കോടാനുകോടി വർഷങ്ങൾക്കു മുൻപ് ഒരു പ്രപഞ്ചവികസനം. വികസിക്കുന്നതിനൊപ്പം തണുത്തുറയുന്ന കോടാനുകോടി കണങ്ങൾ. പലകണങ്ങൾ കൂടിചേർന്ന് ദ്രവ്യങ്ങളുണ്ടായി. പല സൗരയൂഥങ്ങളുണ്ടായി. അതിലൊന്നിൽ ഒരു സൂര്യനും അതിനെ വലം വെക്കുന്ന ഗ്രഹങ്ങളും. ഭൂമിയിൽ വെള്ളമുണ്ടായി. വായു നിറഞ്ഞു. അവിടെ ആദ്യത്തെ ജീവൻ. വെളിച്ചത്തിനോട് ചെറുതായി പ്രതികരിച്ചിരുന്ന ഒരു അവയവം പിന്നീട് കണ്ണുകൾ ആയി. ജീവൻ പെരുകി. ഓരോ തവണ പെരുകുമ്പോളും മുൻപത്തേക്കാൾ ശക്തരായി, സമർത്ഥമായി വളർന്നു. വെള്ളത്തിൽ നിന്നു ചിലതു കരയിൽ വന്നു. അവിടെയും പെറ്റുപെരുകി - കാലാവസ്ഥക്കും, പരിസ്ഥിതിക്കും വേണ്ട രീതിയിൽ മാറികൊണ്ട്. ഇടക്കെപ്പോഴോ ഉള്ള ഘട്ടത്തിൽ മനുഷ്യൻ. സംക്രമണത്തിന്റെ അവസാനവാക്കൊന്നുമല്ല, മുൻപത്തേതിനേക്കാൾ അല്പം ഭേദം അത്ര തന്നെ. ഇനിയും പരിവർത്തനങ്ങൾ നടക്കും. മനുഷ്യൻ ചങ്ങലയിലെ ഒരു കണ്ണി മാത്രമാവും. ചിലപ്പോൾ ദിനോസറുകളെ പോലെ, ഇവിടം കൊണ്ടവസാനിച്ചു എന്നും വരാം. ദിനോസറുകൾ പോയത് പ്രകൃതിയുടെ സ്വാഭാവികമായ തിരഞ്ഞെടുപ്പിലൂടെ ആയിരുന്നെങ്കിൽ മനുഷ്യൻ പോവുന്നത് സ്വന്തം വിവരക്കേട് കൊണ്ടാവും. ഭൂമിയിൽ അതിരുകൾ ഉണ്ടാക്കി, തന്റെ അറിവ് തീരുന്നിടത്തു ദൈവം എന്നൊരു ഒഴിവുകഴിവ് സൃഷ്ട്ടിച്ചു, എന്നിട്ടതിന്റെ പേരിൽ തന്നെ തമ്മിൽ തല്ലി ചാവുന്നു. പരിവർത്തനത്തിന്റെ ഏറ്റവും നാറിയ ഈ അംശം ഒരു നിമിഷം ആകാശത്തേക്ക് നോക്കി എത്ര നിസ്സാരമാണ് ഇതെല്ലാം എന്ന് കരുതിയാൽ തീരാവുന്നതേ ഉള്ളു, ഈ മൗഢ്യം. സ്വാതന്ത്ര്യം വേണ്ടത് ഈ വിവരക്കേടുകളിൽ നിന്നാണ്. അക്രമങ്ങളിൽ നിന്നും കപടതയിൽ നിന്നുമാണ്. സ്വാതന്ത്ര്യദിനാശംസകൾ.
.
No comments:
Post a Comment