Wednesday, August 24, 2016

Friendship Day Forever.

ലോകസൗഹൃദദിനത്തിൽ സുഹൃത്തുക്കൾ ഇല്ലാത്തതിനെ പറ്റി രാവിലെ എണീറ്റ് വാചകമടിച്ചെങ്കിലും, ചിലരെ ഓർമിക്കാൻ കിട്ടിയ ഒരു അവസരമായിരുന്നു അത്. വെറുതെ ഒരു കണക്കെടുപ്പ്.
ഹരീഷ്: ആദ്യത്തെ സുഹൃത്ത് ഇവനാവും. സ്‌കൂളിൽ രാവിലെ മുതൽ വൈകിട്ട് ബെൽ അടിക്കുന്നത് വരെ തൊട്ടടുത്ത് ഇവനുണ്ടാവും.
ശ്രീജേഷ്: എൽ കെ ജിയിലെ ഉറ്റസുഹൃത്ത്. പിന്നീട് പിരിഞ് വർഷങ്ങൾക്കു ശേഷം വീണ്ടും തമ്മിലറിയാതെ പ്രീഡിഗ്രിക്ക് കണ്ടുമുട്ടി അടികൂടി, പിന്നെ ആത്മാർത്ഥ സുഹൃത്തായവൻ.
ജയദാസ്: അവന്റെ മുറിമലയാളം, ഒരുപാട് സ്നേഹം, ആദ്യത്തെ come-over കൂട്ടുകാരൻ. അവന്റെ വീടിന്റെ മുകളിൽ കേറി നിന്ന് അപ്പുറത്തെ തീയേറ്ററിയിലെ സിനിമയുടെ സൗണ്ട്ട്രാക്ക് കേൾക്കുന്നത് ഇപ്പോഴും നല്ല ഓര്മ.
ലക്ഷ്മി: അമ്മയുടെ കൂട്ടുകാരിയുടെ മകൾ. പിന്നീട് എന്റെ കളിക്കൂട്ടുകാരി. കളിയാക്കിയും പിണക്കിയും ഇണക്കിയും രസിച്ചിരുന്ന നാളുകൾ.
സുമേഷ്/സുധേഷ്‌: കൂട്ടുകാരായി കണ്ടിട്ടില്ല. സഹോദരങ്ങളെ പോലെ എന്തിനും കൂടെ നിന്നിരുന്ന ഇരട്ടകൂട്ടുകാർ. എത്ര അകന്നു നിന്നാലും ഒട്ടും മങ്ങാതെ അടുപ്പം ഉള്ളിൽ തോന്നുന്നവർ.
ബബിത: നാലക്കനമ്പറുകളുടെ കാലത്തു മണിക്കൂറുകൾ ടെലിഫോണിൽ സംസാരിച്ചിരുന്നവൾ- ഭൂമിക്കു കീഴിലുള്ള എന്തിനെപറ്റിയും.
നന്ദൻ: പ്രീഡിഗ്രി സമയത്തെ എന്റെ തോഴൻ. നിഴലുപോലെ കൂടെ നടക്കുന്ന, സ്നേഹിക്കുന്നവർക്ക് ചങ്കു നൽകുന്ന നന്ദൻ.
വീണ: ഈ കണ്ണാടിക്കാരിയോട് മുടിഞ്ഞ പ്രേമമായിരുന്നു. പറഞ്ഞിരുന്നില്ല. പതിനഞ്ചുവര്ഷങ്ങള്ക്കു ശേഷം കണ്ടു, മുടിഞ്ഞ സുഹൃത്തുക്കൾ ആയി. ഇനി ഒരു പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞു വരാമെന്നു പറഞ്ഞു വീണ്ടും പിരിഞ്ഞു.
സജു: എന്നെക്കാൾ സുന്ദരനാണെന്നുള്ള ഭയം തോന്നിയിട്ടും കൂടെ കൊണ്ടുനടന്നവൻ. ഒടുവിൽ അറിയാത്ത ഏതോ കാരണത്തിന്റെ പേരിൽ പകുതിക്കു വെച്ച് ജീവിതം നിർത്തി പോയവൻ.
അനുപ്രകാശ്: സുന്ദരവിഡ്ഢി. കൂടെയില്ലായിരുന്നെങ്കിൽ അതി വിരസമായിരുന്നേനെ, പതിനേഴു മുതൽ ഇരുപതു വരെയുള്ള ജീവിതം.
അശോക് തമ്പാൻ: സിനിമമോഹങ്ങൾ ആദ്യമായി പങ്കുവെച്ച സുഹൃത്ത്. തികച്ചും ഇരുത്തം വന്ന സൗഹൃദം.
സഞ്ജു: യഥാർത്ഥ "ഗീക്" സുഹൃത്തുക്കൾ. ഇന്റർനെറ്റ് പോലുമില്ലാതിരുന്ന കാലത്തു കംപ്യൂട്ടറിന്റെ ജാതകം മുതൽ ഗെയിംസിന്റെ അന്ധകടാഹം വരെ പൊളിച്ചെഴുതിയവർ.
ജോസ്‌മോൻ: ട്രെയിനിന് തലവെക്കേടാ എന്ന് പറഞ്ഞാൽ വെച്ചിട്ടു, തല മാത്രം വന്നു "എന്തെ" എന്ന് ചോദിക്കും, അത്ര നല്ലൊരു സുഹൃത്ത്.
അഭിലാഷ്: എന്നെ തെറി വിളിക്കാൻ വരെ അധികാരമുള്ളവൻ. ഇവൻ എന്നാണെന്റെ സുഹൃത്തായതെന്ന് ഇപ്പോഴും അറിയില്ല.
ആഷി: പോത്തേ എന്നുള്ള വിളി ക്രൂരമായതു കൊണ്ട് ബഫി എന്ന ഓമനപേരിൽ എന്നെ വിളിച്ചിരുന്നവൾ.
ശ്രീവിശാഖ്: ആസ്ട്രേലിയയിൽ തെണ്ടിതിരിഞ്ഞു എല്ലാം മതിയാക്കി തിരിച്ചു വന്നാലോ എന്നോർത്ത് നിക്കുമ്പോ കണ്ട ചിരി. ടെൻഷൻ അടിക്കാൻ സമയമായിട്ടില്ല എന്നിടക്കിടെ ഓര്മിപ്പിക്കുന്നവൻ.
അസ്ഗർ ഭായ്: ഈ ബംഗ്ളാദേശുകാരൻ ഞങ്ങൾ രണ്ടു ഓസ്‌ട്രേലിയൻ മലയാളികളുടെ സ്വകാര്യഅഹങ്കാരമായിരുന്നു.
ബിസ്‌മോൾ: എന്റെ മനസാക്ഷി സൂക്ഷിക്കാൻ എന്റെകയ്യിൽ സ്ഥലമില്ലാത്തതുകൊണ്ട് വിശ്വസിച്ചേൽപ്പിച്ചിരിക്കുന്നവൾ.
ഇവിടെനിന്നങ്ങോട്ടു പിന്നെ ഔദ്യാഗികമായി തുടങ്ങിയ സൗഹൃദങ്ങളാണ്. അവിടെയും ഉണ്ട് ഒരുപാട് പ്രിയപ്പെട്ടവർ. എല്ലാവര്ക്കും നല്ലതു വരട്ടെ.

.

No comments:

Post a Comment