ചില കലാകാരന്മാർ ഭക്ഷണത്തെ കുറിച്ച് അവരുടെ കലകളിൽ പരാമർശിക്കുമ്പോഴാണ് അവ നേരിട്ട് കാണുന്നതിനെക്കാൾ കൊതി തോന്നിപോവുന്നത്. ഈ ഒരു പ്രതിഭാസം ആദ്യമായി ശ്രദ്ധിച്ചത് ബഷീർ കഥകളിൽ ആവണം. "മാന്ത്രികപൂച്ച" എന്ന കഥയിൽ ബഷീറും സിദ്ധനും കൂടി പുറത്തു അടുപ്പ് കൂട്ടി, ചോറും മസാലകൂട്ടും ഒന്നിച്ചിട്ട് വേവിച്ചു കഴിക്കുന്ന ഒരു രംഗമുണ്ട്. വെറും അക്ഷരങ്ങൾ വായിൽ വെള്ളം നിറച്ചത് അപ്പോളാണ്. ലൈംഗികതയും ഭക്ഷണവും നമ്മുടെ തലച്ചോറിൽ ഏകദേശം ഒരേ ഘടനയുള്ള തരംഗങ്ങൾ ആണ് സൃഷ്ടിക്കുക. അതായതു ഇവയെ പറ്റിയുള്ള പരാമർശങ്ങൾ, സ്വാഭാവികമായും നമ്മളെ ആകർഷിക്കും. കലകളിൽ ഇത് ഉപയോഗിക്കാറുണ്ട് - പക്ഷെ പലപ്പോഴും അത് സെക്സിൽ മാത്രം ഒതുങ്ങുന്നു. ഒരു സിനിമയിൽ അല്പവസ്ത്രധാരിയായ നടിയുടെ ഉദ്ദേശം താൻ വഴി ആ സിനിമയിലേക്ക് കൂടുതൽ ആളുകളെ അകര്ഷിക്കുക എന്നത് തന്നെ. എന്തുകൊണ്ടാണ് ഇതേ മനശാസ്ത്രം ഭക്ഷണം ഉപയോഗിച്ച് ചെയ്തുകൂടാ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. പിന്നീട് വിദേശസിനിമകൾ കണ്ടു തുടങ്ങിയപ്പോൾ അവർ സെക്സിനെക്കാൾ കൂടുതൽ ഭക്ഷണത്തെ ഇത്തരത്തിൽ ഉപയോഗിക്കാറുണ്ട് എന്ന് മനസിലായി. സൌത്ത് ഈസ്റ്റ് എഷ്യൻ സിനിമകളിൽ മിക്ക രംഗങ്ങളിലും ഭക്ഷണത്തിന്റെ സാന്നിധ്യമുണ്ട്. ചിലത് sublime ആണെങ്കിൽ ചിലത് in-your-face. "Tampopo" എന്ന ജപ്പാനീസ് സിനിമയിൽ നൂഡിൽ സൂപ് എങ്ങനെ കഴിക്കണം എന്ന് വർണിക്കുന്ന ഒരു 10 മിനുട്ട് സീൻ ഉണ്ട്. ഈ അടുത്ത് കണ്ട ടാരന്റിനോയുടെ "The hateful eight" എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രം തന്നെയായിരുന്നു, Meat Stew. ഉദാഹരണങ്ങൾ വേറെയുമുണ്ട് - Turin Horse (Potato ), The Host (Octopus Tentacles), LOTR (Lembas Bread), The Godfather (Spaghetti and Meatballs), Rice Rhapsody (Duck) ,Now Forager (Omlette), House of Cards (Ribs) അങ്ങനെ പോവുന്നു.
മലയാളത്തിൽ ഭക്ഷണം നന്നായി ഉപയോഗിച്ച ഒരേ ഒരു ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ആണ്. നാല് പെണ്ണുങ്ങൾ എന്ന സിനിമയിൽ നന്ദുവിന്റെ ഊണ്, കരമനയുടെ അത്താഴം (എലിപത്തായം). ഭക്ഷണം തമാശക്ക് വേണ്ടി ഉപയോഗിച്ച ചിത്രങ്ങൾ ഇവിടെ പറയുന്നില്ല (For eg : ഗജകേസരിയോഗം). കൊട്ടിഘോഷിച്ചു വന്ന "ഭക്ഷണചിത്രങ്ങളിൽ" ഓർമ നില്ക്കുന്ന ഒരു സംഭവം പോലുമില്ല എന്നത് വിരോധാഭാസം!
.