വാക്സിനെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള വിവരക്കേട് കുറച്ചധികം കേട്ടു. എന്തെങ്കിലും ആകട്ടെ. അതിനേക്കാൾ ഭീകരമായ മറ്റൊരു വ്യാധി വരുന്നുണ്ട്. അധികം വൈകാതെ അതു നശിപ്പിച്ചോളും, എല്ലാം. ഒരു നാടൻ ഗ്രൂപ്പിൽ കണ്ടതാണ്. ഹൈദരാബാദിൽ പാർക്കിൽ ഒരുമിച്ചു കണ്ട ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരു വനിതാപോലീസ് മർദിക്കുന്ന ചിത്രം. ഫോട്ടോ കണ്ടു, ഇതു ഹൈദരാബാദിൽ ആണല്ലോ എന്നോർത്തു ചെറുതായി ഒന്നു സമാധാനിച്ചു വലുതായി ഒന്നു ശ്വാസം വിട്ടു താഴെ നോക്കിയപ്പോൾ വിട്ട ശ്വാസം പകുതിക്കു നിന്നു. പ്രബുദ്ധമലയാളികളുടെ അഭിപ്രായങ്ങൾ! ചിലർ ഈ മനോഹരമായ ആചാരം കേരളത്തിൽ വരാത്തതെന്ത് എന്നു പരിതപിക്കുന്നു, ചിലർ ഇതു കേരളത്തിലായിരുന്നെങ്കിൽ ആ ധീരവനിതക്കെതിരെ നടപടികൾ ഉണ്ടായേനെ എന്നു ഭയപ്പെടുന്നു, മറ്റുചിലർ ആ കുട്ടികളോട് കേരളത്തിലേക്ക് വരാൻ പറഞ്ഞു കളിയാക്കുന്നു-ഇവിടെ ആഷിക് അബുവും റിമയും ഉണ്ടത്രേ! ഇതു ചെറിയ സാംപിളുകൾ മാത്രം. ഇതിലും കൂടിയത് അതിലുണ്ട്. കേരളത്തിൽ, അതും സ്വന്തം നാട്ടിന്റെ തൊട്ടടുത്തു കിടക്കുന്ന പത്തനംതിട്ട എന്ന ചെറിയ ഒരു ജില്ലയിലെ ചെറിയ ഒരു കൂട്ടായ്മയിലാണ് ഇതത്രയും കണ്ടത്. അപ്പൊ മൊത്തം കേരളത്തിൽ ഈ ജാതി വിഷങ്ങൾ എത്രയുണ്ടാവും. ഒരു ആണും പെണ്ണും പാർക്കിലോ, കാറിലോ, ഹോട്ടലിലോ ഇരുന്നാൽ അതു അനാശാസ്യം- അതു ചെയ്യുന്നവർക്ക് ശിക്ഷ, മാനഹാനി. ഒരു ബലാത്സംഗം നടന്നാൽ അതു സാധാരണം- പ്രതിക്ക് സർക്കാർ വക വക്കാലത്. ഒരു കഴു......മോൻ ഇന്നലെ ഒരു സ്കൂളിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് കഴിക്കാനുള്ള ഉച്ചഭക്ഷണത്തിൽ വിഷം കലർത്തി. അവൻ ഏതെങ്കിലും ഒരു അവിഞ്ഞ മതത്തിന്റെയോ, ഒരു കൂറ പാർട്ടിയുടെ പിൻബലം ഉള്ളവനാണ് എന്നറിഞ്ഞാൽ സ്വന്തം ഫേസ്ബുക്കിൽ ഒരു വരി കുറിക്കാൻ ഭയക്കുന്നവരാണ്, കാമുകികാമുകന്മാരാണ് കേരളത്തിലെ ഏറ്റവും വല്യ പ്രശ്നം എന്നു പറഞ്ഞു കരയുന്നത്. പറ്റിയാൽ അവരെ തൂക്കികൊല്ലാനുള്ള വകുപ്പുണ്ടോന്നു വരെ അന്വേഷിച്ചു നടക്കുന്നു. ഈ തലമുറയോടെ ഈ വിഷചിന്തകൾ അവസാനിക്കില്ല. കുടുംബസ്വത്ത്, പ്രമേഹം, പൈൽസ്, മതം, രാഷ്ട്രീയം എന്നിവയുടെ ഒപ്പം ഇതും അടുത്ത തലമുറയിലേക്കു പകരും. അവർ അപാര വിഡ്ഢികളും കടുത്ത "സദാചാര"വാദികളായി വളരും. എന്റെ മകന് ഈ നാട് വേണ്ട. ഈ സംസ്കാരം അറിയേണ്ട. അവൻ യുക്തിയുള്ള ഒരു മനുഷ്യനായി വളരട്ടെ. വല്ല പോലീസുകാരുടെയോ സദാചാരനാട്ടുകാരുടെയോ തല്ലു കിട്ടി വളരാൻ അവരുടെ തന്നെ പിൻഗാമികൾ ഉണ്ടാവും. പിൽക്കാലത്തെപ്പോഴെങ്കിലും വിവരക്കേട് കാരണം നശിച്ചു പോയ സംസ്കാരം എന്ന തലക്കെട്ടിൽ ഒരു നല്ല തലമുറ ഇവരെ പറ്റി പഠിക്കട്ടെ!
.
No comments:
Post a Comment