നമ്മുടെ നാട്ടിലെ അഭിനവ സിനിമ പ്രേമികൾ. അടിസ്ഥാനപരമായി വളരെ ചെറിയ ആസ്വാദന നിലവാരം പുലർത്തുന്നവരാണ് പലരും. ഒരു പത്തിരുപതു കൊല്ലം മലയാള സിനിമകൾ മാത്രം കണ്ടു, സൂപ്പർസ്റ്റാറുകൾ വെള്ളത്തിൽ നിന്ന് പൊങ്ങി വരുന്നത് കണ്ട് കസേരയിൽ കേറി നിന്ന് കയ്യടിച്ചവർ ; സാഹചര്യങ്ങളുടെയും സംഘയുക്തിയുടെയും പ്രേരണയാൽ ഒരു സുപ്രഭാതത്തിൽ ഹോളിവുഡ് സിനിമകളുടെയും കൊറിയൻ സിനിമകളുടെയും ഫ്രഞ്ച് സിനിമകളുടെയും ടോറന്റ് -വെള്ളപാച്ചിലിലേക്ക് വീഴുകയാണ്.അവിടെ അവർ സിനിമപ്രേമി സർട്ടിഫിക്കറ്റ്, സ്വന്തമായി സോഷ്യൽ നെറ്റ്‌വർക്ക് പേജുകൾ, നാലിൽ കുറയാത്ത ഹാർഡ് ഡിസ്കുകളിൽ കൃത്യമായി വേർതിരിക്കപെട്ട സിനിമകൾ എന്നിവയുമായി സസുഖം വാഴ്ന്നു പോവുന്നു. വ്യക്തമായി ഒരു നിരൂപണം ഇവരിൽ നിന്ന് കിട്ടില്ല. ഇവരുടെ ഭക്തിപ്രസ്ഥാനമായ ടോറന്റ് പോലെതന്നെ ആണ് ഇവരുടെ അഭിപ്രായങ്ങളും. ഒന്നും ഒരാളിൽ മുഴുവനായി ഇല്ല. അംശങ്ങൾ പലയിടങ്ങളിലായി ചിതറി കിടക്കുന്നു. നല്ല സിനിമ എന്ത് എന്നുള്ളത് ഇവർക്ക് ഒരു പ്രഹേളിക ആണ്. നല്ല സംവിധാനം എന്താണ്, നല്ല അഭിനയം എന്നത് എന്താണ്. നല്ല ഡയലോഗുകൾ ഏതാണ് എന്ന് തുടങ്ങി ഇവർക്ക് എന്ത് കൊണ്ട് ഒരു സിനിമ ഇഷ്ടപ്പെട്ടു എന്ന് പറയാൻ കൂടി കഴിയില്ല. ഇത്തരം ആളുകളെയേ സിനിമ ചെയ്യുന്നവരും കാണുകയുള്ളൂ. അതുകൊണ്ട് തന്നെ അവരുടെ ബെഞ്ച്‌മാർക്ക് ഇപ്പോഴും തിരുനക്കര തന്നെ.
No comments:
Post a Comment