Saturday, January 16, 2016

Makuttan Chronicles: Corny!

തീന്മേശയിൽ ചൂട് വിഭവങ്ങൾ വന്നു നിരന്നു.പരമു പതിവ് പോലെ ഓരോന്നായി എടുത്തു എന്നോട് ചോദിച്ചു തുടങ്ങി,
- ഇതെന്താണ്?
- ഇത് പൊട്ടട്ടോ.
- ഇതെന്താണ്?
- ഇത് കാരറ്റ്.
- ഇതെന്താണ്?
- ഇത് ബേബി കോൺ.
- ബേബി ഒന്നും വേണ്ട. പപ്പയുടെ മോൻ ഒന്നുമല്ലല്ലോ, കോൺ എന്ന് പറഞ്ഞാ മതി!



.

Friday, January 15, 2016

The Sopranos.

കോമഡി ഷോകളും തീരെ നിലവാരമില്ലാത്ത സോപ്പ് ഓപെറകളും അരങ്ങു തകർത്തു കൊണ്ടിരുന്ന കാലത്താണ് അത് വരെ ഉണ്ടായിരുന്ന ടെലിവിഷൻ സങ്കൽപ്പങ്ങളെ പാടെ നിരാകരിച്ച്, "ദി സൊപ്രാനോസ്" നിർമ്മിക്കപ്പെട്ടത്. ടോണി സൊപ്രാനൊ എന്ന ഗാങ്ങ്സ്ടറിന്റെ കഥ; മാറ്റിമറിചത് കുറെയേറെ expectations ആണ് - സീരിയൽ കഥ പറച്ചിൽ രീതികളെ കുറിച്ച്, പ്രേക്ഷകരുടെ ടോളറന്സിനെ കുറിച്ച്. "ദി സൊപ്രാനോസ്" വളരെ പെട്ടെന്ന് ജനപ്രീതി നേടുകയും അതിന്റെ സൃഷ്ടാവായ ഡേവിഡ്‌ ചേസ്, മോഡേൺ ടെലിവിഷന്റെ ഗോഡ് ഫാദർ ആയി പ്രഖ്യാപിക്കപെടുകയും ചെയ്തു. ഇതൊക്കെ മിക്കവർക്കും അറിയാവുന്ന കാര്യങ്ങൾ ആണ്. ഈ സീരിസിനെ കുറിച്ച് സ്വകാര്യമായ ചില അഭിപ്രായങ്ങൾ പറയാൻ ഒരു ആമുഖമായി പറഞ്ഞന്നേ ഉള്ളു.
ഞാൻ ആദ്യമായി കണ്ട ടെലിവിഷൻ ഷോ, ദി വൺഡർ ഇയെർസ് ആണ്. പിന്നീടും ധാരാളം സീരിയൽ കണ്ടിരുന്നു എങ്കിലും ഒരു സീരീസിനു addict ആകുകയാണ് എന്ന് തോന്നിയത് "ദി സൊപ്രനൊസ്" കാണുമ്പോൾ ആണ്. ടെലികാസ്റിംഗ് സമയത്ത് കാണാൻ സാധിച്ചിരുന്നില്ല - കണ്ടിരുന്നെങ്കിലും കുട്ടിക്കാലത്ത് മനസിലാകുമോ എന്ന് സംശയമാണ്. ടോണി (ജെയിംസ്‌ ഗാണ്ടോൾഫിനി) സ്വന്തം വീട്ടിൽ, anxiety അറ്റാക്ക്‌ വന്നു ബോധം കേട്ട് വീഴുന്നിടതാണ് സീരിയൽ തുടങ്ങുന്നത്. എന്റെ ആദ്യ പാനിക് അറ്റാക്കിനെ തുടർന്ന് മരുന്ന് കഴിച്ചു തുടങ്ങിയ സമയമായിരുന്നു അത്. ആ ഒരു സീനോട് കൂടി ടോണിയിൽ എന്നെതന്നെ കാണാൻ തുടങ്ങി. We had so much in common (Definitely not mafia but the rest). സിനിമാടിക് ആയി ഒരു പ്രത്യേക വ്യാകരണം തന്നെ ഉണ്ടായിരുന്നു, "ദി സൊപ്രനൊസ്" എന്ന ഒരു മണികൂർ എപിസോടുകൾക്ക്. മലയാള-സീരിയൽ കലാകാരന്മാരുടെ ചിന്തകൾക്ക് അപ്രാപ്യമായ ഒന്ന്. ഏറെ നാളായി എഴുതണം എന്ന് കരുതിയ, എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ ഒരു എപിസോടിനെ കുറിച്ച് പറയാം.സീരിയൽ അവസാന ഭാഗങ്ങളിലേക്ക് അടുക്കുമ്പോൾ ആണ് ഈ സംഭവം. ടോണിയുടെ കുടുംബജീവിതം തിരിച്ചുവരവില്ലാത്തത് പോലെ തകര്ന്നിരിക്കുന്ന ഒരു സമയമാണ്. ആർക്കും വേണ്ടാത്ത, തലക്കിപ്പോ അത്ര വെളിവില്ലാത്ത അയാളുടെ ചിറ്റപ്പനെ അയാൾ നോക്കുന്നുണ്ട്. ഒരു ദിവസം ചിറ്റപ്പന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി കൊണ്ട് ടോണി അത്യാസനനിലയിൽ ഹോസ്പിറ്റലിൽ ആകുന്നു. പിരിഞ്ഞു താമസിക്കുന്ന അയാളുടെ ഭാര്യയും മകളും മകനും ഓടി എത്തുന്നുണ്ട്. ടോണി ഈ സമയം മുഴുവൻ കോമയിലും. പിന്നീടുള്ള ഒരു എപിസോഡ്, ടോണിയുടെ ഉപബോധ മനസ്സിൽ നടക്കുന്ന ഒരു കഥയാണ്‌.
ഒരു ഹോട്ടൽ മുറിയിൽ ഉറക്കമുണരുകയാണ് ടോണി. അയാൾ അപ്പോൾ ടോണി സൊപ്രനൊ എന്ന അധോലോക നായകനല്ല. ഒരു കോൺഫറൻസ് അറ്റൻഡ് ചെയ്യാൻ വന്നിരിക്കുന്ന ഒരു optics salesman ആണ്. അയാളുടെ ജനലിലൂടെ നോക്കിയാൽ ദൂരെ ഒരു പ്രത്യേക നിറത്തിലുള്ള ലൈറ്റ് എരിയുന്നത് കാണാം. ടോണി അതിടക്കിടക്ക് നോക്കി നില്ക്കുന്നതായി കാണിക്കുന്നുണ്ട്. കോൺഫറൻസിന് പോവുന്ന ടോണിക്ക് ID ഇല്ലാത്തതു കാരണം പ്രവേശനം ലഭിക്കുന്നില്ല. തന്റെ കയ്യിലുള്ള ബാഗ്‌ പരിശോധിക്കുമ്പോൾ അത് കെവിൻ ഫിന്നെർറ്റി എന്നയാളുടെതാണ് എന്ന് ടോണിക്ക് മനസിലാവുന്നു. I am not writing too many spoilers here. ഒടുവിൽ പടിയിൽ നിന്ന് വീണു പരിക്ക് പറ്റുന്ന ടോണി ഒരു ഹോസ്പിറ്റലിൽ എത്തുകയും, തന്റെ പേര് കെവിൻ ഫിന്നെർറ്റി എന്നാണെന്നും തനിക്കു അൽഷൈമെർസിന്റെ തുടക്കമാണെന്നും അറിയുന്നു. തിരിച്ചു ഹോട്ടലിൽ എത്തുന്ന ടോണി ജനലിലൂടെ വീണ്ടും ആ പ്രകാശം കാണുന്നു.
ഈ സ്വപ്നം ഒരു symbolic model ആണ്. ടോണി ഒരു ഗങ്ങ്സ്റ്റെർ അല്ലായിരുന്നെകിൽ ആരായിരുന്നേനെ എന്നുള്ള ടോണിയുടെ ചിന്തകളിൽ നിന്നുണ്ടായ സ്വപ്നമാവാം.അത്രയും നന്നായി ആവിഷ്കരിച്ച ഒരു സ്വപ്നം സിനിമകളിൽ പോലും കാണില്ല. കൂടെ, കേൾക്കുമ്പോൾ വല്ലാത്തൊരു ഭയവും നഷ്ടബോധവും തോന്നുന്ന ഒരു പാട്ടും; മോബിയുടെ "വേർ വേർ യു വെൻ ഐ വാസ് ലോൺസം"

.

Tuesday, January 12, 2016

Makuttan Chronicles: All Hands!

അങ്ങനെ പൊട്ടിചിരിക്കാറുള്ള ഒരാളല്ല ഞാൻ. അതുകൊണ്ട് പരിസരം മറന്നു വരുന്ന ചിരി അടക്കാൻ പാടുപെട്ടിട്ടില്ല.അങ്ങനെ ഒരു സാഹചര്യം കുറച്ചു നാൾ മുൻപേ ഉണ്ടായി. കാരണം നമ്മുടെ പരമുകുട്ടൻ തന്നെ. ഒരു ശനിയാഴ്ച ഓഫീസിൽ അത്യാവശ്യമായി ഒരു മീറ്റിങ്ങിനു വരേണ്ടി വന്നു. സിംഗപ്പൂരിൽ നിന്ന് വി.പി ഒക്കെ ഉണ്ട്. പരമുകുട്ടന്റെ ഭാഷയിൽ "സാറ്റർടെ സൺടെ മാകുട്ടനും പപ്പയും അച്ചുപോളിച്ചുന്ന ദീസമാണ്". ഒടുവിൽ ഒരു ധാരണയിൽ എത്തി. അവൻ എന്റെ കൂടെ മീറ്റിങ്ങിനു വന്നിരിക്കും, അതുകഴിഞ്ഞ് ടോയ്സ് വാങ്ങി കൊടുത്താൽ മതി. അങ്ങനെ ഞങ്ങൾ സ്ഥലത്തെത്തി. മീറ്റിംഗ് തുടങ്ങി. വി.പി ഭാവി പരിപാടികളെ കുറിച്ചും പുരോഗതിയെ കുറിച്ചും വാചാലനാകുകയാണ്. പരമു ഇടയ്ക്കു എന്റെ ചെവിയിൽ ചോദിച്ചു "പപ്പാ, നമ്മൾ എപോഴാ ടോയ്സ് മേടിക്കാൻ പോവുന്നെ?". "ഇയാൾ പറഞ്ഞു കഴിഞ്ഞാൽ ഉടനെ നമ്മൾ പോവും", ഞാൻ ഉറപ്പു നല്കി. ഒരു മണിക്കൂറു കൂടി കഴിഞ്ഞു. വി.പി പുതിയ മാനേജ്മെന്റിനെ പറ്റി സംസാരിച്ചു തുടങ്ങിയിരിക്കുന്നു. പെട്ടെന്ന് അത് സംഭവിച്ചു. എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് ആ മുറി കിടുങ്ങുന്ന ശബ്ദത്തിൽ പരമുകുട്ടൻ ചോദിച്ചു, "ഇയാൾ എന്താ നിർത്താത്തെ!!!"???

.

Monday, January 11, 2016

The FlowerPot Phenomenon.

പണ്ട് പണ്ട്...എന്ന് വെച്ചാൽ എന്നെ പറ്റി എനിക്ക് തന്നെ വല്യ പ്രതീക്ഷ ഒന്നും ഇല്ലാത്തത്ര പണ്ട്.
ഒരു ഞായറാഴ്ച, അമ്മയും അച്ഛനും വീട്ടിനു മുന്നിൽ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വര്ഷങ്ങളായി ഒരേ സ്ഥലത്ത് അടുക്കി വെച്ചിരിക്കുന്ന ഓർക്കിഡ് ചെടിച്ചട്ടികൾ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ മാറ്റി വെയ്ക്കുന്ന പണിയിലാണ് - ഒരു മഹാത്ഭുത-പ്രതിഭാസത്തിനു അന്ന് അവർ സാക്ഷികളാവുന്നു. ഓരോ ചെടിച്ചട്ടികൾ മാറ്റുമ്പോഴും അതിരുന്ന സ്ഥാനത്ത് നിന്നും ഒരു തൂവെള്ളപുഷ്പം വിടർന്നു വരുന്നു. ഇത് എല്ലാ ചെടിച്ചട്ടികളിലും കണ്ടതോടെ അവർ ആശങ്കാകുലരായി. ചട്ടി പോക്കുന്നതിനൊപ്പം മെല്ലെ വിരിഞ്ഞു സാമാന്യം പ്രായം ചെന്ന ഒരു താമര പൂവിനത്രയും വിരിയുന്ന പൂക്കൾ! അവസാനത്തെ ചെടിച്ചട്ടി മാറ്റുന്നത് വരെ ഇത് തുടർന്നു. ഇതിനിടയിൽ വളരെ വിചിത്രമായ ഒരു സംഗതി ഇവരുടെ കണ്ണിൽ പെട്ടിരുന്നു. അവ കടലാസ് പൂക്കൾ ആയിരുന്നു.
ഇനി ഇവിടെ നിന്ന് ഏകദേശം അഞ്ചാറു മാസങ്ങൾക്ക് പിന്നിലേയ്ക്ക് നമുക്ക് പോവാം. വിയർത്തു കുളിച്ചു സൈക്കളിൽ വരുന്ന ഞാൻ. ആരും കാണാതെ മുറ്റത്തെ തോട്ടത്തിലേക്ക് ഇറങ്ങുന്നു. ബാഗ്‌ തുറന്ന് വിറയ്ക്കുന്ന കൈകളോടെ അവ പുറത്തെടുക്കുന്നു. പരീക്ഷയുടെ ഉത്തരകടലാസുകൾ. ഒരെണ്ണം ഒന്ന് തുറന്നു നോക്കുന്നു - കണക്കാണ്. അൻപതിൽ പതിനഞ്ച്. നെടുവീർപ്പോടെ കടലാസ് പരമാവധി ചെറുതായി മടക്കുന്നു. ശ്രദ്ധാപൂർവം ഓരോന്നും ഓരോ ചെടിച്ചട്ടിയുടെ അടിയിലേക്ക് വെയ്ക്കുന്നു. ഒരു ഭാരം ഒഴിച്ച് കളഞ്ഞ ആശ്വാസത്തോടെ ഞാൻ വീട്ടിനുള്ളിലേക്ക് കയറുന്നു.

.

Makuttan Chronicles: Love for Animals.

പരമു: പപ്പാ പപ്പാ, പപ്പാ എന്താ അപ്പൂപ്പനെ പോലെ മീശ വെക്കാത്തെ?
ഞാൻ : പപ്പ അങ്ങനെ മീശ വെച്ചിട്ട് വന്നാൽ മാകുട്ടൻ ഞെട്ടിപോവില്ലേ?
പരമു : മാകുട്ടൻ ഞെട്ടില്ല, നോ നോ. അനിമൽസിനെ ഇഷ്ടമാണ്.

.

Thank You Neurons!

8-1-2016
11.48 PM

സ്കൂട്ടറിന്റെ വേഗത കാരണം കണ്ണിൽ നിന്ന് വരുന്ന വെള്ളം കൂടി കട്ടിയാക്കാൻ പോന്നത്ര തണുത്ത കാറ്റ്. എന്റെ ദേഹമാസകലം വിറയ്ക്കുന്നു - എന്നാലും വേഗത കുറയ്ക്കാൻ നിർവാഹമില്ല. ഇപ്പൊ തന്നെ വൈകിയിരിക്കുന്നു. പണ്ട്രണ്ടു മണിയാവാൻ ഇനി അധികനിമിഷങ്ങൾ ഇല്ല. ഫോണ്‍ നിർത്താതെ അടിക്കുന്നത് എനിക്ക് അറിയാൻ കഴിയുന്നുണ്ട്. വ്ലാട് ആവണം. നഗരത്തിലെ തിരക്കുകളും വെളിച്ചങ്ങളും താണ്ടി വളരെദൂരം ഞാൻ എത്തിയിരിക്കുന്നു. റോഡിന് ഇരുവശവും പേടിപ്പിക്കുന്ന ഇരുട്ട് മാത്രം. 

വണ്ടിയുടെ മങ്ങിയ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ തെളിയുന്നത് വളരെ കുറവും. ഭാഗ്യം, വ്ലാട് പറഞ്ഞ സ്ഥലത്ത് തന്നെ ഉണ്ട്. എന്നെ കണ്ടയുടൻ ഉദ്വേഗത്തോടെ തന്റെ കാൽ നിലത്തു ആഞ്ഞ് ചവിട്ടി ചൂളം വിളിച്ചു."നിങ്ങൾ വൈകിയിരിക്കുന്നു".വികൃതമായ ഇംഗ്ലീഷിൽ അയാൾ വിളിച്ചു പറഞ്ഞു. റഷ്യൻ വംശജനാണ് വ്ലാട്. ഏറെകാലമായി നമ്മുടെ നാട്ടിലുണ്ട്. ഞാൻ സ്കൂട്ടർ റോഡിന്റെ ഒരു വശത്തേക്ക് നിർത്തി വെച്ച് ഇറങ്ങി ചെന്നു. "ഇപ്പോൾ തന്നെ വൈകിയിരിക്കുന്നു, ക്യാമറ എവിടെ?" വാക്കുകകൾ അയാളുടെ വായിൽ നിന്ന് പുകച്ചുരുളുകളോടൊപ്പം വന്നു. ഞാൻ കയ്യിലിരുന്ന ക്യാമറ കൊടുത്തു. റഷ്യൻ ഭാഷയിൽ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അയാൾ വശത്തെ കുന്നു കേറി മറഞ്ഞു. ജാക്കറ്റിന്റെ ഹൂഡ് തലയിലേക്ക് വലിച്ചിട്ട് ഞാൻ മെല്ലെ സ്കൂട്ടറിനു അടുത്തേക്ക് നടന്നു. മഞ്ഞിലൂടെ ദൂരെ സ്കൂട്ടർ അവ്യക്തമായി കാണാമായിരുന്നു. ഒരു മനുഷ്യന്റെ നിഴൽ പുകമറയെ കീറിമുറിച്ച് ഓടുന്നതായി എനിക്ക് തോന്നി. തോന്നൽ തന്നെയായിരുന്നോ? സ്കൂട്ടറിനു അടുത്തെത്താനാവുന്നു. കാഴ്ച കുറേകൂടി വ്യക്തമാണ്‌. ഒരു ചുവന്ന പ്രകാശം മിന്നിമായുന്നു. ആംബുലൻസ് ലൈറ്റ് പോലെ. സ്കൂട്ടറിൽ നിന്നാണ്. പെട്ടെന്ന് വലിയൊരു ശബ്ദത്തോടെ എന്റെ തലയ്ക്കു മുകളിലൂടെ സ്കൂട്ടറിന്റെ വലതു പാളി പറന്നു പോയി. ചില്ലുകഷണങ്ങൾ പോലെയെന്തോക്കെയോ എന്റെ മുഖത്തേക്കും തെറിച്ചു. കരിയുന്ന മണം. ഞാനിപ്പോ നിലത്തു കിടക്കുകയാണ്. കൈകൊണ്ടു മുഖത്ത് തടവിനോക്കി. അങ്ങിങ്ങ് ചോര പോടിയുന്നുണ്ട് - വല്ലാത്ത നീറ്റൽ. ഞാൻ എഴുന്നേറ്റ് മുന്നോട്ടു തന്നെ നടന്നു. സ്കൂട്ടർ അവിടെയില്ല. മറുവശത്തെ കുന്നിന്റെ മുകളിലൂടെ മനുഷ്യരൂപങ്ങൾ ഓടുന്നത് കാണാം. അവരുടെ പിന്നിൽ, കുന്നിന്റെ മറവിൽ- ചെറിയ ചെറിയ സ്‌ഫോടനങ്ങൾ നടക്കുന്നു. ഓരോന്നും പ്രകാശത്തിന്റെ ഒരു വലിയ തിര കുന്നിനിപ്പുറത്തേക്ക് ഒഴുക്കി വിടുന്നു. ഓരോ തവണയും മനുഷ്യരൂപങ്ങൾ എന്റെ മേലേ ഭീമാകാരമായ നിഴലുകൾ സൃഷ്ടിക്കുന്നു.
.......
തലച്ചോറിനു നന്ദി. 
വിരസമായ പകലുകൾക്കും ഉദ്വേഗജനകമായ സ്വപ്നങ്ങളും!

.

WTF.

Woke up at 10. Started researching on the Black Mamba snake of Sub-Saharan Africa till 6 for no apparent reason. Now I am like, what the hell just happened?