Friday, June 17, 2016

Makuttan Chronicles: Masterchef.

പരമുകുട്ടൻ ഇപ്പൊ അടുത്തില്ലാത്തത് കൊണ്ടു എന്റെ ഭക്ഷണകാര്യത്തെ കുറിച്ചു വലിയ വേവലാതിയാണ് കക്ഷിക്ക്. ഞാൻ തട്ടിക്കൂട്ടി അത്താഴം ഉണ്ടാക്കുന്നത് അവനെ സമാധാനിപ്പിക്കുന്നതും ഇല്ല. ഇക്കാരണങ്ങളാൽ ടിയാൻ എന്നും രാത്രി ഫോണിൽ കൂടി എന്നെ പാചകമുറകൾ പഠിപ്പിച്ചു പോരുന്നു. നിങ്ങളുടെ ആവശ്യങ്ങൾക്കായി ചില മാക്കുട്ടൻ ചേരുവകൾ താഴെ ചേർക്കുന്നു.

ദോശ:
മാവ് എടുത്തു കലക്കി കലക്കി കലക്കി അങ്ങോട്ടും ഇങ്ങോട്ടും ആക്കുക. ദോശ റെഡി.

മസാല ദോശ:
മാവ് എടുത്തു കലക്കി കലക്കി കലക്കി അങ്ങോട്ടും ഇങ്ങോട്ടും ഇടുക. അതിലേക്കു മസാല ഇടുക. മസാല ദോശ റെഡി.

ഉള്ളിദോശ:
ഉള്ളി കട്ട് ചെയ്യ്, കട്ട് ചെയ്യ്, കട്ട് ചെയ്യ്, എന്നിട്ടു ദോശയിലേക്ക് ഇടുക. ഉള്ളിദോശ റെഡി.

ബിരിയാണി:
ക്യാരറ്റ് കട്ട് ചെയ്യ്, കട്ട് ചെയ്യ്, കട്ട് ചെയ്യ്, എന്നിട്ടു ബിരിയാണിയിലേക്ക് ഇടുക. ബിരിയാണി റെഡി.

പിൻകുറിപ്പ്: ഇന്നിപ്പോ ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നു വെള്ളം വന്നത്, അദ്ദേഹത്തിന്റെ അവസാനത്തെ വാചകം കേട്ടിട്ടാണ് ."അങ്ങനെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന ഒരു സാധനം ആണ് ബിരിയാണി". ഇതൊക്കെ എവിടുന്നു പഠിക്കുന്നോ!

.

Wednesday, June 8, 2016

Convention.

ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത് ഒരു പിഞ്ചുകുഞ്ഞാണ്. കുറച്ചുകൂടി തെളിച്ചു പറഞ്ഞാൽ, കഴിഞ്ഞ ദിവസം പരിചയം പുതുക്കിയ ഒരു ചങ്ങാതി സ്വന്തം കുഞ്ഞിനെ " ഇതെന്റെ മോൻ, ദൃഷ്‌ധദ്യുംഷ് ! " എന്ന് പരിചയപെടുത്തിയപ്പോൾ ആ കുഞ്ഞിന്റെ മുഖത്ത് കണ്ട ദയനീയഭാവമാണ്. ഒരു പേരിലെന്തിരിക്കുന്നു എന്ന് പണ്ടൊരു മഹാൻ എഴുതിയിട്ടുണ്ട്. ഒരു കാര്യവുമില്ല! ഇപ്പൊ എല്ലാം പേരിലാണ് എന്ന മട്ടിലാണ് ഈ മത്സരം. പ്രപഞ്ചത്തിൽ മറ്റാർക്കും ഇല്ലാത്ത പേര് എന്റെ കൊച്ചിനിടണം ,അതുകണ്ട് നാട്ടുകാർ എന്റെ നാമീകരണപ്രാവീണത്തെ വാനോളം പുകഴ്ത്തണം.
പണ്ട് ഒരു കുഞ്ഞിനെ പരിചയപ്പെടുന്ന രംഗം ,
തന്ത -"ഇതെന്റെ മോൻ രഘു"
നമ്മൾ - "മോനെ രഘൂ"
ഇങ്ങനെയായിരുന്നെങ്കിൽ, ഇപ്പോളിതിങ്ങനെ മാറിയിരിക്കുന്നു.
തന്ത - "ഇതെന്റെ മോൻ അബ്ഗ്യുക്ത്ത്"
നമ്മൾ - "മോനെ ചക്കരെ"
കുഞ്ഞിനു ഒരു പത്തു വയസാവുന്നത് വരെ ഈ വക പേരുകളൊക്കെ കുടുംബ-സൌഹൃദ കൂട്ടത്തിൽ മഹാകാര്യങ്ങൾ ആണ്. സ്വന്തം പേര് കുഞ്ഞു തന്നെ പറഞ്ഞു പരിചയപെടുത്തെണ്ടി വരുന്നിടം മുതൽ തുടങ്ങി അവന്റെ കഷ്ടകാലം. ഈ കാലത്തിനിടക്ക് ഒരു തവണ പോലും "ഹോ, അവന്റെ പേര് ഒരു സംഭവം തന്നെ" എന്ന വാചകം ഞാൻ കേട്ടിട്ടില്ല. വ്യക്തി ആണ് പ്രധാനം. ഭാവിയിൽ ദ്ര്യ്ഷദ്രുംബക്സ്വ്ത് ഒരു പോലീസ് സ്റേഷനിൽ കയറേണ്ടി വരുന്ന സ്ഥിതി സങ്കല്പ്പിക്കുക. ഒരു കാര്യവുമില്ലെങ്കിലും രണ്ടിടി കൂടുതൽ കിട്ട്ടാൻ ഈ പേര് ഉപകരിക്കും! കൂടുതൽ ഒന്നും പറയാനില്ല- പേരിലല്ല കാര്യം. കുഞ്ഞുങ്ങളെ നന്നായി വളർത്തുക, അവർക്ക് സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടെന്നു തിരിച്ചറിയുക. പേരൊക്കെ അവർ പ്രശസ്തമാക്കികൊളും. 'മമൂട്ട്ടി' എന്നൊരു പേരു വരെ ലോകത്തിന്റെ അങ്ങേ മൂലയിൽ എത്തിയിരിക്കുന്നു, പിന്നെയാ! അപ്പൊ കുട്ടികളെ വെറുതെ വിടുക. വേണമെങ്കിൽ രാജപ്പൻ, എന്നോ സുമേഷ് എന്നോ ഉള്ള സ്വന്തം പേരുകൾ മാറ്റി രാജ്വപ്പ്സ്വ, സുംത്വഷവത് എന്നിങ്ങനെ ഉള്ള ഗംഭീരനാമങ്ങൾ ഇടുക. കുഞ്ഞുങ്ങൾ ന്യൂട്രൽ ആയി ജീവിക്കട്ടെ!


.