അത്ഭുത നീരാളി. കുട്ടികാലത്ത് അനവധി തവണ വായിക്കുകയും ഒരു നിധി പോലെ സൂക്ഷിക്കുകയും ചെയ്തിരുന്ന പുസ്തകം. വളരുംപോൾ നമ്മളോടൊപ്പം പുസ്തകങ്ങളുടെ വലുപ്പവും കൂടുമെന്ന തിരിച്ചറിവിൽ വായന നിർത്തി മറ്റു അനായാസവിനോദങ്ങൾ കണ്ടു പിടിക്കേണ്ടി വന്നപ്പോൾ ഇതും ഏതോ ഒരു പഴഞ്ചാക്കിനുള്ളിലായി. പക്ഷെ ഈയടുത്ത കാലത്ത്, ലോകത്തുള്ള സമസ്തമലയാളികളുടെയും സംസ്ഥാനവികാരമായ നോസ്ടാൾജിയ എന്ന രോഗത്തിന് അടിമപ്പെടുകയും വളരെ ശ്രമപെട്ട് അത്ഭുത നീരാളിയുടെ ഒരു പതിപ്പ് വാങ്ങുകയും ചെയ്തു. അടക്കമുള്ള പുറംചട്ടയിൽ നിന്നും ഫോട്ടോഷോപ്പ് പഠിക്കുന്ന ഏതോ പൈതലിന്റെ എച്ചിൽപാത്രം പോലെ തോന്നിക്കുന്ന പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു.
ആവേശത്തോടെ വായിക്കാൻ തുടങ്ങി, അതേ വേഗത്തിൽ തന്നെ അടച്ചു വെച്ചു. കാരണം വിശദമായി തന്നെ പറയാം. രണ്ടു കുട്ടികളുടെ അവധികാലസാഹസങ്ങൾ ആണ് കഥയുടെ ചുരുക്കം. എണ്പതുകളുടെ അവസാന കാലഘട്ടത്തിൽ അന്നത്തെ സാങ്കേതങ്ങൾ ഉപയോഗിച്ച് മനോഹരമായി അവതരിപ്പിച്ച ഒരു ശാസ്ത്ര-ഫിക്ഷൻ ആയിരുന്നു അത്ഭുത നീരാളി. തുടക്കത്തിൽ കൂട്ടുകാരന്റെ വീട്ടിലിരുന്ന് അവന്റെ വി.സി.ആറിൽ JAWS എന്ന സിനിമ കാണുന്ന ഒരു രംഗം നായകന്മാർ വർണിക്കുന്നുണ്ട്. 2015-ൽ വി.സി.ആർ എന്നത് ഡി.വി.ഡി യും JAWS എന്നത് FINDING NEMO ആയും മാറിയിരിക്കുന്നു! അത് പോരാഞ്ഞിട്ടാവണം കഥയിലുടനീളം ഫേസ്ബുക്ക്, ഇമെയിൽ, മൊബൈൽ എന്നിങ്ങനെ കഥാപാത്രങ്ങളെ കൊണ്ട് പറയിക്കുക്കുന്നുമുണ്ട്. പുതിയ തലമുറയിലെ കുട്ടികളെ ആകർഷിക്കാൻ ചേർത്ത ഈ "വിപ്ലവകരമായ മാറ്റം" ഏതു ബുദ്ധിയിൽ ഉദിച്ചതാണെന്ന് അറിയില്ല - ഏതായാലും കെ.വി.രാമനാഥന്റെ ആവാൻ വഴിയില്ല. ഒരു സാഹിത്യ സൃഷ്ടി - അത് സിനിമയോ, കഥയോ, ചിത്രമോ എന്തുമായിക്കൊള്ളട്ടെ, ആ കാലഘട്ടത്തിന്റെ കണ്ണാടി ആവണം. അക്കാലത്തെ ഒരു കഥ വായിക്കുമ്പോൾ അറിയാതെ നമ്മൾ ആ ഘട്ടത്തിലേക്ക് യാത്ര ചെയ്യണം. അന്നത്തെ രാഷ്ട്രീയം, സംസ്കാരം, സാങ്കേതികത എന്നിവയെ പറ്റി എല്ലാം പഠിക്കാൻ കഴിയണം. ഇതൊന്നുമില്ലെങ്കിലും ഏറ്റവും കുറഞ്ഞത് ഞാൻ മുൻപ് പറഞ്ഞ നൊസ്റ്റാൽജിയക്ക് ഒരു സമാധാനമെങ്കിലും ഉണ്ടാക്കണം! ഈ അത്യാധുനിക പതിപ്പിനോട് ആ പഴയ കുട്ടി ക്ഷമിക്കില്ല. ഈ പുതിയ ഞാനും.
.
No comments:
Post a Comment