നമ്മുടെ "ആർഷ-സംസ്കാരിക-വിദ്യാഭ്യാസം" തോല്ക്കുന്നത്. എതിർലിംഗത്തിൽ പെട്ടവരോട് സംസാരിക്കുന്നത് തന്നെ പാപമാണെന്ന പാഠം ചെറുപ്പത്തിലെ തന്നെ അവരുടെ ബുദ്ധിയിലേക്ക് കുത്തിവെക്കുന്നു. വികസിത രാജ്യങ്ങളിൽ കടുത്ത മാനസികവൈകല്യമുള്ളവർ മാത്രം ചെയുന്ന ഇത്തരം കൃത്യങ്ങൾ ഇവിടെ അവസരം കിട്ടിയാൽ ആരും ചെയ്യുന്നതാവുന്നത് അത് കൊണ്ടാണ്. ഇനിയെങ്കിലും കണ്ണ് തുറക്കുക. നിങ്ങളുടെ ഉള്ളിലെ വിഷം വളർന്നു വരുന്ന തലമുറയ്ക്ക് നല്ക്കാതിരിക്കുക. ഉപദേശങ്ങൾ അവസാനിപ്പിച്ച്‌ , ഇത് നിങ്ങളോടൊപ്പം ചത്തൊടുങ്ങട്ടെ എന്ന് പ്രാർത്ഥിക്കുക.

.

Tuesday, March 15, 2016

Makuttan Chronicles : Big Bully.

- പപ്പാ, ഞാനിനി മുതൽ സ്കൂളിൽ കണ്ണട വെക്കുന്നില്ല.
- എന്താടാ
- ഇന്നലെ ഒരു കുട്ടി എന്റെ കണ്ണട പിടിച്ചു വലിച്ചു.
- ഏതു കുട്ടി?
- ഒരു ബിഗ്‌ ആൺ കുട്ടി. ഇത്രയും ബിഗ്‌ (കൈ തലയ്ക്കു മേലെ പിടിച്ചു കാണിക്കുന്നു).
- ആണോ. പപ്പ ഒരു കാര്യം ചെയ്യാം. നാളെ സ്കൂളിൽ വന്നു ചോദിക്കാം ആ കുട്ടിയോട്.

അൽപനേരം കഴിഞ്ഞ്.

- പപ്പാ?
- എന്താടാ
- അത് ആൺകുട്ടി അല്ല, പെൺകുട്ടിയാണ്.
- എടാ, പെൺകുട്ടിയെ ആണോ നീ പേടിക്കുന്നെ. ബിഗ്‌ ആയതുകൊണ്ടാണോ
- പപ്പാ, അത്ര ബിഗ്‌ ഒന്നുമല്ല.
- പിന്നെ?
- അത് ഒരു ചെറിയ കുട്ടിയാണ്.
- എത്ര ചെറിയ?
- അന്ന് പപ്പ വന്നപ്പോ സിന്തിയ ടീച്ചർ ഒരു കുട്ടിയെ എടുത്തു നിന്നില്ലേ.
- ഉവ്വ്????
- ആ കുട്ടി....
- എടൊ! ആ കൈകുഞ്ഞാണോഡോ നിന്റെ പേടിസ്വപ്നം??
- ഹി ഹി. (പരമു ചിരിച്ചു കൊണ്ട് ഓടുന്നു)

.

Monday, February 29, 2016

Makuttan Chronicles: Action Hero KuttanPilla.

ഒരു ശനിയാഴ്ച വൈകുന്നേരം ഞാനും മാക്കുട്ടനും കൂടി ആക്ഷൻ ഫിഗേർസ് വെച്ചു പോലീസും കള്ളനും കളിക്കുന്നു. മാക്കുട്ടൻ- കള്ളൻ ബൈജു; ഞാൻ- പോലീസുകാരൻ കുട്ടൻപിള്ള. ഒടുവിൽ (ഒരു വിധത്തിൽ) കുട്ടൻപിള്ള ബൈജുവിനെ ജയിലിൽ ആക്കി. ഞാൻ ഒരു ഗുണപാഠം കൂടെ ഇടയ്ക്കു കേറ്റി വിട്ടു. അപ്പൊ ദാ വരുന്നു, ബൈജുവിന്റെ വക ഡയലോഗ് - "പോലിസ് ഇപ്പൊ പിടിച്ചോ, ഞാൻ പുറത്തിറങ്ങും. അപ്പൊ മൂക്കിടിച്ചു ഞാൻ ചമ്മന്തിയാക്കും!"

.

Monday, February 15, 2016

Dream Universe in a Nutshell.

പണ്ടൊരിക്കൽ ഞാൻ എഴുതിയിരുന്നു - മനുഷ്യന്റെ ഒരു ദിവസത്തെ കാഴ്ചകളുടെ inversion ആണ് അയാളുടെ അന്നത്തെ സ്വപ്നങ്ങൾ.   ഞാൻ ദിവാസ്വപ്നങ്ങൾ സൃഷ്ടിച്ചു കാണുന്ന ഒരാളാണ്. എന്റെ രാത്രി സ്വപ്നങ്ങൾ ആ ദിവാസ്വപ്നങ്ങളുടെ inversion ആയിരിക്കണം. കാരണം പ്രത്യക്ഷത്തിൽ യാഥാർത്ഥ്യം എന്ന തോന്നലും, spatial disparity നല്ക്കുന്ന പറഞ്ഞറിയിക്കാൻ പറ്റാത്ത മിഥ്യാബോധത്തിന്റെ അസ്വസ്ഥതയും അവിടെ കാണാം.

സ്വപ്നങ്ങൾ കാണാൻ സാധിക്കുന്നതും അത് വർഷങ്ങളോളം ഓർത്തിരിക്കാൻ കഴിയുന്നതും വലിയൊരു അനുഗ്രഹം തന്നെയാണ്. കുട്ടികാലത്ത് ഈ നിഗൂഡതയോട് ഭയമായിരുന്നു. സ്വപ്നങ്ങളിൽ വന്നിരുന്ന ബിംബങ്ങൾ പലതും ഉറക്കം നശിപ്പിച്ചിരുന്നു. പത്തു തലയുള്ള ഒരു ഭീകരസർപ്പം പലരാത്രിസ്വപ്നങ്ങളിലും നിത്യകഥാപാത്രമായിരുന്നു.കാലങ്ങൾ കഴിഞ്ഞപ്പോൾ സ്വപ്നങ്ങള്ക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങി ; അജ്ഞാതമായ ലോകത്തുകൂടിയുടെ യാത്ര കൗതുകമായി.  

വളരെകാലം കഴിഞ്ഞാണ് ഈ സ്വപ്നങ്ങളിൽ ഉള്ള common ആയ ഒരു pattern ശ്രദ്ധിക്കുന്നത്. എന്റെ സ്വപ്നങ്ങൾ സ്ഥലവുമായി ബന്ധപെട്ടതാണ്. അതായത് എന്റെ സ്വപ്നലോകം (Dream Universe) എല്ലാ രാത്രികളിലും ഒന്ന് തന്നെയാണ്. സംഭവങ്ങൾ മാറുന്നു, കഥാപാത്രങ്ങൾ മാറുന്നു പക്ഷെ എല്ലാം ഒരു map-ൽ തന്നെ. ഉദാഹരണത്തിന് ഒരു സ്വപ്നത്തിൽ ഞാൻ ഒരു സിനിമ തിയേറ്റർ കാണുന്നു. രാത്രി മാത്രം പ്രവർത്തിക്കുന്നതാണ് ഈ തീയേറ്റർ. ഏതെങ്കിലും ഒരു (meta-fictional) സിനിമ ആയിരിക്കും അവിടെ. ഒരു സംഭവവും അവിടെ അരങ്ങേറും. ഇതേ തീയേറ്റർ ഞാൻ മറ്റൊരു ദിവസവും സ്വപ്നത്തിൽ കാണും - സിനിമ മാറിയിട്ടുണ്ടാവും, കഥാപാത്രങ്ങളും സംഭവങ്ങളും മാറിയിട്ടുണ്ടാവും. ഇതിന്റെ ഏറ്റവും വല്യ പ്രത്യേകത ഇങ്ങനെ ഒരു തീയറ്റർ ഞാൻ യഥാർത്ഥ ജീവിതത്തിൽ കണ്ടിട്ടില്ല എന്നതാണ്. അതായതു എന്റെ ഓർമയിലുള്ള സ്വപ്നത്തിലെ ഒരു ബിംബത്തെ മറ്റൊരു ദിവസത്തെ സ്വപ്നം വീണ്ടും ഉപയോഗിക്കുന്നു


കാലത്ത് എഴുന്നേറ്റുടൻ സ്വപ്നങ്ങൾ എഴുതിവെക്കുന്ന സ്വഭാവം തുടങ്ങിയതിൽ പിന്നെയാണ് ഇതെക്കുറിച്ച് കൂടുതൽ മനസിലായത്. എനിക്ക് വേണ്ടി ഒരു parallel universe തന്നെ എന്റെ ഉപബോധം സൃഷ്ടിച്ചിരിക്കുന്നു. തീയറ്റർ പോലെ തന്നെ വീടുകളും, റോഡുകളും, കുന്നുകളും, പുഴകളും, കടകളും, തെരുവുകളും, കടലുകളും ആവർത്തിച്ചപ്പോൾ ഇത് ഒരു മാപ് ആയി പ്ലോട്ട് ചെയ്താലോ എന്നൊരു ചിന്ത ഉണ്ടായി.

ഒരു രാത്രി കാണുന്ന സ്വപ്നത്തിലെ spaces ഞാൻ ഒരു മാപിൽ വരച്ചു. ഇതങ്ങനെ കുറച്ചു ദിവസം തുടർന്നു. ഒരു സ്ഥലം തന്നെ വീണ്ടും കാണുകയാണെങ്കിൽ ആ സ്ഥലത്തിന് മേലെ മാപിൽ "2" എന്ന് എഴുതും. അങ്ങനെ ഒരു മാസത്തോളം ആയപ്പോൾ എന്റെ universal map തയ്യാറായി. ഒരു വല്യ പട്ടണം-പക്ഷെ യഥാർത്ഥത്തിൽ ഉള്ള ഒന്നല്ല ; എങ്കിലും ഞാൻ ജീവിച്ചിരുന്ന പട്ടണങ്ങളുടെ പ്രേതങ്ങൾ ഇവയിലുണ്ട്. നാട്ടിലുള്ള വീടും വിദേശത്ത് താമസിച്ചിരുന്ന വീടും ഇപ്പോഴുള്ള എന്റെ വീടും എല്ലാം ഒരു dystopian രൂപത്തിൽ ഒരേ മാപിൽ ഉണ്ട്. സ്വപ്നങ്ങള്ക്ക് space+time dimension ഇല്ലാത്തതുകൊണ്ട് ഇതേ സ്ഥലം ഞാൻ 1992ലും 1902ലും 2044ലും കാണാറുമുണ്ട്.

ഇതിനെ കുറിച്ച് ഒരു പുസ്തകം എഴുതിയാലും തീരാത്തത്ര കഥകളും കഥാപാത്രങ്ങളും ഈ സ്വപ്നലോകത്ത് നടന്നു കഴിഞ്ഞു. ഇത്രയെങ്കിലും ഇപ്പോൾ എഴുതണമെന്നു തോന്നി. പിന്നീട് എപ്പോഴെങ്കിലും കൂടുതൽ എഴുതാൻ കഴിയുമായിരിക്കും.


ചിത്രത്തിൽ കാണുന്നത് ശരിക്കുള്ള മാപ് അല്ല, ഒരു മാതൃക.


.


Tuesday, February 2, 2016

Food Rules.

ചില കലാകാരന്മാർ ഭക്ഷണത്തെ കുറിച്ച് അവരുടെ കലകളിൽ പരാമർശിക്കുമ്പോഴാണ് അവ നേരിട്ട് കാണുന്നതിനെക്കാൾ കൊതി തോന്നിപോവുന്നത്. ഈ ഒരു പ്രതിഭാസം ആദ്യമായി ശ്രദ്ധിച്ചത് ബഷീർ കഥകളിൽ ആവണം. "മാന്ത്രികപൂച്ച" എന്ന കഥയിൽ ബഷീറും സിദ്ധനും കൂടി പുറത്തു അടുപ്പ് കൂട്ടി, ചോറും മസാലകൂട്ടും ഒന്നിച്ചിട്ട് വേവിച്ചു കഴിക്കുന്ന ഒരു രംഗമുണ്ട്. വെറും അക്ഷരങ്ങൾ വായിൽ വെള്ളം നിറച്ചത് അപ്പോളാണ്. ലൈംഗികതയും ഭക്ഷണവും നമ്മുടെ തലച്ചോറിൽ ഏകദേശം ഒരേ ഘടനയുള്ള തരംഗങ്ങൾ ആണ് സൃഷ്ടിക്കുക. അതായതു ഇവയെ പറ്റിയുള്ള പരാമർശങ്ങൾ, സ്വാഭാവികമായും നമ്മളെ ആകർഷിക്കും. കലകളിൽ ഇത് ഉപയോഗിക്കാറുണ്ട് - പക്ഷെ പലപ്പോഴും അത് സെക്സിൽ മാത്രം ഒതുങ്ങുന്നു. ഒരു സിനിമയിൽ അല്പവസ്ത്രധാരിയായ നടിയുടെ ഉദ്ദേശം താൻ വഴി ആ സിനിമയിലേക്ക് കൂടുതൽ ആളുകളെ അകര്ഷിക്കുക എന്നത് തന്നെ. എന്തുകൊണ്ടാണ് ഇതേ മനശാസ്ത്രം ഭക്ഷണം ഉപയോഗിച്ച് ചെയ്തുകൂടാ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. പിന്നീട് വിദേശസിനിമകൾ കണ്ടു തുടങ്ങിയപ്പോൾ അവർ സെക്സിനെക്കാൾ കൂടുതൽ ഭക്ഷണത്തെ ഇത്തരത്തിൽ ഉപയോഗിക്കാറുണ്ട് എന്ന് മനസിലായി. സൌത്ത് ഈസ്റ്റ്‌ എഷ്യൻ സിനിമകളിൽ മിക്ക രംഗങ്ങളിലും ഭക്ഷണത്തിന്റെ സാന്നിധ്യമുണ്ട്. ചിലത് sublime ആണെങ്കിൽ ചിലത് in-your-face. "Tampopo" എന്ന ജപ്പാനീസ് സിനിമയിൽ നൂഡിൽ സൂപ് എങ്ങനെ കഴിക്കണം എന്ന് വർണിക്കുന്ന ഒരു 10 മിനുട്ട് സീൻ ഉണ്ട്. ഈ അടുത്ത് കണ്ട ടാരന്റിനോയുടെ "The hateful eight" എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രം തന്നെയായിരുന്നു, Meat Stew. ഉദാഹരണങ്ങൾ വേറെയുമുണ്ട് - Turin Horse (Potato ), The Host (Octopus Tentacles), LOTR (Lembas Bread), The Godfather (Spaghetti and Meatballs), Rice Rhapsody (Duck) ,Now Forager (Omlette), House of Cards (Ribs) അങ്ങനെ പോവുന്നു.
മലയാളത്തിൽ ഭക്ഷണം നന്നായി ഉപയോഗിച്ച ഒരേ ഒരു ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ആണ്. നാല് പെണ്ണുങ്ങൾ എന്ന സിനിമയിൽ നന്ദുവിന്റെ ഊണ്, കരമനയുടെ അത്താഴം (എലിപത്തായം). ഭക്ഷണം തമാശക്ക് വേണ്ടി ഉപയോഗിച്ച ചിത്രങ്ങൾ ഇവിടെ പറയുന്നില്ല (For eg : ഗജകേസരിയോഗം). കൊട്ടിഘോഷിച്ചു വന്ന "ഭക്ഷണചിത്രങ്ങളിൽ" ഓർമ നില്ക്കുന്ന ഒരു സംഭവം പോലുമില്ല എന്നത് വിരോധാഭാസം!

.