Monday, January 11, 2016

Thank You Neurons!

8-1-2016
11.48 PM

സ്കൂട്ടറിന്റെ വേഗത കാരണം കണ്ണിൽ നിന്ന് വരുന്ന വെള്ളം കൂടി കട്ടിയാക്കാൻ പോന്നത്ര തണുത്ത കാറ്റ്. എന്റെ ദേഹമാസകലം വിറയ്ക്കുന്നു - എന്നാലും വേഗത കുറയ്ക്കാൻ നിർവാഹമില്ല. ഇപ്പൊ തന്നെ വൈകിയിരിക്കുന്നു. പണ്ട്രണ്ടു മണിയാവാൻ ഇനി അധികനിമിഷങ്ങൾ ഇല്ല. ഫോണ്‍ നിർത്താതെ അടിക്കുന്നത് എനിക്ക് അറിയാൻ കഴിയുന്നുണ്ട്. വ്ലാട് ആവണം. നഗരത്തിലെ തിരക്കുകളും വെളിച്ചങ്ങളും താണ്ടി വളരെദൂരം ഞാൻ എത്തിയിരിക്കുന്നു. റോഡിന് ഇരുവശവും പേടിപ്പിക്കുന്ന ഇരുട്ട് മാത്രം. 

വണ്ടിയുടെ മങ്ങിയ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ തെളിയുന്നത് വളരെ കുറവും. ഭാഗ്യം, വ്ലാട് പറഞ്ഞ സ്ഥലത്ത് തന്നെ ഉണ്ട്. എന്നെ കണ്ടയുടൻ ഉദ്വേഗത്തോടെ തന്റെ കാൽ നിലത്തു ആഞ്ഞ് ചവിട്ടി ചൂളം വിളിച്ചു."നിങ്ങൾ വൈകിയിരിക്കുന്നു".വികൃതമായ ഇംഗ്ലീഷിൽ അയാൾ വിളിച്ചു പറഞ്ഞു. റഷ്യൻ വംശജനാണ് വ്ലാട്. ഏറെകാലമായി നമ്മുടെ നാട്ടിലുണ്ട്. ഞാൻ സ്കൂട്ടർ റോഡിന്റെ ഒരു വശത്തേക്ക് നിർത്തി വെച്ച് ഇറങ്ങി ചെന്നു. "ഇപ്പോൾ തന്നെ വൈകിയിരിക്കുന്നു, ക്യാമറ എവിടെ?" വാക്കുകകൾ അയാളുടെ വായിൽ നിന്ന് പുകച്ചുരുളുകളോടൊപ്പം വന്നു. ഞാൻ കയ്യിലിരുന്ന ക്യാമറ കൊടുത്തു. റഷ്യൻ ഭാഷയിൽ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അയാൾ വശത്തെ കുന്നു കേറി മറഞ്ഞു. ജാക്കറ്റിന്റെ ഹൂഡ് തലയിലേക്ക് വലിച്ചിട്ട് ഞാൻ മെല്ലെ സ്കൂട്ടറിനു അടുത്തേക്ക് നടന്നു. മഞ്ഞിലൂടെ ദൂരെ സ്കൂട്ടർ അവ്യക്തമായി കാണാമായിരുന്നു. ഒരു മനുഷ്യന്റെ നിഴൽ പുകമറയെ കീറിമുറിച്ച് ഓടുന്നതായി എനിക്ക് തോന്നി. തോന്നൽ തന്നെയായിരുന്നോ? സ്കൂട്ടറിനു അടുത്തെത്താനാവുന്നു. കാഴ്ച കുറേകൂടി വ്യക്തമാണ്‌. ഒരു ചുവന്ന പ്രകാശം മിന്നിമായുന്നു. ആംബുലൻസ് ലൈറ്റ് പോലെ. സ്കൂട്ടറിൽ നിന്നാണ്. പെട്ടെന്ന് വലിയൊരു ശബ്ദത്തോടെ എന്റെ തലയ്ക്കു മുകളിലൂടെ സ്കൂട്ടറിന്റെ വലതു പാളി പറന്നു പോയി. ചില്ലുകഷണങ്ങൾ പോലെയെന്തോക്കെയോ എന്റെ മുഖത്തേക്കും തെറിച്ചു. കരിയുന്ന മണം. ഞാനിപ്പോ നിലത്തു കിടക്കുകയാണ്. കൈകൊണ്ടു മുഖത്ത് തടവിനോക്കി. അങ്ങിങ്ങ് ചോര പോടിയുന്നുണ്ട് - വല്ലാത്ത നീറ്റൽ. ഞാൻ എഴുന്നേറ്റ് മുന്നോട്ടു തന്നെ നടന്നു. സ്കൂട്ടർ അവിടെയില്ല. മറുവശത്തെ കുന്നിന്റെ മുകളിലൂടെ മനുഷ്യരൂപങ്ങൾ ഓടുന്നത് കാണാം. അവരുടെ പിന്നിൽ, കുന്നിന്റെ മറവിൽ- ചെറിയ ചെറിയ സ്‌ഫോടനങ്ങൾ നടക്കുന്നു. ഓരോന്നും പ്രകാശത്തിന്റെ ഒരു വലിയ തിര കുന്നിനിപ്പുറത്തേക്ക് ഒഴുക്കി വിടുന്നു. ഓരോ തവണയും മനുഷ്യരൂപങ്ങൾ എന്റെ മേലേ ഭീമാകാരമായ നിഴലുകൾ സൃഷ്ടിക്കുന്നു.
.......
തലച്ചോറിനു നന്ദി. 
വിരസമായ പകലുകൾക്കും ഉദ്വേഗജനകമായ സ്വപ്നങ്ങളും!

.

No comments:

Post a Comment