Showing posts with label Malayalam. Show all posts
Showing posts with label Malayalam. Show all posts

Monday, November 14, 2016

1000s, 500s and...........

ആയിരം, അഞ്ഞൂറ് എന്നൊന്നും ഈ അടുത്ത് പറയരുതെന്ന് കരുതിയതാണ്. എങ്കിലും ഇതൊന്നു എഴുതണമെന്നു തോന്നി. പേടിക്കാനൊന്നുമില്ല, സാങ്കേതിക തടസ്സങ്ങൾ കാരണം വലയുന്ന പൊതുജനരോഷമോ , കള്ളപ്പണത്തെ അടിച്ചൊതുക്കുന്നതിന്റെ പേരിൽ ഉയർന്ന രോമങ്ങളുടെയോ കാര്യമല്ല ; ഇതൊന്നും കാര്യമാക്കാതെ തന്റെ ഒരു ദിവസത്തെ ജോലി ഓടിനടന്നു ചെയ്തു തീർക്കുന്ന ഒരു പാവം കന്നഡക്കാരി സ്ത്രീയെ പറ്റിയാണ്. പേര് കോകില, വയസ്സ് അറുപത്തഞ്ചു, തൊഴിൽ - ഒരു തെരുവിലെ മുഴുവൻ വീടുകളും വൃത്തിയാക്കുക. എന്റെ വീട്ടിലും രണ്ടു വർഷത്തോളമായി സ്ഥിരമായി വരുന്നു. ഒരുപാട് സംസാരിക്കുന്ന, ഒരുപാട് ചിരിക്കുന്ന, കുറെയധികം സ്വാതന്ത്യമെടുക്കുന്ന, ഞാൻ തമിഴ്നാട്ടുകാരനാണെന്നു ഉറച്ചു വിശ്വസിക്കുന്ന ഒരു പാവം. പരമുവിനെയും വല്യ കാര്യമാണ്; അവനു പേടിയാണെങ്കിലും. കഴിഞ്ഞ വർഷം വയറ്റിൽ ഒരു ഓപ്പറേഷൻ നടത്താൻ വേണ്ടി ഞാനും കെട്ടിടത്തിന്റെ ഉടമയും കൂടി കുറച്ചു കാശ് കൊടുത്തു നിർബന്ധിച്ചു നാട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു. അതിൽ പിന്നെ വൃത്തിയാക്കൽ ഒരു വഴിപാടു തീർക്കുന്നതു പോലെയാണ്. ശരീരം സമ്മതിക്കാത്തത് തന്നെ കാരണം. എങ്കിലും ഈ ജോലി ഒന്നും നിർത്താൻ അവർക്കാകുമായിരുന്നില്ല. നിൽക്കാൻ നേരമില്ലാതെ പണിയെടുക്കുമ്പോഴും എന്നോട് സംസാരിച്ചുകൊണ്ടേ ഇരിക്കുന്നുണ്ടാവും. അതിനെ പറ്റി പറഞ്ഞു തുടങ്ങിയാൽ തീർക്കാൻ ഒരു പുസ്തകം തന്നെ വേണ്ടി വരും. ഇന്നും വന്നിരുന്നു. കാശ് കിട്ടാനുള്ള പ്രയാസത്തെ പറ്റിയൊക്കെ വളരെ കാര്യമായി സംസാരിച്ചു. അക്കൗണ്ടിൽ പൈസ ഉണ്ടെങ്കിലും എടുക്കാൻ പറ്റാത്തതിന്റെ ബുദ്ധിമുട്ട് ഞാനും പറഞ്ഞു. പിന്നെ ഫോണിൽ കൂടെയൊക്കെ അത്യാവശ്യം ഭക്ഷണവും സാധങ്ങങ്ങളും ഒക്കെ വാങ്ങാമെന്ന് ഞാൻ പറഞ്ഞു. പതിവ് പോലെ മനസിലാവാത്ത കാര്യം തിരസ്കരിച് അവർ എന്നോട് പറഞ്ഞു " മോന് കാശു വല്ലതും വേണമെങ്കിൽ പറയണം കേട്ടോ, അമ്മ തരാം".

.

Wednesday, August 24, 2016

Friendship Day Forever.

ലോകസൗഹൃദദിനത്തിൽ സുഹൃത്തുക്കൾ ഇല്ലാത്തതിനെ പറ്റി രാവിലെ എണീറ്റ് വാചകമടിച്ചെങ്കിലും, ചിലരെ ഓർമിക്കാൻ കിട്ടിയ ഒരു അവസരമായിരുന്നു അത്. വെറുതെ ഒരു കണക്കെടുപ്പ്.
ഹരീഷ്: ആദ്യത്തെ സുഹൃത്ത് ഇവനാവും. സ്‌കൂളിൽ രാവിലെ മുതൽ വൈകിട്ട് ബെൽ അടിക്കുന്നത് വരെ തൊട്ടടുത്ത് ഇവനുണ്ടാവും.
ശ്രീജേഷ്: എൽ കെ ജിയിലെ ഉറ്റസുഹൃത്ത്. പിന്നീട് പിരിഞ് വർഷങ്ങൾക്കു ശേഷം വീണ്ടും തമ്മിലറിയാതെ പ്രീഡിഗ്രിക്ക് കണ്ടുമുട്ടി അടികൂടി, പിന്നെ ആത്മാർത്ഥ സുഹൃത്തായവൻ.
ജയദാസ്: അവന്റെ മുറിമലയാളം, ഒരുപാട് സ്നേഹം, ആദ്യത്തെ come-over കൂട്ടുകാരൻ. അവന്റെ വീടിന്റെ മുകളിൽ കേറി നിന്ന് അപ്പുറത്തെ തീയേറ്ററിയിലെ സിനിമയുടെ സൗണ്ട്ട്രാക്ക് കേൾക്കുന്നത് ഇപ്പോഴും നല്ല ഓര്മ.
ലക്ഷ്മി: അമ്മയുടെ കൂട്ടുകാരിയുടെ മകൾ. പിന്നീട് എന്റെ കളിക്കൂട്ടുകാരി. കളിയാക്കിയും പിണക്കിയും ഇണക്കിയും രസിച്ചിരുന്ന നാളുകൾ.
സുമേഷ്/സുധേഷ്‌: കൂട്ടുകാരായി കണ്ടിട്ടില്ല. സഹോദരങ്ങളെ പോലെ എന്തിനും കൂടെ നിന്നിരുന്ന ഇരട്ടകൂട്ടുകാർ. എത്ര അകന്നു നിന്നാലും ഒട്ടും മങ്ങാതെ അടുപ്പം ഉള്ളിൽ തോന്നുന്നവർ.
ബബിത: നാലക്കനമ്പറുകളുടെ കാലത്തു മണിക്കൂറുകൾ ടെലിഫോണിൽ സംസാരിച്ചിരുന്നവൾ- ഭൂമിക്കു കീഴിലുള്ള എന്തിനെപറ്റിയും.
നന്ദൻ: പ്രീഡിഗ്രി സമയത്തെ എന്റെ തോഴൻ. നിഴലുപോലെ കൂടെ നടക്കുന്ന, സ്നേഹിക്കുന്നവർക്ക് ചങ്കു നൽകുന്ന നന്ദൻ.
വീണ: ഈ കണ്ണാടിക്കാരിയോട് മുടിഞ്ഞ പ്രേമമായിരുന്നു. പറഞ്ഞിരുന്നില്ല. പതിനഞ്ചുവര്ഷങ്ങള്ക്കു ശേഷം കണ്ടു, മുടിഞ്ഞ സുഹൃത്തുക്കൾ ആയി. ഇനി ഒരു പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞു വരാമെന്നു പറഞ്ഞു വീണ്ടും പിരിഞ്ഞു.
സജു: എന്നെക്കാൾ സുന്ദരനാണെന്നുള്ള ഭയം തോന്നിയിട്ടും കൂടെ കൊണ്ടുനടന്നവൻ. ഒടുവിൽ അറിയാത്ത ഏതോ കാരണത്തിന്റെ പേരിൽ പകുതിക്കു വെച്ച് ജീവിതം നിർത്തി പോയവൻ.
അനുപ്രകാശ്: സുന്ദരവിഡ്ഢി. കൂടെയില്ലായിരുന്നെങ്കിൽ അതി വിരസമായിരുന്നേനെ, പതിനേഴു മുതൽ ഇരുപതു വരെയുള്ള ജീവിതം.
അശോക് തമ്പാൻ: സിനിമമോഹങ്ങൾ ആദ്യമായി പങ്കുവെച്ച സുഹൃത്ത്. തികച്ചും ഇരുത്തം വന്ന സൗഹൃദം.
സഞ്ജു: യഥാർത്ഥ "ഗീക്" സുഹൃത്തുക്കൾ. ഇന്റർനെറ്റ് പോലുമില്ലാതിരുന്ന കാലത്തു കംപ്യൂട്ടറിന്റെ ജാതകം മുതൽ ഗെയിംസിന്റെ അന്ധകടാഹം വരെ പൊളിച്ചെഴുതിയവർ.
ജോസ്‌മോൻ: ട്രെയിനിന് തലവെക്കേടാ എന്ന് പറഞ്ഞാൽ വെച്ചിട്ടു, തല മാത്രം വന്നു "എന്തെ" എന്ന് ചോദിക്കും, അത്ര നല്ലൊരു സുഹൃത്ത്.
അഭിലാഷ്: എന്നെ തെറി വിളിക്കാൻ വരെ അധികാരമുള്ളവൻ. ഇവൻ എന്നാണെന്റെ സുഹൃത്തായതെന്ന് ഇപ്പോഴും അറിയില്ല.
ആഷി: പോത്തേ എന്നുള്ള വിളി ക്രൂരമായതു കൊണ്ട് ബഫി എന്ന ഓമനപേരിൽ എന്നെ വിളിച്ചിരുന്നവൾ.
ശ്രീവിശാഖ്: ആസ്ട്രേലിയയിൽ തെണ്ടിതിരിഞ്ഞു എല്ലാം മതിയാക്കി തിരിച്ചു വന്നാലോ എന്നോർത്ത് നിക്കുമ്പോ കണ്ട ചിരി. ടെൻഷൻ അടിക്കാൻ സമയമായിട്ടില്ല എന്നിടക്കിടെ ഓര്മിപ്പിക്കുന്നവൻ.
അസ്ഗർ ഭായ്: ഈ ബംഗ്ളാദേശുകാരൻ ഞങ്ങൾ രണ്ടു ഓസ്‌ട്രേലിയൻ മലയാളികളുടെ സ്വകാര്യഅഹങ്കാരമായിരുന്നു.
ബിസ്‌മോൾ: എന്റെ മനസാക്ഷി സൂക്ഷിക്കാൻ എന്റെകയ്യിൽ സ്ഥലമില്ലാത്തതുകൊണ്ട് വിശ്വസിച്ചേൽപ്പിച്ചിരിക്കുന്നവൾ.
ഇവിടെനിന്നങ്ങോട്ടു പിന്നെ ഔദ്യാഗികമായി തുടങ്ങിയ സൗഹൃദങ്ങളാണ്. അവിടെയും ഉണ്ട് ഒരുപാട് പ്രിയപ്പെട്ടവർ. എല്ലാവര്ക്കും നല്ലതു വരട്ടെ.

.

Pay it Forward.

ഇന്നലെ സുഹൃത്തക്കളെ പറ്റി പറഞ്ഞപ്പോൾ മനഃപൂർവം ഒരു പേര് വിട്ടിരുന്നു. ഒരു വരിയിൽ ആ കഥ പറയാനുള്ള കഴിവ് ഇനിയും എനിക്കായിട്ടില്ല എന്നത് തന്നെ കാരണം. പത്താം ക്ലാസ്സിലാണ്. മോഡൽ എക്സാം നടക്കുന്ന സമയം. പരീക്ഷ എഴുത്ത് തകൃതിയായി നടക്കുന്നു. പെട്ടെന്ന് കണ്ണിൽ ഒരു ഇരുട്ട്, വയറ്റിൽ ഒരു സ്‌ഫോടനം, ആന്തരാവയവങ്ങൾ തികട്ടി പുറത്തേക്കു വരുന്നതുപോലെ. ഒരേ അക്ഷരത്തിൽ പേര് തുടങ്ങുന്നത് കൊണ്ട് എന്റെ ഒപ്പമിരുന്നു പരീക്ഷ എഴുതാൻ വിധിക്കപെട്ടവൻ തിരിഞ്ഞു നോക്കി.എന്റെ വിഷമം കണ്ടിട്ട് എന്താണ് കാര്യമെന്നു തിരക്കി. "ഫുഡ് പോയ്സൺ ആണെന്ന് തോന്നുന്നു". മറുപടി കൊടുത്തു ഞാൻ തല കുനിച്ചു ഇരുന്നു. അവൻ എണീറ്റ്‌ ടീച്ചറോട് എന്തോ പറഞ്ഞു. ടീച്ചർ എന്നോട് ബാത്‌റൂമിൽ പോയി വരാൻ പറഞ്ഞു. എണീറ്റ് നിക്കാൻ തന്നെ ബുദ്ധിമുട്ട്. ഞാൻ അവനെ നോക്കി. അവൻ എന്റെ കൂടെ വരുകയാണെന്നു പറഞ്ഞു. എന്നെ പിടിച്ചു നടത്തി ബാത്‌റൂമിൽ കൊണ്ടുപോയി. ഞാൻ അകത്തു കയറി പൈപ്പ് തുറന്നു നോക്കി. നല്ല കാറ്റ്. "വെള്ളമില്ല", ഞാൻ പുറത്തിറങ്ങി കാവൽ നിക്കുന്ന സഹ-ബെഞ്ചനോട് പറഞ്ഞു. ഞാൻ ഇപ്പൊ വരാമെന്നു പറഞ് ബക്കറ്റുമെടുത്തു അവൻ അടുത്ത പുഴക്കരയിലേക്കു പോയി. രണ്ടു ബക്കറ്റ് വെള്ളം കോരി മതിലിനു പുറത്തുകൂടി എടുത്തു വെച്ച് തന്നു. ഏകദേശം അരമണിക്കൂറു കഴിഞ് ഞങ്ങൾ രണ്ടാളും പോയി പരീക്ഷ എഴുതി. പിന്നീട് സ്റ്റഡി ലീവ്, പരീക്ഷ, അവധി, പുതിയ കോളേജ്, പുതിയ ബാച്ച്. പ്രസ്തുതവ്യക്തിയെ പിന്നീട് അധികം കണ്ടിട്ടില്ല. പക്ഷെ ഈ സംഭവം ഇന്നലെ നടന്നതുപോലെ എന്റെ ഉള്ളിൽ ഉണ്ട്. ഇപ്പൊ ആരെങ്കിലും എന്നോട് ഒരു സഹായം ആവശ്യപ്പെടുമ്പോൾ ആദ്യം മനസ്സിൽ വരുന്ന മുഖം അവന്റെയാണ്. അവനെ വെറും ഒരു സുഹൃത്തായി കാണാൻ എനിക്ക് പറ്റില്ല. He is much more than that. He is the first one who taught me the contentment of paying forward. And his name is Madhu Varghese

.

The Absurdists.

ശുദ്ധഹാസ്യം എന്നത് എന്റെ മേഖലയല്ല. അതെനിക്ക് വഴങ്ങുകയുമില്ല. അതുകൊണ്ടു പറയാനൊ എഴുതാനോ ശ്രമിക്കാറില്ല. ആക്ഷേപഹാസ്യം എന്നത് പൊതുവെ എല്ലാവരും അംഗീകരിക്കും എന്നുള്ളത് കൊണ്ട് അതുപയോഗിക്കുന്നു എന്ന് മാത്രം. യഥാർത്ഥത്തിൽ എന്റെ ഹാസ്യം സർറിയൽ ഹ്യൂമർ അഥവാ അബ്‌സേർഡിസ്റ് ഹ്യൂമർ ആണ്. അത് കുട്ടികാലം മുതൽ അങ്ങനെയായിരുന്നു. യുക്തിബോധത്തെ വെല്ലുവിളിക്കുക, യുക്തിയില്ലാത്ത സീറ്റുവേഷനുകൾ സൃഷ്ടിക്കുക, യാതൊരു പൊരുത്തവുമില്ലാത്ത juxtapositions ഉണ്ടാക്കിയെടുക്കുക എന്നിവയൊക്കെയാണ് ഇതിന്റെ പ്രത്യേകതകൾ. ഞാനും സഹോദരനും ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത് ഇത്തരം ഹാസ്യമാണ്. ഒരു കുഴപ്പമെന്താണെന്നു വെച്ചാൽ ഇത് എല്ലാവര്ക്കും ആസ്വദിക്കാൻ സാധിക്കണം എന്നില്ല. ഒറ്റയ്ക്ക് അബ്‌സേർഡിസ്റ് ഹ്യൂമർ ഉണ്ടാക്കിയെടുക്കാൻ കഴിയില്ല. അതിനു നല്ല ഒരു പാർട്ണർ വേണം. ഞങ്ങൾക്ക് അത് കഴിഞ്ഞിരുന്നു. അന്ന് അതാസ്വദിക്കാനും ഞങ്ങൾക്കേ കഴിഞ്ഞിരുന്നുള്ളൂ എന്നതാണ് കഷ്ടം. പലരും, ഇവരിപ്പോ എന്തിനാ ചിരിക്കുന്നത് എന്ന രീതിയിൽ ഞങ്ങളെ നോക്കിനിക്കും! ഇത് ഞങ്ങൾ കണ്ടുപിടിച്ച ഹ്യൂമർ ഒന്നുമല്ല. Mel Brooks ഒക്കെ ഇതിന്റെ ആശാനാണ്. ഇത്തരം തമാശകൾ നമ്മുടെ സിനിമകളിൽ ഉണ്ടാവാത്തതും, ഇനി അഥവാ ഉണ്ടായാൽ തന്നെ "നിലവാരമിലാത്ത ചളി"യാവുന്നതും ഈ ആര്ട്ട്-culture ഡിഫറെൻസ് കൊണ്ടാണ്. ഞാൻ ഇപ്പൊ ഇതൊക്കെ പറഞ്ഞത് - മുതിർന്നതിനു ശേഷം, ഇത്തരം ഹ്യൂമർ പരീക്ഷിക്കാൻ ആളില്ലാത്തതു കാരണം സർകാസവും, സറ്റയറും ഒക്കെ എഴുതിയും പറഞ്ഞും പോയ്കൊണ്ടിരിക്കുന്ന വേളയിൽ പെട്ടെന്നൊരു തിരിച്ചറിവ്! ഒരു ഉഗ്രൻ പാർട്ണർ എന്റെ കയ്യിൽ കിടന്നു തന്നെ വളർന്നു വരുന്നുണ്ടായിരുന്നു! പരമു! ഞങ്ങളുടെ പല സംഭാഷണങ്ങളും കഥകളും absurdist humorന്റെ അങ്ങേയറ്റമാണ്. പരമുവിന്റെ കഥകൾ വായിക്കുന്നവർക്ക് കുറച്ചൊക്കെ മനസിലാവുന്നുണ്ടാവണം. 
ഒരു ഉദാഹരണം:
ടോയ്‌സ് വെച്ചുള്ള കളിക്കിടയിൽ : ഒരു സാധാരണ കഥ കളിച്ചു തീരാറായിട്ടുണ്ടാവും (ബാലരമ നിലവാരത്തിലുള്ള, ഒരു സാധാരണ മോറൽ കഥ). കഥയുടെ കോൺഫ്ലിക്റ് സോൾവ് ചെയ്യുന്നതിന് തൊട്ടുമുൻപ് പരമുവിന്റെ വക ഒരു ഭ്രാന്തൻ കഥാപാത്രം വരും (പ്രത്യേകിച്ച് ഒരു കാര്യവുമില്ല, ആ കഥയിൽ അതുവരെ ഇല്ല) എന്നിട്ടു ആ സൊല്യൂഷൻ പരമാവധി വൈകിപ്പിക്കും. ഒടുവിൽ എങ്ങോട്ടോ പോവും, കഥ സാധാരണ പോലെ അവസാനിക്കും. ഇനി ഇതുമായി ഒരു ബന്ധവുമില്ലാത്ത വേറെ ഏതു കഥയിലും അവന്റെ ഇഷ്ടത്തിനനുസരിച്ചു ഈ ഭ്രാന്തൻ കഥാപാത്രം കേറി വരും. ആ വരവാണ് ഇതിലെ absurd humor. ഇത് പോലെ അവന്റെ മറ്റൊരു സൃഷ്ടിയാണ് , വളരെക്രിട്ടിക്കൽ ആയ സമയത്ത്, കള്ളന്മാരോട് വളരെ സ്നേഹത്തിൽ മാത്രം സംസാരിക്കുന്ന ഒരു പോലീസുകാരൻ !!

(ഇപ്പോ ഇത് വായിക്കുന്ന നല്ലൊരു ശതമാനം ആളുകളും "അയ്യേ ഇതിലെന്താ തമാശ" എന്ന് പറഞ്ഞു കാണും. അതാണ് ഞാൻ മുൻപ് പറഞ്ഞു വന്നത് ).

.

Independence.

കോടാനുകോടി വർഷങ്ങൾക്കു മുൻപ് ഒരു പ്രപഞ്ചവികസനം. വികസിക്കുന്നതിനൊപ്പം തണുത്തുറയുന്ന കോടാനുകോടി കണങ്ങൾ. പലകണങ്ങൾ കൂടിചേർന്ന് ദ്രവ്യങ്ങളുണ്ടായി. പല സൗരയൂഥങ്ങളുണ്ടായി. അതിലൊന്നിൽ ഒരു സൂര്യനും അതിനെ വലം വെക്കുന്ന ഗ്രഹങ്ങളും. ഭൂമിയിൽ വെള്ളമുണ്ടായി. വായു നിറഞ്ഞു. അവിടെ ആദ്യത്തെ ജീവൻ. വെളിച്ചത്തിനോട് ചെറുതായി പ്രതികരിച്ചിരുന്ന ഒരു അവയവം പിന്നീട് കണ്ണുകൾ ആയി. ജീവൻ പെരുകി. ഓരോ തവണ പെരുകുമ്പോളും മുൻപത്തേക്കാൾ ശക്തരായി, സമർത്ഥമായി വളർന്നു. വെള്ളത്തിൽ നിന്നു ചിലതു കരയിൽ വന്നു. അവിടെയും പെറ്റുപെരുകി - കാലാവസ്ഥക്കും, പരിസ്ഥിതിക്കും വേണ്ട രീതിയിൽ മാറികൊണ്ട്. ഇടക്കെപ്പോഴോ ഉള്ള ഘട്ടത്തിൽ മനുഷ്യൻ. സംക്രമണത്തിന്റെ അവസാനവാക്കൊന്നുമല്ല, മുൻപത്തേതിനേക്കാൾ അല്പം ഭേദം അത്ര തന്നെ. ഇനിയും പരിവർത്തനങ്ങൾ നടക്കും. മനുഷ്യൻ ചങ്ങലയിലെ ഒരു കണ്ണി മാത്രമാവും. ചിലപ്പോൾ ദിനോസറുകളെ പോലെ, ഇവിടം കൊണ്ടവസാനിച്ചു എന്നും വരാം. ദിനോസറുകൾ പോയത് പ്രകൃതിയുടെ സ്വാഭാവികമായ തിരഞ്ഞെടുപ്പിലൂടെ ആയിരുന്നെങ്കിൽ മനുഷ്യൻ പോവുന്നത് സ്വന്തം വിവരക്കേട് കൊണ്ടാവും. ഭൂമിയിൽ അതിരുകൾ ഉണ്ടാക്കി, തന്റെ അറിവ് തീരുന്നിടത്തു ദൈവം എന്നൊരു ഒഴിവുകഴിവ് സൃഷ്ട്ടിച്ചു, എന്നിട്ടതിന്റെ പേരിൽ തന്നെ തമ്മിൽ തല്ലി ചാവുന്നു. പരിവർത്തനത്തിന്റെ ഏറ്റവും നാറിയ ഈ അംശം ഒരു നിമിഷം ആകാശത്തേക്ക് നോക്കി എത്ര നിസ്സാരമാണ് ഇതെല്ലാം എന്ന് കരുതിയാൽ തീരാവുന്നതേ ഉള്ളു, ഈ മൗഢ്യം. സ്വാതന്ത്ര്യം വേണ്ടത് ഈ വിവരക്കേടുകളിൽ നിന്നാണ്. അക്രമങ്ങളിൽ നിന്നും കപടതയിൽ നിന്നുമാണ്. സ്വാതന്ത്ര്യദിനാശംസകൾ.

.

Saturday, July 30, 2016

An evening.

ഒരു വല്യശബ്ദം കേട്ടാണ് ലാപ്ടോപ്പിൽ നിന്ന് തലയുയർത്തിയത്. കതകു കാറ്റത്തു ശക്തിയായി വന്നടഞ്ഞതു പോലെ. സന്ധ്യ ആയിരിക്കുന്നു. മുൻവശത്തേക്ക് പോവാനായി എഴുന്നേറ്റതും കൈതട്ടി രാവിലെ പാതി കുടിച്ചു വെച്ച തണുത്ത കാപ്പി ലാപ്ടോപിന്റെ ദ്വാരങ്ങളിലൂടെ ഉള്ളിലേക്കിറങ്ങി. എന്തോ കരിയുന്നു. ഇലക്ട്രോണിക് ശവങ്ങളുടെ ഗന്ധം. ജീവനറ്റ യന്ത്രം തലകീഴെ വെച്ച് വാതിലിനടുത്തേക്ക് ചെന്നു. കാറ്റ് വന്നു ശക്തിയായി അടച്ച വാതിലിന്റെ ഒരു പാളി ഒടിഞ്ഞു നിലത്തു കിടക്കുന്നു. വിടവിലൂടെ തണുത്ത കാറ്റ്. മുഖത്തു മഴയുടെ വേദനിപ്പിക്കുന്ന സൂചിമുനകൾ. സമയം വൈകിയിരിക്കുന്നു. ഇന്നിനി ഇത് ശരിയാക്കാൻ സാധിക്കില്ല. ജീവനില്ലാത്ത മുപ്പതു വിലപിടിച്ച ഉപകരണങ്ങൾക്ക് കാവലായി ഞാൻ ഇന്ന് ഉറക്കമില്ലാത്തവനാവണം. ഈ സമയമത്രയും ഫോൺ ശബ്ദിച്ചുകൊണ്ടേയിരുന്നിരുന്നു. അഞ്ചാമത്തെയോ ആറാമത്തെയോ വിളിക്കു ഞാൻ ഒരു മറുപടിക്കു തയാറായി. കാപ്പിരി സുഹൃത്ത്, നാളെ നഷ്ടപ്പെടാൻ പോവുന്ന ജോലിയെ കുറിച്ച് പറഞ്ഞെന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. ഒരു മാസമായി അന്ന എന്ന ഇറ്റാലിയൻ ഇൻവെസ്ടിഗേറ്റർ എന്നെ നിരീക്ഷിച്ചിരുന്നുവത്രെ. എന്റെ മുകളിൽ ചാർത്തപെട്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയുമായി അവൾ നാളെ വിമാനത്തിൽ കയറും. ഫോൺ വെച്ച് ഞാൻ കുളിമുറിയിൽ കയറി മുഖം കഴുകി. തണുത്തുറഞ്ഞ വെള്ളം. അരണ്ട വെളിച്ചത്തിൽ കയ്യിലെ പുതിയ ഒരു പാട് കണ്ടു. പുറത്തിറങ്ങി ടങ്‌സ്റ്റൻ വെളിച്ചത്തിൽ കൃത്യമായി കണ്ടു. അപകടം മണക്കുന്ന ഒരു പാട്. പുറത്തേയ്ക്കിറങ്ങണമെന്നു തോന്നി. ഒടിഞ്ഞ കതകിലൂടെ നടന്നു. ചെറിയ കാടുകൾക്കപ്പുറം കാണുന്ന ഹൈവേയിൽ പൊടി പറത്തി ഒരു കോൺവോയ്. ഒരേ വലുപ്പത്തിലുള്ള കടും പച്ചനിറമുള്ള പത്തോളം ട്രക്കുകൾ. ഞെട്ടി ഉണർന്നു. ഒരു ചെറിയ ഉച്ചമയക്കത്തിൽ, ഇത്രയും ദുസ്വപ്നങ്ങൾ ഒരുമിച്ചു ഞാൻ കണ്ടിട്ടുണ്ടാവില്ല. 

.

Tuesday, July 19, 2016

Apocalypto.

വാക്സിനെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള വിവരക്കേട് കുറച്ചധികം കേട്ടു. എന്തെങ്കിലും ആകട്ടെ. അതിനേക്കാൾ ഭീകരമായ മറ്റൊരു വ്യാധി വരുന്നുണ്ട്. അധികം വൈകാതെ അതു നശിപ്പിച്ചോളും, എല്ലാം. ഒരു നാടൻ ഗ്രൂപ്പിൽ കണ്ടതാണ്. ഹൈദരാബാദിൽ പാർക്കിൽ ഒരുമിച്ചു കണ്ട ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരു വനിതാപോലീസ് മർദിക്കുന്ന ചിത്രം. ഫോട്ടോ കണ്ടു, ഇതു ഹൈദരാബാദിൽ ആണല്ലോ എന്നോർത്തു ചെറുതായി ഒന്നു സമാധാനിച്ചു വലുതായി ഒന്നു ശ്വാസം വിട്ടു താഴെ നോക്കിയപ്പോൾ വിട്ട ശ്വാസം പകുതിക്കു നിന്നു. പ്രബുദ്ധമലയാളികളുടെ അഭിപ്രായങ്ങൾ! ചിലർ ഈ മനോഹരമായ ആചാരം കേരളത്തിൽ വരാത്തതെന്ത് എന്നു പരിതപിക്കുന്നു, ചിലർ ഇതു കേരളത്തിലായിരുന്നെങ്കിൽ ആ ധീരവനിതക്കെതിരെ നടപടികൾ ഉണ്ടായേനെ എന്നു ഭയപ്പെടുന്നു, മറ്റുചിലർ ആ കുട്ടികളോട് കേരളത്തിലേക്ക് വരാൻ പറഞ്ഞു കളിയാക്കുന്നു-ഇവിടെ ആഷിക് അബുവും റിമയും ഉണ്ടത്രേ! ഇതു ചെറിയ സാംപിളുകൾ മാത്രം. ഇതിലും കൂടിയത് അതിലുണ്ട്. കേരളത്തിൽ, അതും സ്വന്തം നാട്ടിന്റെ തൊട്ടടുത്തു കിടക്കുന്ന പത്തനംതിട്ട എന്ന ചെറിയ ഒരു ജില്ലയിലെ ചെറിയ ഒരു കൂട്ടായ്മയിലാണ് ഇതത്രയും കണ്ടത്. അപ്പൊ മൊത്തം കേരളത്തിൽ ഈ ജാതി വിഷങ്ങൾ എത്രയുണ്ടാവും. ഒരു ആണും പെണ്ണും പാർക്കിലോ, കാറിലോ, ഹോട്ടലിലോ ഇരുന്നാൽ അതു അനാശാസ്യം- അതു ചെയ്യുന്നവർക്ക് ശിക്ഷ, മാനഹാനി. ഒരു ബലാത്സംഗം നടന്നാൽ അതു സാധാരണം- പ്രതിക്ക് സർക്കാർ വക വക്കാലത്. ഒരു കഴു......മോൻ  ഇന്നലെ ഒരു സ്കൂളിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് കഴിക്കാനുള്ള ഉച്ചഭക്ഷണത്തിൽ വിഷം കലർത്തി. അവൻ ഏതെങ്കിലും ഒരു അവിഞ്ഞ മതത്തിന്റെയോ, ഒരു കൂറ പാർട്ടിയുടെ പിൻബലം ഉള്ളവനാണ് എന്നറിഞ്ഞാൽ സ്വന്തം ഫേസ്ബുക്കിൽ ഒരു വരി കുറിക്കാൻ ഭയക്കുന്നവരാണ്, കാമുകികാമുകന്മാരാണ് കേരളത്തിലെ ഏറ്റവും വല്യ പ്രശ്നം എന്നു പറഞ്ഞു കരയുന്നത്. പറ്റിയാൽ അവരെ തൂക്കികൊല്ലാനുള്ള വകുപ്പുണ്ടോന്നു വരെ അന്വേഷിച്ചു നടക്കുന്നു. ഈ തലമുറയോടെ ഈ വിഷചിന്തകൾ അവസാനിക്കില്ല. കുടുംബസ്വത്ത്, പ്രമേഹം, പൈൽസ്, മതം, രാഷ്ട്രീയം എന്നിവയുടെ ഒപ്പം ഇതും അടുത്ത തലമുറയിലേക്കു പകരും. അവർ അപാര വിഡ്ഢികളും കടുത്ത "സദാചാര"വാദികളായി വളരും. എന്റെ മകന് ഈ നാട് വേണ്ട. ഈ സംസ്കാരം അറിയേണ്ട. അവൻ യുക്തിയുള്ള ഒരു മനുഷ്യനായി വളരട്ടെ. വല്ല പോലീസുകാരുടെയോ സദാചാരനാട്ടുകാരുടെയോ  തല്ലു കിട്ടി വളരാൻ അവരുടെ തന്നെ പിൻഗാമികൾ ഉണ്ടാവും. പിൽക്കാലത്തെപ്പോഴെങ്കിലും വിവരക്കേട് കാരണം നശിച്ചു പോയ സംസ്കാരം എന്ന തലക്കെട്ടിൽ ഒരു നല്ല തലമുറ ഇവരെ പറ്റി പഠിക്കട്ടെ! 

.

Wednesday, June 8, 2016

Convention.

ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത് ഒരു പിഞ്ചുകുഞ്ഞാണ്. കുറച്ചുകൂടി തെളിച്ചു പറഞ്ഞാൽ, കഴിഞ്ഞ ദിവസം പരിചയം പുതുക്കിയ ഒരു ചങ്ങാതി സ്വന്തം കുഞ്ഞിനെ " ഇതെന്റെ മോൻ, ദൃഷ്‌ധദ്യുംഷ് ! " എന്ന് പരിചയപെടുത്തിയപ്പോൾ ആ കുഞ്ഞിന്റെ മുഖത്ത് കണ്ട ദയനീയഭാവമാണ്. ഒരു പേരിലെന്തിരിക്കുന്നു എന്ന് പണ്ടൊരു മഹാൻ എഴുതിയിട്ടുണ്ട്. ഒരു കാര്യവുമില്ല! ഇപ്പൊ എല്ലാം പേരിലാണ് എന്ന മട്ടിലാണ് ഈ മത്സരം. പ്രപഞ്ചത്തിൽ മറ്റാർക്കും ഇല്ലാത്ത പേര് എന്റെ കൊച്ചിനിടണം ,അതുകണ്ട് നാട്ടുകാർ എന്റെ നാമീകരണപ്രാവീണത്തെ വാനോളം പുകഴ്ത്തണം.
പണ്ട് ഒരു കുഞ്ഞിനെ പരിചയപ്പെടുന്ന രംഗം ,
തന്ത -"ഇതെന്റെ മോൻ രഘു"
നമ്മൾ - "മോനെ രഘൂ"
ഇങ്ങനെയായിരുന്നെങ്കിൽ, ഇപ്പോളിതിങ്ങനെ മാറിയിരിക്കുന്നു.
തന്ത - "ഇതെന്റെ മോൻ അബ്ഗ്യുക്ത്ത്"
നമ്മൾ - "മോനെ ചക്കരെ"
കുഞ്ഞിനു ഒരു പത്തു വയസാവുന്നത് വരെ ഈ വക പേരുകളൊക്കെ കുടുംബ-സൌഹൃദ കൂട്ടത്തിൽ മഹാകാര്യങ്ങൾ ആണ്. സ്വന്തം പേര് കുഞ്ഞു തന്നെ പറഞ്ഞു പരിചയപെടുത്തെണ്ടി വരുന്നിടം മുതൽ തുടങ്ങി അവന്റെ കഷ്ടകാലം. ഈ കാലത്തിനിടക്ക് ഒരു തവണ പോലും "ഹോ, അവന്റെ പേര് ഒരു സംഭവം തന്നെ" എന്ന വാചകം ഞാൻ കേട്ടിട്ടില്ല. വ്യക്തി ആണ് പ്രധാനം. ഭാവിയിൽ ദ്ര്യ്ഷദ്രുംബക്സ്വ്ത് ഒരു പോലീസ് സ്റേഷനിൽ കയറേണ്ടി വരുന്ന സ്ഥിതി സങ്കല്പ്പിക്കുക. ഒരു കാര്യവുമില്ലെങ്കിലും രണ്ടിടി കൂടുതൽ കിട്ട്ടാൻ ഈ പേര് ഉപകരിക്കും! കൂടുതൽ ഒന്നും പറയാനില്ല- പേരിലല്ല കാര്യം. കുഞ്ഞുങ്ങളെ നന്നായി വളർത്തുക, അവർക്ക് സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടെന്നു തിരിച്ചറിയുക. പേരൊക്കെ അവർ പ്രശസ്തമാക്കികൊളും. 'മമൂട്ട്ടി' എന്നൊരു പേരു വരെ ലോകത്തിന്റെ അങ്ങേ മൂലയിൽ എത്തിയിരിക്കുന്നു, പിന്നെയാ! അപ്പൊ കുട്ടികളെ വെറുതെ വിടുക. വേണമെങ്കിൽ രാജപ്പൻ, എന്നോ സുമേഷ് എന്നോ ഉള്ള സ്വന്തം പേരുകൾ മാറ്റി രാജ്വപ്പ്സ്വ, സുംത്വഷവത് എന്നിങ്ങനെ ഉള്ള ഗംഭീരനാമങ്ങൾ ഇടുക. കുഞ്ഞുങ്ങൾ ന്യൂട്രൽ ആയി ജീവിക്കട്ടെ!


.

Tuesday, May 31, 2016

Spatial Disparity.

ഞാൻ വൈകാരികമായ വേദനകൾക്ക് അതീതനാനെന്നുള്ള ഒരു അഹങ്കാരം എനിക്കുണ്ട്. എന്റെ വിഡ്ഢിവിചാരങ്ങൾ പുസ്തകരൂപത്തിൽ വന്നാൽ അതിന്റെ ഒന്നാം അദ്ധ്യായം ആയേക്കാവുന്ന ഒരു ഭാഗം മാത്രമാണ് മേല്പറഞ്ഞ അഹങ്കാരം എന്ന സത്യം  മനസിലാക്കിയിട്ട് അധികനാളായിട്ടില്ല. സന്ദർഭം  അല്പം പരത്തിപറയേണ്ടതായിട്ടുണ്ട് - തിരക്കുള്ളവർക്ക് പോയിട്ട് അടുത്ത ശനിയാഴ്ചയോ മറ്റോ വരാം. ജീവിതത്തിൽ ഞാൻ ഏറ്റവും ഭയക്കുന്ന ഒരു അവസ്ഥയെ കുറിച്ചാണ് ആദ്യം. കുറച്ച്  anxiety ഉള്ള പ്രകൃതമാണ് എന്റേത്. കുറച്ച് എന്ന് വെറുതെ ഒരു ഭംഗിക്ക് പറഞ്ഞതാണ്. തരക്കേടില്ലാത്ത വലുപ്പത്തിൽതന്നെ ഉണ്ട്. മരുന്നും കഴിക്കുന്നുണ്ട്. പ്രധാനമായും രണ്ടു തരത്തിലുള്ള കുഴപ്പങ്ങൾ ആണ് എനിക്കെന്നാണു ഡോക്ടർ പറഞ്ഞത്. എനിക്കവരെ വളരെ  വിശ്വാസമാണ്- കഴുത്തിൽ കുഴലോക്കെ ഇട്ട ഒരു സുന്ദരി. Psychosomatic Hypochondria (ഇല്ലാത്ത രോഗങ്ങൾ ഉണ്ടെന്നു തോന്നുക), Specific Social Anxiety (ചില പ്രത്യേക സാമൂഹിക ചുറ്റുപാടുകളോട് പൊരുത്തപെടാനുള്ള ബുദ്ധിമുട്ട്). ഇതിൽ രണ്ടാമത് പറഞ്ഞതാണ് അസഹനീയം. യാത്രകൾ! എന്നെ അറിയാവുന്നവർക്ക് എന്റെ യാത്രകളുടെ അന്ത്യവും, ചിത്രങ്ങളും, ഭക്ഷണങ്ങളും മാത്രമാണ് പരിചയം. പക്ഷെ പോയിന്റ്‌ A യിൽ നിന്ന് പോയിന്റ് B യിൽ എത്തുന്ന പ്രക്രിയ എനിക്ക് ദുസ്സഹമാണ്. യാത്ര ചെയ്യേണ്ട സമയം അടുക്കുംതോറും അൻക്സൈറ്റി കൂടും. ചിന്തകൾ മലകൾ കയറും. കഴിവതും യാത്രകൾ ഒഴിവാക്കിയാണ് കാലങ്ങളോളം ജീവിച്ചത്.  നാട്ടിലേക്കുള്ള പോക്കുവരവ് ഏതാണ്ട് പൂർണമായും നിർത്തി. തറവാട്ടിലെ കൊച്ചുകുട്ടികളും പുത്തൻമരുമക്കളും ഞാനൊരു സങ്കൽപം മാത്രമാണെന്ന് സ്വയം വിശ്വസിപ്പിച്ചു. ഇത് അവിടെ നിക്കട്ടെ.

ഇനി ഞാൻ ജീവിതത്തിൽ ഏറ്റവും സ്നേഹിക്കുന്നത് എന്താണെന്ന് പറയാം. അതിനൊരു ഉപകഥയുടെയോന്നും ആവശ്യമില്ല. പരമു. ഇനി കാര്യത്തിലേക്ക് വരാം. എന്റെ ജീവിതം ഒരു പരീക്ഷണം ആവുന്നത് ഞാൻ ഏറ്റവും സ്നേഹിക്കുന്ന വസ്തുവിന്റെയും എന്റെയും ഇടയിൽ എന്റെ ഏറ്റവും വലിയ ഭയം നീണ്ടു നിവർന്നങ്ങനെ കിടക്കുമ്പോഴാണ്. ചുരുക്കി പറഞ്ഞാൽ, സാമാന്യം നീണ്ട ഒരു യാത്രയുടെ മറ്റേ അറ്റത്താണ് പരമു. ഇത് മറികടന്നു വേണം ഓരോ തവണയും അവനെ കാണാൻ. ഒരു തരത്തിൽ ഭയത്തെ അടക്കിയിരുത്തി പോവാൻ തുടങ്ങുമ്പോ, ദാ വരുന്നു. Murphy's Law. എന്ത് ചെയ്തിട്ടാണേലും വേണ്ടില്ല, ഇവന്റെ പണ്ടാരമടക്കണമെന്ന് പ്രപഞ്ചം അങ്ങ് തീരുമാനിച്ചുകളയും! കഴിഞ്ഞ ശനിയാഴ്ച പോവാൻ തയാറായി ഇറങ്ങിയപ്പോൾ ആകാശം തകർത്തു പെയ്യുന്ന മഴ. അവധിയല്ലേ, എന്നാ പിന്നെ കാറെടുത്ത് തട്ടീം മുട്ടീം കളിക്കാമെന്നു കരുതി ഇറങ്ങുന്ന കുറെ റ്റെക്കീ-മറുതകൾ ആണ് റോഡ്‌ മുഴുവൻ. ഒടുവിൽ ഓടികിതച്ചു സ്റ്റെഷനിൽ എത്തി എങ്ങനെയോ ട്രെയിനിൽ ചാടികയറി ഇരുന്നു. കാണേണ്ട ആളുകൾ കുറവായിരിക്കുമല്ലോ എന്ന് കരുതി സെക്കന്റ്‌ എ സി ആണ് പതിവ്. Murphy's Law വീണ്ടും. അശുഭകരമായ ഒരു യാത്രക്ക് വേണ്ട എല്ലാ ചേരുവകളും നിരനിരയായി നില്ക്കുകയും കിടക്കുകയും ചെയ്യുന്നു. 

- കരയുന്ന കുട്ടി (1)
- പുതു-ദമ്പതികൾ (2)
- നാറുന്ന കറികൾ കഴിക്കാൻ വെമ്നി നിൽക്കുന്ന കുടുംബം (3) 
- നാറുന്ന കറികൾ കഴിച്ച ശേഷം രാത്രി കാണാം എന്ന് പറഞ്ഞു മുകളിൽ കേറി കിടക്കുന്ന വല്യപ്പൻ (1) 

പോളിടിക്കലി കറക്റ്റ് ആവണമെന്ന ദുരാഗ്രഹമൊന്നുമില്ല. ഇത്രയെങ്കിലും എഴുതിയില്ല്ലെങ്കിൽ! എന്തായാലും അവന്റെ കൂടെയുള്ള പത്തിരുപതു മണിക്കൂറുകൾ മനോഹരമായിരുന്നു. 

പി.എസ്:  തിരിച്ചുള്ള യാത്രയിൽ, സൈഡ് ലോവർ ബെർത്തിൽ സമാധാനമായി കിടക്കാൻ ചെന്ന എന്നെകാത്തു കൈകുഞ്ഞുമായി ഒരു അമ്മയുണ്ടായിരുന്നു. വൈകാരികമായി അവരെന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും തദ്വാരാ, മുകളിലത്തെ ബെർത്തിൽ വലിഞ്ഞു കയറെണ്ടിയും വന്നു.

.

  

Thursday, May 5, 2016

Grow Up.

ഒരു സ്ത്രീസുഹൃത്തെങ്കിലും ഉള്ള ഒരു ആണിനും ഒരു സ്ത്രീയെ ബലാത്സംഘം ചെയ്യാൻ തോന്നില്ല.
ഇവിടെ ആണ് നമ്മുടെ "ആർഷ-സംസ്കാരിക-വിദ്യാഭ്യാസം" തോല്ക്കുന്നത്. എതിർലിംഗത്തിൽ പെട്ടവരോട് സംസാരിക്കുന്നത് തന്നെ പാപമാണെന്ന പാഠം ചെറുപ്പത്തിലെ തന്നെ അവരുടെ ബുദ്ധിയിലേക്ക് കുത്തിവെക്കുന്നു. വികസിത രാജ്യങ്ങളിൽ കടുത്ത മാനസികവൈകല്യമുള്ളവർ മാത്രം ചെയുന്ന ഇത്തരം കൃത്യങ്ങൾ ഇവിടെ അവസരം കിട്ടിയാൽ ആരും ചെയ്യുന്നതാവുന്നത് അത് കൊണ്ടാണ്. ഇനിയെങ്കിലും കണ്ണ് തുറക്കുക. നിങ്ങളുടെ ഉള്ളിലെ വിഷം വളർന്നു വരുന്ന തലമുറയ്ക്ക് നല്ക്കാതിരിക്കുക. ഉപദേശങ്ങൾ അവസാനിപ്പിച്ച്‌ , ഇത് നിങ്ങളോടൊപ്പം ചത്തൊടുങ്ങട്ടെ എന്ന് പ്രാർത്ഥിക്കുക.

.

Monday, February 15, 2016

Dream Universe in a Nutshell.

പണ്ടൊരിക്കൽ ഞാൻ എഴുതിയിരുന്നു - മനുഷ്യന്റെ ഒരു ദിവസത്തെ കാഴ്ചകളുടെ inversion ആണ് അയാളുടെ അന്നത്തെ സ്വപ്നങ്ങൾ.   ഞാൻ ദിവാസ്വപ്നങ്ങൾ സൃഷ്ടിച്ചു കാണുന്ന ഒരാളാണ്. എന്റെ രാത്രി സ്വപ്നങ്ങൾ ആ ദിവാസ്വപ്നങ്ങളുടെ inversion ആയിരിക്കണം. കാരണം പ്രത്യക്ഷത്തിൽ യാഥാർത്ഥ്യം എന്ന തോന്നലും, spatial disparity നല്ക്കുന്ന പറഞ്ഞറിയിക്കാൻ പറ്റാത്ത മിഥ്യാബോധത്തിന്റെ അസ്വസ്ഥതയും അവിടെ കാണാം.

സ്വപ്നങ്ങൾ കാണാൻ സാധിക്കുന്നതും അത് വർഷങ്ങളോളം ഓർത്തിരിക്കാൻ കഴിയുന്നതും വലിയൊരു അനുഗ്രഹം തന്നെയാണ്. കുട്ടികാലത്ത് ഈ നിഗൂഡതയോട് ഭയമായിരുന്നു. സ്വപ്നങ്ങളിൽ വന്നിരുന്ന ബിംബങ്ങൾ പലതും ഉറക്കം നശിപ്പിച്ചിരുന്നു. പത്തു തലയുള്ള ഒരു ഭീകരസർപ്പം പലരാത്രിസ്വപ്നങ്ങളിലും നിത്യകഥാപാത്രമായിരുന്നു.കാലങ്ങൾ കഴിഞ്ഞപ്പോൾ സ്വപ്നങ്ങള്ക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങി ; അജ്ഞാതമായ ലോകത്തുകൂടിയുടെ യാത്ര കൗതുകമായി.  

വളരെകാലം കഴിഞ്ഞാണ് ഈ സ്വപ്നങ്ങളിൽ ഉള്ള common ആയ ഒരു pattern ശ്രദ്ധിക്കുന്നത്. എന്റെ സ്വപ്നങ്ങൾ സ്ഥലവുമായി ബന്ധപെട്ടതാണ്. അതായത് എന്റെ സ്വപ്നലോകം (Dream Universe) എല്ലാ രാത്രികളിലും ഒന്ന് തന്നെയാണ്. സംഭവങ്ങൾ മാറുന്നു, കഥാപാത്രങ്ങൾ മാറുന്നു പക്ഷെ എല്ലാം ഒരു map-ൽ തന്നെ. ഉദാഹരണത്തിന് ഒരു സ്വപ്നത്തിൽ ഞാൻ ഒരു സിനിമ തിയേറ്റർ കാണുന്നു. രാത്രി മാത്രം പ്രവർത്തിക്കുന്നതാണ് ഈ തീയേറ്റർ. ഏതെങ്കിലും ഒരു (meta-fictional) സിനിമ ആയിരിക്കും അവിടെ. ഒരു സംഭവവും അവിടെ അരങ്ങേറും. ഇതേ തീയേറ്റർ ഞാൻ മറ്റൊരു ദിവസവും സ്വപ്നത്തിൽ കാണും - സിനിമ മാറിയിട്ടുണ്ടാവും, കഥാപാത്രങ്ങളും സംഭവങ്ങളും മാറിയിട്ടുണ്ടാവും. ഇതിന്റെ ഏറ്റവും വല്യ പ്രത്യേകത ഇങ്ങനെ ഒരു തീയറ്റർ ഞാൻ യഥാർത്ഥ ജീവിതത്തിൽ കണ്ടിട്ടില്ല എന്നതാണ്. അതായതു എന്റെ ഓർമയിലുള്ള സ്വപ്നത്തിലെ ഒരു ബിംബത്തെ മറ്റൊരു ദിവസത്തെ സ്വപ്നം വീണ്ടും ഉപയോഗിക്കുന്നു


കാലത്ത് എഴുന്നേറ്റുടൻ സ്വപ്നങ്ങൾ എഴുതിവെക്കുന്ന സ്വഭാവം തുടങ്ങിയതിൽ പിന്നെയാണ് ഇതെക്കുറിച്ച് കൂടുതൽ മനസിലായത്. എനിക്ക് വേണ്ടി ഒരു parallel universe തന്നെ എന്റെ ഉപബോധം സൃഷ്ടിച്ചിരിക്കുന്നു. തീയറ്റർ പോലെ തന്നെ വീടുകളും, റോഡുകളും, കുന്നുകളും, പുഴകളും, കടകളും, തെരുവുകളും, കടലുകളും ആവർത്തിച്ചപ്പോൾ ഇത് ഒരു മാപ് ആയി പ്ലോട്ട് ചെയ്താലോ എന്നൊരു ചിന്ത ഉണ്ടായി.

ഒരു രാത്രി കാണുന്ന സ്വപ്നത്തിലെ spaces ഞാൻ ഒരു മാപിൽ വരച്ചു. ഇതങ്ങനെ കുറച്ചു ദിവസം തുടർന്നു. ഒരു സ്ഥലം തന്നെ വീണ്ടും കാണുകയാണെങ്കിൽ ആ സ്ഥലത്തിന് മേലെ മാപിൽ "2" എന്ന് എഴുതും. അങ്ങനെ ഒരു മാസത്തോളം ആയപ്പോൾ എന്റെ universal map തയ്യാറായി. ഒരു വല്യ പട്ടണം-പക്ഷെ യഥാർത്ഥത്തിൽ ഉള്ള ഒന്നല്ല ; എങ്കിലും ഞാൻ ജീവിച്ചിരുന്ന പട്ടണങ്ങളുടെ പ്രേതങ്ങൾ ഇവയിലുണ്ട്. നാട്ടിലുള്ള വീടും വിദേശത്ത് താമസിച്ചിരുന്ന വീടും ഇപ്പോഴുള്ള എന്റെ വീടും എല്ലാം ഒരു dystopian രൂപത്തിൽ ഒരേ മാപിൽ ഉണ്ട്. സ്വപ്നങ്ങള്ക്ക് space+time dimension ഇല്ലാത്തതുകൊണ്ട് ഇതേ സ്ഥലം ഞാൻ 1992ലും 1902ലും 2044ലും കാണാറുമുണ്ട്.

ഇതിനെ കുറിച്ച് ഒരു പുസ്തകം എഴുതിയാലും തീരാത്തത്ര കഥകളും കഥാപാത്രങ്ങളും ഈ സ്വപ്നലോകത്ത് നടന്നു കഴിഞ്ഞു. ഇത്രയെങ്കിലും ഇപ്പോൾ എഴുതണമെന്നു തോന്നി. പിന്നീട് എപ്പോഴെങ്കിലും കൂടുതൽ എഴുതാൻ കഴിയുമായിരിക്കും.


ചിത്രത്തിൽ കാണുന്നത് ശരിക്കുള്ള മാപ് അല്ല, ഒരു മാതൃക.


.


Tuesday, February 2, 2016

Food Rules.

ചില കലാകാരന്മാർ ഭക്ഷണത്തെ കുറിച്ച് അവരുടെ കലകളിൽ പരാമർശിക്കുമ്പോഴാണ് അവ നേരിട്ട് കാണുന്നതിനെക്കാൾ കൊതി തോന്നിപോവുന്നത്. ഈ ഒരു പ്രതിഭാസം ആദ്യമായി ശ്രദ്ധിച്ചത് ബഷീർ കഥകളിൽ ആവണം. "മാന്ത്രികപൂച്ച" എന്ന കഥയിൽ ബഷീറും സിദ്ധനും കൂടി പുറത്തു അടുപ്പ് കൂട്ടി, ചോറും മസാലകൂട്ടും ഒന്നിച്ചിട്ട് വേവിച്ചു കഴിക്കുന്ന ഒരു രംഗമുണ്ട്. വെറും അക്ഷരങ്ങൾ വായിൽ വെള്ളം നിറച്ചത് അപ്പോളാണ്. ലൈംഗികതയും ഭക്ഷണവും നമ്മുടെ തലച്ചോറിൽ ഏകദേശം ഒരേ ഘടനയുള്ള തരംഗങ്ങൾ ആണ് സൃഷ്ടിക്കുക. അതായതു ഇവയെ പറ്റിയുള്ള പരാമർശങ്ങൾ, സ്വാഭാവികമായും നമ്മളെ ആകർഷിക്കും. കലകളിൽ ഇത് ഉപയോഗിക്കാറുണ്ട് - പക്ഷെ പലപ്പോഴും അത് സെക്സിൽ മാത്രം ഒതുങ്ങുന്നു. ഒരു സിനിമയിൽ അല്പവസ്ത്രധാരിയായ നടിയുടെ ഉദ്ദേശം താൻ വഴി ആ സിനിമയിലേക്ക് കൂടുതൽ ആളുകളെ അകര്ഷിക്കുക എന്നത് തന്നെ. എന്തുകൊണ്ടാണ് ഇതേ മനശാസ്ത്രം ഭക്ഷണം ഉപയോഗിച്ച് ചെയ്തുകൂടാ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. പിന്നീട് വിദേശസിനിമകൾ കണ്ടു തുടങ്ങിയപ്പോൾ അവർ സെക്സിനെക്കാൾ കൂടുതൽ ഭക്ഷണത്തെ ഇത്തരത്തിൽ ഉപയോഗിക്കാറുണ്ട് എന്ന് മനസിലായി. സൌത്ത് ഈസ്റ്റ്‌ എഷ്യൻ സിനിമകളിൽ മിക്ക രംഗങ്ങളിലും ഭക്ഷണത്തിന്റെ സാന്നിധ്യമുണ്ട്. ചിലത് sublime ആണെങ്കിൽ ചിലത് in-your-face. "Tampopo" എന്ന ജപ്പാനീസ് സിനിമയിൽ നൂഡിൽ സൂപ് എങ്ങനെ കഴിക്കണം എന്ന് വർണിക്കുന്ന ഒരു 10 മിനുട്ട് സീൻ ഉണ്ട്. ഈ അടുത്ത് കണ്ട ടാരന്റിനോയുടെ "The hateful eight" എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രം തന്നെയായിരുന്നു, Meat Stew. ഉദാഹരണങ്ങൾ വേറെയുമുണ്ട് - Turin Horse (Potato ), The Host (Octopus Tentacles), LOTR (Lembas Bread), The Godfather (Spaghetti and Meatballs), Rice Rhapsody (Duck) ,Now Forager (Omlette), House of Cards (Ribs) അങ്ങനെ പോവുന്നു.
മലയാളത്തിൽ ഭക്ഷണം നന്നായി ഉപയോഗിച്ച ഒരേ ഒരു ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ആണ്. നാല് പെണ്ണുങ്ങൾ എന്ന സിനിമയിൽ നന്ദുവിന്റെ ഊണ്, കരമനയുടെ അത്താഴം (എലിപത്തായം). ഭക്ഷണം തമാശക്ക് വേണ്ടി ഉപയോഗിച്ച ചിത്രങ്ങൾ ഇവിടെ പറയുന്നില്ല (For eg : ഗജകേസരിയോഗം). കൊട്ടിഘോഷിച്ചു വന്ന "ഭക്ഷണചിത്രങ്ങളിൽ" ഓർമ നില്ക്കുന്ന ഒരു സംഭവം പോലുമില്ല എന്നത് വിരോധാഭാസം!

.

Saturday, January 16, 2016

Makuttan Chronicles: Corny!

തീന്മേശയിൽ ചൂട് വിഭവങ്ങൾ വന്നു നിരന്നു.പരമു പതിവ് പോലെ ഓരോന്നായി എടുത്തു എന്നോട് ചോദിച്ചു തുടങ്ങി,
- ഇതെന്താണ്?
- ഇത് പൊട്ടട്ടോ.
- ഇതെന്താണ്?
- ഇത് കാരറ്റ്.
- ഇതെന്താണ്?
- ഇത് ബേബി കോൺ.
- ബേബി ഒന്നും വേണ്ട. പപ്പയുടെ മോൻ ഒന്നുമല്ലല്ലോ, കോൺ എന്ന് പറഞ്ഞാ മതി!



.

Friday, January 15, 2016

The Sopranos.

കോമഡി ഷോകളും തീരെ നിലവാരമില്ലാത്ത സോപ്പ് ഓപെറകളും അരങ്ങു തകർത്തു കൊണ്ടിരുന്ന കാലത്താണ് അത് വരെ ഉണ്ടായിരുന്ന ടെലിവിഷൻ സങ്കൽപ്പങ്ങളെ പാടെ നിരാകരിച്ച്, "ദി സൊപ്രാനോസ്" നിർമ്മിക്കപ്പെട്ടത്. ടോണി സൊപ്രാനൊ എന്ന ഗാങ്ങ്സ്ടറിന്റെ കഥ; മാറ്റിമറിചത് കുറെയേറെ expectations ആണ് - സീരിയൽ കഥ പറച്ചിൽ രീതികളെ കുറിച്ച്, പ്രേക്ഷകരുടെ ടോളറന്സിനെ കുറിച്ച്. "ദി സൊപ്രാനോസ്" വളരെ പെട്ടെന്ന് ജനപ്രീതി നേടുകയും അതിന്റെ സൃഷ്ടാവായ ഡേവിഡ്‌ ചേസ്, മോഡേൺ ടെലിവിഷന്റെ ഗോഡ് ഫാദർ ആയി പ്രഖ്യാപിക്കപെടുകയും ചെയ്തു. ഇതൊക്കെ മിക്കവർക്കും അറിയാവുന്ന കാര്യങ്ങൾ ആണ്. ഈ സീരിസിനെ കുറിച്ച് സ്വകാര്യമായ ചില അഭിപ്രായങ്ങൾ പറയാൻ ഒരു ആമുഖമായി പറഞ്ഞന്നേ ഉള്ളു.
ഞാൻ ആദ്യമായി കണ്ട ടെലിവിഷൻ ഷോ, ദി വൺഡർ ഇയെർസ് ആണ്. പിന്നീടും ധാരാളം സീരിയൽ കണ്ടിരുന്നു എങ്കിലും ഒരു സീരീസിനു addict ആകുകയാണ് എന്ന് തോന്നിയത് "ദി സൊപ്രനൊസ്" കാണുമ്പോൾ ആണ്. ടെലികാസ്റിംഗ് സമയത്ത് കാണാൻ സാധിച്ചിരുന്നില്ല - കണ്ടിരുന്നെങ്കിലും കുട്ടിക്കാലത്ത് മനസിലാകുമോ എന്ന് സംശയമാണ്. ടോണി (ജെയിംസ്‌ ഗാണ്ടോൾഫിനി) സ്വന്തം വീട്ടിൽ, anxiety അറ്റാക്ക്‌ വന്നു ബോധം കേട്ട് വീഴുന്നിടതാണ് സീരിയൽ തുടങ്ങുന്നത്. എന്റെ ആദ്യ പാനിക് അറ്റാക്കിനെ തുടർന്ന് മരുന്ന് കഴിച്ചു തുടങ്ങിയ സമയമായിരുന്നു അത്. ആ ഒരു സീനോട് കൂടി ടോണിയിൽ എന്നെതന്നെ കാണാൻ തുടങ്ങി. We had so much in common (Definitely not mafia but the rest). സിനിമാടിക് ആയി ഒരു പ്രത്യേക വ്യാകരണം തന്നെ ഉണ്ടായിരുന്നു, "ദി സൊപ്രനൊസ്" എന്ന ഒരു മണികൂർ എപിസോടുകൾക്ക്. മലയാള-സീരിയൽ കലാകാരന്മാരുടെ ചിന്തകൾക്ക് അപ്രാപ്യമായ ഒന്ന്. ഏറെ നാളായി എഴുതണം എന്ന് കരുതിയ, എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ ഒരു എപിസോടിനെ കുറിച്ച് പറയാം.സീരിയൽ അവസാന ഭാഗങ്ങളിലേക്ക് അടുക്കുമ്പോൾ ആണ് ഈ സംഭവം. ടോണിയുടെ കുടുംബജീവിതം തിരിച്ചുവരവില്ലാത്തത് പോലെ തകര്ന്നിരിക്കുന്ന ഒരു സമയമാണ്. ആർക്കും വേണ്ടാത്ത, തലക്കിപ്പോ അത്ര വെളിവില്ലാത്ത അയാളുടെ ചിറ്റപ്പനെ അയാൾ നോക്കുന്നുണ്ട്. ഒരു ദിവസം ചിറ്റപ്പന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി കൊണ്ട് ടോണി അത്യാസനനിലയിൽ ഹോസ്പിറ്റലിൽ ആകുന്നു. പിരിഞ്ഞു താമസിക്കുന്ന അയാളുടെ ഭാര്യയും മകളും മകനും ഓടി എത്തുന്നുണ്ട്. ടോണി ഈ സമയം മുഴുവൻ കോമയിലും. പിന്നീടുള്ള ഒരു എപിസോഡ്, ടോണിയുടെ ഉപബോധ മനസ്സിൽ നടക്കുന്ന ഒരു കഥയാണ്‌.
ഒരു ഹോട്ടൽ മുറിയിൽ ഉറക്കമുണരുകയാണ് ടോണി. അയാൾ അപ്പോൾ ടോണി സൊപ്രനൊ എന്ന അധോലോക നായകനല്ല. ഒരു കോൺഫറൻസ് അറ്റൻഡ് ചെയ്യാൻ വന്നിരിക്കുന്ന ഒരു optics salesman ആണ്. അയാളുടെ ജനലിലൂടെ നോക്കിയാൽ ദൂരെ ഒരു പ്രത്യേക നിറത്തിലുള്ള ലൈറ്റ് എരിയുന്നത് കാണാം. ടോണി അതിടക്കിടക്ക് നോക്കി നില്ക്കുന്നതായി കാണിക്കുന്നുണ്ട്. കോൺഫറൻസിന് പോവുന്ന ടോണിക്ക് ID ഇല്ലാത്തതു കാരണം പ്രവേശനം ലഭിക്കുന്നില്ല. തന്റെ കയ്യിലുള്ള ബാഗ്‌ പരിശോധിക്കുമ്പോൾ അത് കെവിൻ ഫിന്നെർറ്റി എന്നയാളുടെതാണ് എന്ന് ടോണിക്ക് മനസിലാവുന്നു. I am not writing too many spoilers here. ഒടുവിൽ പടിയിൽ നിന്ന് വീണു പരിക്ക് പറ്റുന്ന ടോണി ഒരു ഹോസ്പിറ്റലിൽ എത്തുകയും, തന്റെ പേര് കെവിൻ ഫിന്നെർറ്റി എന്നാണെന്നും തനിക്കു അൽഷൈമെർസിന്റെ തുടക്കമാണെന്നും അറിയുന്നു. തിരിച്ചു ഹോട്ടലിൽ എത്തുന്ന ടോണി ജനലിലൂടെ വീണ്ടും ആ പ്രകാശം കാണുന്നു.
ഈ സ്വപ്നം ഒരു symbolic model ആണ്. ടോണി ഒരു ഗങ്ങ്സ്റ്റെർ അല്ലായിരുന്നെകിൽ ആരായിരുന്നേനെ എന്നുള്ള ടോണിയുടെ ചിന്തകളിൽ നിന്നുണ്ടായ സ്വപ്നമാവാം.അത്രയും നന്നായി ആവിഷ്കരിച്ച ഒരു സ്വപ്നം സിനിമകളിൽ പോലും കാണില്ല. കൂടെ, കേൾക്കുമ്പോൾ വല്ലാത്തൊരു ഭയവും നഷ്ടബോധവും തോന്നുന്ന ഒരു പാട്ടും; മോബിയുടെ "വേർ വേർ യു വെൻ ഐ വാസ് ലോൺസം"

.

Tuesday, January 12, 2016

Makuttan Chronicles: All Hands!

അങ്ങനെ പൊട്ടിചിരിക്കാറുള്ള ഒരാളല്ല ഞാൻ. അതുകൊണ്ട് പരിസരം മറന്നു വരുന്ന ചിരി അടക്കാൻ പാടുപെട്ടിട്ടില്ല.അങ്ങനെ ഒരു സാഹചര്യം കുറച്ചു നാൾ മുൻപേ ഉണ്ടായി. കാരണം നമ്മുടെ പരമുകുട്ടൻ തന്നെ. ഒരു ശനിയാഴ്ച ഓഫീസിൽ അത്യാവശ്യമായി ഒരു മീറ്റിങ്ങിനു വരേണ്ടി വന്നു. സിംഗപ്പൂരിൽ നിന്ന് വി.പി ഒക്കെ ഉണ്ട്. പരമുകുട്ടന്റെ ഭാഷയിൽ "സാറ്റർടെ സൺടെ മാകുട്ടനും പപ്പയും അച്ചുപോളിച്ചുന്ന ദീസമാണ്". ഒടുവിൽ ഒരു ധാരണയിൽ എത്തി. അവൻ എന്റെ കൂടെ മീറ്റിങ്ങിനു വന്നിരിക്കും, അതുകഴിഞ്ഞ് ടോയ്സ് വാങ്ങി കൊടുത്താൽ മതി. അങ്ങനെ ഞങ്ങൾ സ്ഥലത്തെത്തി. മീറ്റിംഗ് തുടങ്ങി. വി.പി ഭാവി പരിപാടികളെ കുറിച്ചും പുരോഗതിയെ കുറിച്ചും വാചാലനാകുകയാണ്. പരമു ഇടയ്ക്കു എന്റെ ചെവിയിൽ ചോദിച്ചു "പപ്പാ, നമ്മൾ എപോഴാ ടോയ്സ് മേടിക്കാൻ പോവുന്നെ?". "ഇയാൾ പറഞ്ഞു കഴിഞ്ഞാൽ ഉടനെ നമ്മൾ പോവും", ഞാൻ ഉറപ്പു നല്കി. ഒരു മണിക്കൂറു കൂടി കഴിഞ്ഞു. വി.പി പുതിയ മാനേജ്മെന്റിനെ പറ്റി സംസാരിച്ചു തുടങ്ങിയിരിക്കുന്നു. പെട്ടെന്ന് അത് സംഭവിച്ചു. എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് ആ മുറി കിടുങ്ങുന്ന ശബ്ദത്തിൽ പരമുകുട്ടൻ ചോദിച്ചു, "ഇയാൾ എന്താ നിർത്താത്തെ!!!"???

.

Monday, January 11, 2016

The FlowerPot Phenomenon.

പണ്ട് പണ്ട്...എന്ന് വെച്ചാൽ എന്നെ പറ്റി എനിക്ക് തന്നെ വല്യ പ്രതീക്ഷ ഒന്നും ഇല്ലാത്തത്ര പണ്ട്.
ഒരു ഞായറാഴ്ച, അമ്മയും അച്ഛനും വീട്ടിനു മുന്നിൽ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വര്ഷങ്ങളായി ഒരേ സ്ഥലത്ത് അടുക്കി വെച്ചിരിക്കുന്ന ഓർക്കിഡ് ചെടിച്ചട്ടികൾ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ മാറ്റി വെയ്ക്കുന്ന പണിയിലാണ് - ഒരു മഹാത്ഭുത-പ്രതിഭാസത്തിനു അന്ന് അവർ സാക്ഷികളാവുന്നു. ഓരോ ചെടിച്ചട്ടികൾ മാറ്റുമ്പോഴും അതിരുന്ന സ്ഥാനത്ത് നിന്നും ഒരു തൂവെള്ളപുഷ്പം വിടർന്നു വരുന്നു. ഇത് എല്ലാ ചെടിച്ചട്ടികളിലും കണ്ടതോടെ അവർ ആശങ്കാകുലരായി. ചട്ടി പോക്കുന്നതിനൊപ്പം മെല്ലെ വിരിഞ്ഞു സാമാന്യം പ്രായം ചെന്ന ഒരു താമര പൂവിനത്രയും വിരിയുന്ന പൂക്കൾ! അവസാനത്തെ ചെടിച്ചട്ടി മാറ്റുന്നത് വരെ ഇത് തുടർന്നു. ഇതിനിടയിൽ വളരെ വിചിത്രമായ ഒരു സംഗതി ഇവരുടെ കണ്ണിൽ പെട്ടിരുന്നു. അവ കടലാസ് പൂക്കൾ ആയിരുന്നു.
ഇനി ഇവിടെ നിന്ന് ഏകദേശം അഞ്ചാറു മാസങ്ങൾക്ക് പിന്നിലേയ്ക്ക് നമുക്ക് പോവാം. വിയർത്തു കുളിച്ചു സൈക്കളിൽ വരുന്ന ഞാൻ. ആരും കാണാതെ മുറ്റത്തെ തോട്ടത്തിലേക്ക് ഇറങ്ങുന്നു. ബാഗ്‌ തുറന്ന് വിറയ്ക്കുന്ന കൈകളോടെ അവ പുറത്തെടുക്കുന്നു. പരീക്ഷയുടെ ഉത്തരകടലാസുകൾ. ഒരെണ്ണം ഒന്ന് തുറന്നു നോക്കുന്നു - കണക്കാണ്. അൻപതിൽ പതിനഞ്ച്. നെടുവീർപ്പോടെ കടലാസ് പരമാവധി ചെറുതായി മടക്കുന്നു. ശ്രദ്ധാപൂർവം ഓരോന്നും ഓരോ ചെടിച്ചട്ടിയുടെ അടിയിലേക്ക് വെയ്ക്കുന്നു. ഒരു ഭാരം ഒഴിച്ച് കളഞ്ഞ ആശ്വാസത്തോടെ ഞാൻ വീട്ടിനുള്ളിലേക്ക് കയറുന്നു.

.

Makuttan Chronicles: Love for Animals.

പരമു: പപ്പാ പപ്പാ, പപ്പാ എന്താ അപ്പൂപ്പനെ പോലെ മീശ വെക്കാത്തെ?
ഞാൻ : പപ്പ അങ്ങനെ മീശ വെച്ചിട്ട് വന്നാൽ മാകുട്ടൻ ഞെട്ടിപോവില്ലേ?
പരമു : മാകുട്ടൻ ഞെട്ടില്ല, നോ നോ. അനിമൽസിനെ ഇഷ്ടമാണ്.

.

Thank You Neurons!

8-1-2016
11.48 PM

സ്കൂട്ടറിന്റെ വേഗത കാരണം കണ്ണിൽ നിന്ന് വരുന്ന വെള്ളം കൂടി കട്ടിയാക്കാൻ പോന്നത്ര തണുത്ത കാറ്റ്. എന്റെ ദേഹമാസകലം വിറയ്ക്കുന്നു - എന്നാലും വേഗത കുറയ്ക്കാൻ നിർവാഹമില്ല. ഇപ്പൊ തന്നെ വൈകിയിരിക്കുന്നു. പണ്ട്രണ്ടു മണിയാവാൻ ഇനി അധികനിമിഷങ്ങൾ ഇല്ല. ഫോണ്‍ നിർത്താതെ അടിക്കുന്നത് എനിക്ക് അറിയാൻ കഴിയുന്നുണ്ട്. വ്ലാട് ആവണം. നഗരത്തിലെ തിരക്കുകളും വെളിച്ചങ്ങളും താണ്ടി വളരെദൂരം ഞാൻ എത്തിയിരിക്കുന്നു. റോഡിന് ഇരുവശവും പേടിപ്പിക്കുന്ന ഇരുട്ട് മാത്രം. 

വണ്ടിയുടെ മങ്ങിയ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ തെളിയുന്നത് വളരെ കുറവും. ഭാഗ്യം, വ്ലാട് പറഞ്ഞ സ്ഥലത്ത് തന്നെ ഉണ്ട്. എന്നെ കണ്ടയുടൻ ഉദ്വേഗത്തോടെ തന്റെ കാൽ നിലത്തു ആഞ്ഞ് ചവിട്ടി ചൂളം വിളിച്ചു."നിങ്ങൾ വൈകിയിരിക്കുന്നു".വികൃതമായ ഇംഗ്ലീഷിൽ അയാൾ വിളിച്ചു പറഞ്ഞു. റഷ്യൻ വംശജനാണ് വ്ലാട്. ഏറെകാലമായി നമ്മുടെ നാട്ടിലുണ്ട്. ഞാൻ സ്കൂട്ടർ റോഡിന്റെ ഒരു വശത്തേക്ക് നിർത്തി വെച്ച് ഇറങ്ങി ചെന്നു. "ഇപ്പോൾ തന്നെ വൈകിയിരിക്കുന്നു, ക്യാമറ എവിടെ?" വാക്കുകകൾ അയാളുടെ വായിൽ നിന്ന് പുകച്ചുരുളുകളോടൊപ്പം വന്നു. ഞാൻ കയ്യിലിരുന്ന ക്യാമറ കൊടുത്തു. റഷ്യൻ ഭാഷയിൽ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അയാൾ വശത്തെ കുന്നു കേറി മറഞ്ഞു. ജാക്കറ്റിന്റെ ഹൂഡ് തലയിലേക്ക് വലിച്ചിട്ട് ഞാൻ മെല്ലെ സ്കൂട്ടറിനു അടുത്തേക്ക് നടന്നു. മഞ്ഞിലൂടെ ദൂരെ സ്കൂട്ടർ അവ്യക്തമായി കാണാമായിരുന്നു. ഒരു മനുഷ്യന്റെ നിഴൽ പുകമറയെ കീറിമുറിച്ച് ഓടുന്നതായി എനിക്ക് തോന്നി. തോന്നൽ തന്നെയായിരുന്നോ? സ്കൂട്ടറിനു അടുത്തെത്താനാവുന്നു. കാഴ്ച കുറേകൂടി വ്യക്തമാണ്‌. ഒരു ചുവന്ന പ്രകാശം മിന്നിമായുന്നു. ആംബുലൻസ് ലൈറ്റ് പോലെ. സ്കൂട്ടറിൽ നിന്നാണ്. പെട്ടെന്ന് വലിയൊരു ശബ്ദത്തോടെ എന്റെ തലയ്ക്കു മുകളിലൂടെ സ്കൂട്ടറിന്റെ വലതു പാളി പറന്നു പോയി. ചില്ലുകഷണങ്ങൾ പോലെയെന്തോക്കെയോ എന്റെ മുഖത്തേക്കും തെറിച്ചു. കരിയുന്ന മണം. ഞാനിപ്പോ നിലത്തു കിടക്കുകയാണ്. കൈകൊണ്ടു മുഖത്ത് തടവിനോക്കി. അങ്ങിങ്ങ് ചോര പോടിയുന്നുണ്ട് - വല്ലാത്ത നീറ്റൽ. ഞാൻ എഴുന്നേറ്റ് മുന്നോട്ടു തന്നെ നടന്നു. സ്കൂട്ടർ അവിടെയില്ല. മറുവശത്തെ കുന്നിന്റെ മുകളിലൂടെ മനുഷ്യരൂപങ്ങൾ ഓടുന്നത് കാണാം. അവരുടെ പിന്നിൽ, കുന്നിന്റെ മറവിൽ- ചെറിയ ചെറിയ സ്‌ഫോടനങ്ങൾ നടക്കുന്നു. ഓരോന്നും പ്രകാശത്തിന്റെ ഒരു വലിയ തിര കുന്നിനിപ്പുറത്തേക്ക് ഒഴുക്കി വിടുന്നു. ഓരോ തവണയും മനുഷ്യരൂപങ്ങൾ എന്റെ മേലേ ഭീമാകാരമായ നിഴലുകൾ സൃഷ്ടിക്കുന്നു.
.......
തലച്ചോറിനു നന്ദി. 
വിരസമായ പകലുകൾക്കും ഉദ്വേഗജനകമായ സ്വപ്നങ്ങളും!

.

Makuttan Chronicles: The Composition Error.

ടർർർർർർർ...ടർർർർർർർ
ഞാൻ : ഹലോ
പരമു : അലോ, ഒരു കാറ്യം പറയാനുണ്ടായിന്ന്നു
ഞാൻ : പറ പരമുകുട്ടാ
പരമു : മാക്കുട്ടന് lion king ലെ സിംബയും മങ്കിയും വേണം.
ഞാൻ : പപ്പ കടയിലാണ്. ഇവിടെ സിംബ മാത്രമേ ഉള്ളു.
പരമു : നോ നോ! അവിടെ മങ്കി ഉണ്ട്.
ഞാൻ : വിശ്വാസമില്ലെങ്കിൽ ഫോട്ടോ എടുത്ത് മുത്തശന്റെ ഫോണിൽ അയക്കാം.
പരമു : ആ അയക്കു
(ഞാൻ ഫോണ്‍ എടുത്തു. മങ്കി കടയിൽ ഉണ്ട്. എന്നാലും എല്ലാരും പറയുന്ന പോലെ ചോദിക്കുന്നതൊക്കെ വാങ്ങി കൊടുത്തു വഷളാക്കി എന്ന് വേണ്ട! മങ്കി ഫ്രേമിൽ വരാത്ത പോലെ സിംബയുടെ മാത്രം ഒരു ഫോട്ടോ എടുത്തു അയച്ചു.)
ടർർർർർർർ...ടർർർർർർർ
ഞാൻ : ഹലോ
പരമു : അലോ, ഒരു കാറ്യം പറയാനുണ്ടായിന്ന്നു
ഞാൻ : എന്താടാ
പരമു: അവിടെ മങ്കി ഉണ്ട്. മാക്കുട്ടൻ ഫോട്ടോയിൽ വാല് കണ്ടു!
(ദൈവമേ, ഫ്രേമിൽ വാല് പെട്ടോ? ഇനി വാങ്ങാതെ വേറെ രക്ഷയില്ല)
ഞാൻ : എടാ, നീ ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു. ഹം, ശരി ശരി. മങ്കി വാങ്ങാം.
പരമു: പപ്പാ പപ്പാ, ഒരു കാറ്യം പറയാനുണ്ടായിന്ന്നു
ഞാൻ : എന്താടാ
പരമു : വാല് കണ്ടു ന്നു മാക്കുട്ടൻ ചുമ്മാ പറഞ്ഞതാണ്!
ഞാൻ : എടാ ഭയങ്കരാ!!!

.

Makuttan Chronicles: Moral of the Day.

കുറച്ചു നാളുകൾക്കു മുൻപ് ; രാത്രിയുടെ അന്ത്യയാമങ്ങളിൽ ഏതോ ഒന്നിൽ;
പരമു : പപ്പാ പപ്പാ , ഒരു കഥ.
ഞാൻ : ഒരു കാട്ടിൽ ഒരു സിംഹം ഉണ്ടായിരുന്നു, രാവിലെ മുതൽ പണിയെടുത്ത് - ഛെ, വേട്ടയാടി ക്ഷീണിച്ച സിംഹം അന്ന് സമയത്തിന് കിടന്നുറങ്ങി. അങ്ങനെ ഒരു കഥ!
പരമു : (മൌനം) ഈ കഥയുടെ "ഗുണ്‍പാടം" എന്താണ്?
ഞാൻ : ഹെന്ത്?
പരമു :ഈ കഥയുടെ "ഗുണ്‍പാടം".... എന്താണ്?
ഞാൻ : എന്തേലും ഗുണപാഠം ഉണ്ടെങ്കിൽ ഞാൻ അങ്ങോട്ട്‌ പറയും, നീ ചോദിക്കണ്ട!
പരമു : പപ്പ ഒരു വിഡ്ഢിയാണ്.

.