Showing posts with label Makuttan Chronicles. Show all posts
Showing posts with label Makuttan Chronicles. Show all posts

Wednesday, August 24, 2016

Makuttan Chronicles: Thought of the day.


"പപ്പാ ഞാൻ ഉറങ്ങുന്നതിനു മുമ്പ് വിളിക്കണം അല്ലെങ്കിൽ ഞാൻ ചിലപ്പൊ ഉറക്കമായിരിക്കും!" - Makuttan

.

Makuttan Chronicles: Innocence

പരമുവിന്റെ ചില കോമഡി പീസുകൾ ഉണ്ട്‌. സിനിമയെ വെല്ലുന്നവ. എല്ലാമൊന്നും ഓർമ്മയിൽ നിക്കില്ല. ഇന്നത്തേത്‌ താഴെ.
ലെഗൊ കള്ളനും പൊലീസും ആണു. ഞാൻ പോലീസ്‌, അവൻ കള്ളൻ. രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ റോഡിൽ വെച്ച്‌ കാണുന്നു.
ഞാൻ: നീ അല്ലേഡാ വാഹനങ്ങളൊക്കെ തടഞ്ഞുനിർത്തി മോഷ്ടിക്കുന്ന കള്ളൻ?
മാകുട്ടൻ: അല്ല സാർ, ഞാൻ ഈ വീട്ടിലൊക്കെ കേറുന്ന സാധാരണ കള്ളനാണു!

.

Tuesday, July 19, 2016

Makuttan Chronicles: Apology

മാക്കുട്ടൻ : പപ്പ ബാഡ് ബോയ് ആണ്. മാക്കുട്ടൻ ഒരു അടി തന്നാൽ പപ്പ ചത്തു പോവും. 
ഞാൻ : ഛേ എന്താടാ പറഞ്ഞത്?
മാക്കുട്ടൻ : സോറി, "മരിച്ചു" പോവും

.

Makuttan Chronicles: The Dilemma

Makuttan: പപ്പ സംസാരിച്ചു സംസാരിച്ചു എന്റെ ചെവി പൊട്ടാറായി എന്നു എല്ലാരും പറയുന്നു.
Me: എന്നാ ഞാൻ പിന്നെ വിളിക്കാം.
Makuttan: പിന്നെ വിളിച്ചാലും ചെവി പൊട്ടില്ലെ? അപ്പൊ എന്തു ചെയ്യും!

.

Friday, June 17, 2016

Makuttan Chronicles: Masterchef.

പരമുകുട്ടൻ ഇപ്പൊ അടുത്തില്ലാത്തത് കൊണ്ടു എന്റെ ഭക്ഷണകാര്യത്തെ കുറിച്ചു വലിയ വേവലാതിയാണ് കക്ഷിക്ക്. ഞാൻ തട്ടിക്കൂട്ടി അത്താഴം ഉണ്ടാക്കുന്നത് അവനെ സമാധാനിപ്പിക്കുന്നതും ഇല്ല. ഇക്കാരണങ്ങളാൽ ടിയാൻ എന്നും രാത്രി ഫോണിൽ കൂടി എന്നെ പാചകമുറകൾ പഠിപ്പിച്ചു പോരുന്നു. നിങ്ങളുടെ ആവശ്യങ്ങൾക്കായി ചില മാക്കുട്ടൻ ചേരുവകൾ താഴെ ചേർക്കുന്നു.

ദോശ:
മാവ് എടുത്തു കലക്കി കലക്കി കലക്കി അങ്ങോട്ടും ഇങ്ങോട്ടും ആക്കുക. ദോശ റെഡി.

മസാല ദോശ:
മാവ് എടുത്തു കലക്കി കലക്കി കലക്കി അങ്ങോട്ടും ഇങ്ങോട്ടും ഇടുക. അതിലേക്കു മസാല ഇടുക. മസാല ദോശ റെഡി.

ഉള്ളിദോശ:
ഉള്ളി കട്ട് ചെയ്യ്, കട്ട് ചെയ്യ്, കട്ട് ചെയ്യ്, എന്നിട്ടു ദോശയിലേക്ക് ഇടുക. ഉള്ളിദോശ റെഡി.

ബിരിയാണി:
ക്യാരറ്റ് കട്ട് ചെയ്യ്, കട്ട് ചെയ്യ്, കട്ട് ചെയ്യ്, എന്നിട്ടു ബിരിയാണിയിലേക്ക് ഇടുക. ബിരിയാണി റെഡി.

പിൻകുറിപ്പ്: ഇന്നിപ്പോ ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നു വെള്ളം വന്നത്, അദ്ദേഹത്തിന്റെ അവസാനത്തെ വാചകം കേട്ടിട്ടാണ് ."അങ്ങനെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന ഒരു സാധനം ആണ് ബിരിയാണി". ഇതൊക്കെ എവിടുന്നു പഠിക്കുന്നോ!

.

Tuesday, May 31, 2016

Makuttan Chronicles : Making the Dino

ഒരു ദിവസം വൈകിട്ട് എന്നെ പിടിച്ചു വലിച്ചു മാക്കുട്ടൻ പറമ്പിലേക്ക് ഇറങ്ങി. കുറച്ചു ഇലകളും കമ്പുകളും സൂക്ഷ്മമായി പരിശോധിച്ച ശേഷം എടുത്തു എന്റെ കയ്യിൽ തന്നു. അകത്തേക്ക് നടക്കുന്നതിനിടയിൽ എന്നോട് പറഞ്ഞു, "പപ്പാ, ഞാൻ ഒരു സാധനം ഉണ്ടാക്കാൻ പോവാണ്". ഇതിനിടയിൽ അടുക്കളയിൽ പോയി ഒരു ചെറിയ പാത്രത്തിൽ വെള്ളവും നിറച്ചു വന്നു. "പപ്പാ ഇലകളും, പേപ്പറും, വെള്ളവും പിന്നെ റബ്ബർബാൻഡും കൂടി ചേർത്ത് കലക്കി ഒരു പണിയുണ്ട്". പാത്രത്തിൽ ഇതെല്ലാം ഇട്ട് സമാസമം വെള്ളവും റബ്ബർബാൻഡും ചേർത്ത് അദ്ദേഹം പണി തുടങ്ങി. ഇടയ്ക്കിടെ "ഇതിങ്ങനെ കലക്കി കലക്കി കലക്കി..." എന്ന് പറയുന്നുമുണ്ട്. ഞാൻ വാ പൊളിച്ചു നോക്കിയിരിക്കുന്നു. "പപ്പാ ഇത് കൊണ്ട് ഞാൻ ഒരു ദിനോസറിനെ ഉണ്ടാക്കുവാണ്. ഇങ്ങനെ കലക്കി, കലക്കി കലക്കി....പപ്പാ, ഒന്നും ആവുന്നിലല്ലോ" പിന്നെയും പ്രതീക്ഷ വിടാതെ പരമു കലക്കൽ തുടർന്നു. "ഇങ്ങനെ കലക്കി കലക്കി കലക്കി.....(ഒന്ന് നിർത്തി ആലോചിച്ചിട്ട്)..പപ്പാ, തെറ്റി പോയി, റബ്ബർബാൻഡ്  അല്ല പശ ആയിരുന്നു!". 

.

Tuesday, March 15, 2016

Makuttan Chronicles : Big Bully.

- പപ്പാ, ഞാനിനി മുതൽ സ്കൂളിൽ കണ്ണട വെക്കുന്നില്ല.
- എന്താടാ
- ഇന്നലെ ഒരു കുട്ടി എന്റെ കണ്ണട പിടിച്ചു വലിച്ചു.
- ഏതു കുട്ടി?
- ഒരു ബിഗ്‌ ആൺ കുട്ടി. ഇത്രയും ബിഗ്‌ (കൈ തലയ്ക്കു മേലെ പിടിച്ചു കാണിക്കുന്നു).
- ആണോ. പപ്പ ഒരു കാര്യം ചെയ്യാം. നാളെ സ്കൂളിൽ വന്നു ചോദിക്കാം ആ കുട്ടിയോട്.

അൽപനേരം കഴിഞ്ഞ്.

- പപ്പാ?
- എന്താടാ
- അത് ആൺകുട്ടി അല്ല, പെൺകുട്ടിയാണ്.
- എടാ, പെൺകുട്ടിയെ ആണോ നീ പേടിക്കുന്നെ. ബിഗ്‌ ആയതുകൊണ്ടാണോ
- പപ്പാ, അത്ര ബിഗ്‌ ഒന്നുമല്ല.
- പിന്നെ?
- അത് ഒരു ചെറിയ കുട്ടിയാണ്.
- എത്ര ചെറിയ?
- അന്ന് പപ്പ വന്നപ്പോ സിന്തിയ ടീച്ചർ ഒരു കുട്ടിയെ എടുത്തു നിന്നില്ലേ.
- ഉവ്വ്????
- ആ കുട്ടി....
- എടൊ! ആ കൈകുഞ്ഞാണോഡോ നിന്റെ പേടിസ്വപ്നം??
- ഹി ഹി. (പരമു ചിരിച്ചു കൊണ്ട് ഓടുന്നു)

.

Monday, February 29, 2016

Makuttan Chronicles: Action Hero KuttanPilla.

ഒരു ശനിയാഴ്ച വൈകുന്നേരം ഞാനും മാക്കുട്ടനും കൂടി ആക്ഷൻ ഫിഗേർസ് വെച്ചു പോലീസും കള്ളനും കളിക്കുന്നു. മാക്കുട്ടൻ- കള്ളൻ ബൈജു; ഞാൻ- പോലീസുകാരൻ കുട്ടൻപിള്ള. ഒടുവിൽ (ഒരു വിധത്തിൽ) കുട്ടൻപിള്ള ബൈജുവിനെ ജയിലിൽ ആക്കി. ഞാൻ ഒരു ഗുണപാഠം കൂടെ ഇടയ്ക്കു കേറ്റി വിട്ടു. അപ്പൊ ദാ വരുന്നു, ബൈജുവിന്റെ വക ഡയലോഗ് - "പോലിസ് ഇപ്പൊ പിടിച്ചോ, ഞാൻ പുറത്തിറങ്ങും. അപ്പൊ മൂക്കിടിച്ചു ഞാൻ ചമ്മന്തിയാക്കും!"

.

Saturday, January 16, 2016

Makuttan Chronicles: Corny!

തീന്മേശയിൽ ചൂട് വിഭവങ്ങൾ വന്നു നിരന്നു.പരമു പതിവ് പോലെ ഓരോന്നായി എടുത്തു എന്നോട് ചോദിച്ചു തുടങ്ങി,
- ഇതെന്താണ്?
- ഇത് പൊട്ടട്ടോ.
- ഇതെന്താണ്?
- ഇത് കാരറ്റ്.
- ഇതെന്താണ്?
- ഇത് ബേബി കോൺ.
- ബേബി ഒന്നും വേണ്ട. പപ്പയുടെ മോൻ ഒന്നുമല്ലല്ലോ, കോൺ എന്ന് പറഞ്ഞാ മതി!



.

Tuesday, January 12, 2016

Makuttan Chronicles: All Hands!

അങ്ങനെ പൊട്ടിചിരിക്കാറുള്ള ഒരാളല്ല ഞാൻ. അതുകൊണ്ട് പരിസരം മറന്നു വരുന്ന ചിരി അടക്കാൻ പാടുപെട്ടിട്ടില്ല.അങ്ങനെ ഒരു സാഹചര്യം കുറച്ചു നാൾ മുൻപേ ഉണ്ടായി. കാരണം നമ്മുടെ പരമുകുട്ടൻ തന്നെ. ഒരു ശനിയാഴ്ച ഓഫീസിൽ അത്യാവശ്യമായി ഒരു മീറ്റിങ്ങിനു വരേണ്ടി വന്നു. സിംഗപ്പൂരിൽ നിന്ന് വി.പി ഒക്കെ ഉണ്ട്. പരമുകുട്ടന്റെ ഭാഷയിൽ "സാറ്റർടെ സൺടെ മാകുട്ടനും പപ്പയും അച്ചുപോളിച്ചുന്ന ദീസമാണ്". ഒടുവിൽ ഒരു ധാരണയിൽ എത്തി. അവൻ എന്റെ കൂടെ മീറ്റിങ്ങിനു വന്നിരിക്കും, അതുകഴിഞ്ഞ് ടോയ്സ് വാങ്ങി കൊടുത്താൽ മതി. അങ്ങനെ ഞങ്ങൾ സ്ഥലത്തെത്തി. മീറ്റിംഗ് തുടങ്ങി. വി.പി ഭാവി പരിപാടികളെ കുറിച്ചും പുരോഗതിയെ കുറിച്ചും വാചാലനാകുകയാണ്. പരമു ഇടയ്ക്കു എന്റെ ചെവിയിൽ ചോദിച്ചു "പപ്പാ, നമ്മൾ എപോഴാ ടോയ്സ് മേടിക്കാൻ പോവുന്നെ?". "ഇയാൾ പറഞ്ഞു കഴിഞ്ഞാൽ ഉടനെ നമ്മൾ പോവും", ഞാൻ ഉറപ്പു നല്കി. ഒരു മണിക്കൂറു കൂടി കഴിഞ്ഞു. വി.പി പുതിയ മാനേജ്മെന്റിനെ പറ്റി സംസാരിച്ചു തുടങ്ങിയിരിക്കുന്നു. പെട്ടെന്ന് അത് സംഭവിച്ചു. എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് ആ മുറി കിടുങ്ങുന്ന ശബ്ദത്തിൽ പരമുകുട്ടൻ ചോദിച്ചു, "ഇയാൾ എന്താ നിർത്താത്തെ!!!"???

.

Monday, January 11, 2016

Makuttan Chronicles: Love for Animals.

പരമു: പപ്പാ പപ്പാ, പപ്പാ എന്താ അപ്പൂപ്പനെ പോലെ മീശ വെക്കാത്തെ?
ഞാൻ : പപ്പ അങ്ങനെ മീശ വെച്ചിട്ട് വന്നാൽ മാകുട്ടൻ ഞെട്ടിപോവില്ലേ?
പരമു : മാകുട്ടൻ ഞെട്ടില്ല, നോ നോ. അനിമൽസിനെ ഇഷ്ടമാണ്.

.

Makuttan Chronicles: The Composition Error.

ടർർർർർർർ...ടർർർർർർർ
ഞാൻ : ഹലോ
പരമു : അലോ, ഒരു കാറ്യം പറയാനുണ്ടായിന്ന്നു
ഞാൻ : പറ പരമുകുട്ടാ
പരമു : മാക്കുട്ടന് lion king ലെ സിംബയും മങ്കിയും വേണം.
ഞാൻ : പപ്പ കടയിലാണ്. ഇവിടെ സിംബ മാത്രമേ ഉള്ളു.
പരമു : നോ നോ! അവിടെ മങ്കി ഉണ്ട്.
ഞാൻ : വിശ്വാസമില്ലെങ്കിൽ ഫോട്ടോ എടുത്ത് മുത്തശന്റെ ഫോണിൽ അയക്കാം.
പരമു : ആ അയക്കു
(ഞാൻ ഫോണ്‍ എടുത്തു. മങ്കി കടയിൽ ഉണ്ട്. എന്നാലും എല്ലാരും പറയുന്ന പോലെ ചോദിക്കുന്നതൊക്കെ വാങ്ങി കൊടുത്തു വഷളാക്കി എന്ന് വേണ്ട! മങ്കി ഫ്രേമിൽ വരാത്ത പോലെ സിംബയുടെ മാത്രം ഒരു ഫോട്ടോ എടുത്തു അയച്ചു.)
ടർർർർർർർ...ടർർർർർർർ
ഞാൻ : ഹലോ
പരമു : അലോ, ഒരു കാറ്യം പറയാനുണ്ടായിന്ന്നു
ഞാൻ : എന്താടാ
പരമു: അവിടെ മങ്കി ഉണ്ട്. മാക്കുട്ടൻ ഫോട്ടോയിൽ വാല് കണ്ടു!
(ദൈവമേ, ഫ്രേമിൽ വാല് പെട്ടോ? ഇനി വാങ്ങാതെ വേറെ രക്ഷയില്ല)
ഞാൻ : എടാ, നീ ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു. ഹം, ശരി ശരി. മങ്കി വാങ്ങാം.
പരമു: പപ്പാ പപ്പാ, ഒരു കാറ്യം പറയാനുണ്ടായിന്ന്നു
ഞാൻ : എന്താടാ
പരമു : വാല് കണ്ടു ന്നു മാക്കുട്ടൻ ചുമ്മാ പറഞ്ഞതാണ്!
ഞാൻ : എടാ ഭയങ്കരാ!!!

.

Makuttan Chronicles: Moral of the Day.

കുറച്ചു നാളുകൾക്കു മുൻപ് ; രാത്രിയുടെ അന്ത്യയാമങ്ങളിൽ ഏതോ ഒന്നിൽ;
പരമു : പപ്പാ പപ്പാ , ഒരു കഥ.
ഞാൻ : ഒരു കാട്ടിൽ ഒരു സിംഹം ഉണ്ടായിരുന്നു, രാവിലെ മുതൽ പണിയെടുത്ത് - ഛെ, വേട്ടയാടി ക്ഷീണിച്ച സിംഹം അന്ന് സമയത്തിന് കിടന്നുറങ്ങി. അങ്ങനെ ഒരു കഥ!
പരമു : (മൌനം) ഈ കഥയുടെ "ഗുണ്‍പാടം" എന്താണ്?
ഞാൻ : ഹെന്ത്?
പരമു :ഈ കഥയുടെ "ഗുണ്‍പാടം".... എന്താണ്?
ഞാൻ : എന്തേലും ഗുണപാഠം ഉണ്ടെങ്കിൽ ഞാൻ അങ്ങോട്ട്‌ പറയും, നീ ചോദിക്കണ്ട!
പരമു : പപ്പ ഒരു വിഡ്ഢിയാണ്.

.

Friday, April 17, 2015

Makuttan Chronicles: Contemperory folk tale.

ഞാൻ: ഒരു വീട്ടിൽ ഒരു കോഴി ഉണ്ടായിരുന്നു. എന്നും രാവിലെ വീട്ടുകാരെ വിളിച്ചുണർത്തുന്നത് ആ കോഴിയായിരുന്നു. ഒരു ദിവസം ഒരു കുറുക്കൻ ആ വഴി വന്നു. കോഴിയെ കണ്ടു കൊതി മൂത്ത കുറുക്കൻ അന്ന് രാത്രി കോഴിയെ കൊന്നു തിന്നാൻ തീരുമാനിച്ചു. വീടിന്റെ പരിസരത്ത് വെച്ച് കോഴിയെ പിടിച്ചാൽ അതൊച്ച വെച്ച് വീട്ടുകാരെ ഉണർത്തും എന്ന് മനസിലായ കുറുക്കൻ, ബുദ്ധിപൂർവം കോഴിയെ അവിടെ നിന്ന് മാറ്റാൻ തീരുമാനിച്ചു. രാത്രി വൈകി കോഴികൂടിനടുതെതിയ കുറുക്കൻ കോഴിയുമായി ചങ്ങാത്തതിലായി. കൂടുതൽ ചങ്ങാതിമാരെ പരിചയപെടുത്തി തരാമെന്നു കള്ളം പറഞ്ഞ് കോഴിയെ കുറുക്കൻ കാട്ടിലേക്ക് കൊണ്ടുപോയി. അല്പം ദൂരത്തായപ്പോ കോഴിയെ തിന്നാൻ കൊണ്ടുപോവുകയാണെന്ന് കുറുക്കൻ തുറന്നു പറഞ്ഞ് ഒരുകൊലച്ചിരിയും ചിരിച്ചു. ബുദ്ധിമാനായ കോഴിക്ക് ഒരു സൂത്രം മനസ്സിൽ തോന്നി. കോഴി പറഞ്ഞു "അയ്യോ ചേട്ടാ, നേരത്തെ പറയണ്ടേ? ഞാൻ എന്റെ കരൾ വീട്ടിൽ വെച്ചിരിക്കുവാ. അതിനല്ലേ രുചി മുഴുവൻ! ഒരു കാര്യം ചെയാം നമുക്ക് തിരിച്ചു പോയി കരൾ എടുത്തു വരാം." മണ്ടൻ കുറുക്കൻ അത് വിശ്വസിച്ച് കോഴിയുടെ കൂടെ വീട്ടിലേക്കു പോയി. വീടെത്തിയതും കോഴി ഉച്ചത്തിൽ കൂവി. വീട്ടുകാർ ഉണർന്ന് കല്ലും വടിയും എറിഞ്ഞ് കുറുക്കനെ തല്ലി കൊന്നു.

പരമു: ന്ഹീീീീീ....

ഞാൻ : എന്താടാ?

പരമു: കുറുക്കനെ കൊല്ലേണ്ട..

ഞാൻ: ശരി, നാട്ടുകാർ ഉണർന്നു, പക്ഷെ അത് കണ്ടു കുറുക്കൻ ഓടി രക്ഷപെട്ടു.

പരമു: ന്ഹീീീീീ....

ഞാൻ : എന്താടാ?

പരമു: കുറുക്കൻ കഴിച്ചില്ല.

ഞാൻ: ഹം, അങ്ങനെ ഒടുവിൽ വീട്ടിലെത്തിയ കുറുക്കൻ കോഴിയെ കഴുത്ത് തിരിച്ചു കൊന്നതിനു ശേഷം കറി വെച്ചു തിന്നു.

പരമു: :)


.