പണ്ട് പണ്ട്...എന്ന് വെച്ചാൽ എന്നെ പറ്റി എനിക്ക് തന്നെ വല്യ പ്രതീക്ഷ ഒന്നും ഇല്ലാത്തത്ര പണ്ട്.
ഒരു ഞായറാഴ്ച, അമ്മയും അച്ഛനും വീട്ടിനു മുന്നിൽ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വര്ഷങ്ങളായി ഒരേ സ്ഥലത്ത് അടുക്കി വെച്ചിരിക്കുന്ന ഓർക്കിഡ് ചെടിച്ചട്ടികൾ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ മാറ്റി വെയ്ക്കുന്ന പണിയിലാണ് - ഒരു മഹാത്ഭുത-പ്രതിഭാസത്തിനു അന്ന് അവർ സാക്ഷികളാവുന്നു. ഓരോ ചെടിച്ചട്ടികൾ മാറ്റുമ്പോഴും അതിരുന്ന സ്ഥാനത്ത് നിന്നും ഒരു തൂവെള്ളപുഷ്പം വിടർന്നു വരുന്നു. ഇത് എല്ലാ ചെടിച്ചട്ടികളിലും കണ്ടതോടെ അവർ ആശങ്കാകുലരായി. ചട്ടി പോക്കുന്നതിനൊപ്പം മെല്ലെ വിരിഞ്ഞു സാമാന്യം പ്രായം ചെന്ന ഒരു താമര പൂവിനത്രയും വിരിയുന്ന പൂക്കൾ! അവസാനത്തെ ചെടിച്ചട്ടി മാറ്റുന്നത് വരെ ഇത് തുടർന്നു. ഇതിനിടയിൽ വളരെ വിചിത്രമായ ഒരു സംഗതി ഇവരുടെ കണ്ണിൽ പെട്ടിരുന്നു. അവ കടലാസ് പൂക്കൾ ആയിരുന്നു.
ഇനി ഇവിടെ നിന്ന് ഏകദേശം അഞ്ചാറു മാസങ്ങൾക്ക് പിന്നിലേയ്ക്ക് നമുക്ക് പോവാം. വിയർത്തു കുളിച്ചു സൈക്കളിൽ വരുന്ന ഞാൻ. ആരും കാണാതെ മുറ്റത്തെ തോട്ടത്തിലേക്ക് ഇറങ്ങുന്നു. ബാഗ് തുറന്ന് വിറയ്ക്കുന്ന കൈകളോടെ അവ പുറത്തെടുക്കുന്നു. പരീക്ഷയുടെ ഉത്തരകടലാസുകൾ. ഒരെണ്ണം ഒന്ന് തുറന്നു നോക്കുന്നു - കണക്കാണ്. അൻപതിൽ പതിനഞ്ച്. നെടുവീർപ്പോടെ കടലാസ് പരമാവധി ചെറുതായി മടക്കുന്നു. ശ്രദ്ധാപൂർവം ഓരോന്നും ഓരോ ചെടിച്ചട്ടിയുടെ അടിയിലേക്ക് വെയ്ക്കുന്നു. ഒരു ഭാരം ഒഴിച്ച് കളഞ്ഞ ആശ്വാസത്തോടെ ഞാൻ വീട്ടിനുള്ളിലേക്ക് കയറുന്നു.
.
No comments:
Post a Comment