Saturday, January 16, 2016

Makuttan Chronicles: Corny!

തീന്മേശയിൽ ചൂട് വിഭവങ്ങൾ വന്നു നിരന്നു.പരമു പതിവ് പോലെ ഓരോന്നായി എടുത്തു എന്നോട് ചോദിച്ചു തുടങ്ങി,
- ഇതെന്താണ്?
- ഇത് പൊട്ടട്ടോ.
- ഇതെന്താണ്?
- ഇത് കാരറ്റ്.
- ഇതെന്താണ്?
- ഇത് ബേബി കോൺ.
- ബേബി ഒന്നും വേണ്ട. പപ്പയുടെ മോൻ ഒന്നുമല്ലല്ലോ, കോൺ എന്ന് പറഞ്ഞാ മതി!



.

Friday, January 15, 2016

The Sopranos.

കോമഡി ഷോകളും തീരെ നിലവാരമില്ലാത്ത സോപ്പ് ഓപെറകളും അരങ്ങു തകർത്തു കൊണ്ടിരുന്ന കാലത്താണ് അത് വരെ ഉണ്ടായിരുന്ന ടെലിവിഷൻ സങ്കൽപ്പങ്ങളെ പാടെ നിരാകരിച്ച്, "ദി സൊപ്രാനോസ്" നിർമ്മിക്കപ്പെട്ടത്. ടോണി സൊപ്രാനൊ എന്ന ഗാങ്ങ്സ്ടറിന്റെ കഥ; മാറ്റിമറിചത് കുറെയേറെ expectations ആണ് - സീരിയൽ കഥ പറച്ചിൽ രീതികളെ കുറിച്ച്, പ്രേക്ഷകരുടെ ടോളറന്സിനെ കുറിച്ച്. "ദി സൊപ്രാനോസ്" വളരെ പെട്ടെന്ന് ജനപ്രീതി നേടുകയും അതിന്റെ സൃഷ്ടാവായ ഡേവിഡ്‌ ചേസ്, മോഡേൺ ടെലിവിഷന്റെ ഗോഡ് ഫാദർ ആയി പ്രഖ്യാപിക്കപെടുകയും ചെയ്തു. ഇതൊക്കെ മിക്കവർക്കും അറിയാവുന്ന കാര്യങ്ങൾ ആണ്. ഈ സീരിസിനെ കുറിച്ച് സ്വകാര്യമായ ചില അഭിപ്രായങ്ങൾ പറയാൻ ഒരു ആമുഖമായി പറഞ്ഞന്നേ ഉള്ളു.
ഞാൻ ആദ്യമായി കണ്ട ടെലിവിഷൻ ഷോ, ദി വൺഡർ ഇയെർസ് ആണ്. പിന്നീടും ധാരാളം സീരിയൽ കണ്ടിരുന്നു എങ്കിലും ഒരു സീരീസിനു addict ആകുകയാണ് എന്ന് തോന്നിയത് "ദി സൊപ്രനൊസ്" കാണുമ്പോൾ ആണ്. ടെലികാസ്റിംഗ് സമയത്ത് കാണാൻ സാധിച്ചിരുന്നില്ല - കണ്ടിരുന്നെങ്കിലും കുട്ടിക്കാലത്ത് മനസിലാകുമോ എന്ന് സംശയമാണ്. ടോണി (ജെയിംസ്‌ ഗാണ്ടോൾഫിനി) സ്വന്തം വീട്ടിൽ, anxiety അറ്റാക്ക്‌ വന്നു ബോധം കേട്ട് വീഴുന്നിടതാണ് സീരിയൽ തുടങ്ങുന്നത്. എന്റെ ആദ്യ പാനിക് അറ്റാക്കിനെ തുടർന്ന് മരുന്ന് കഴിച്ചു തുടങ്ങിയ സമയമായിരുന്നു അത്. ആ ഒരു സീനോട് കൂടി ടോണിയിൽ എന്നെതന്നെ കാണാൻ തുടങ്ങി. We had so much in common (Definitely not mafia but the rest). സിനിമാടിക് ആയി ഒരു പ്രത്യേക വ്യാകരണം തന്നെ ഉണ്ടായിരുന്നു, "ദി സൊപ്രനൊസ്" എന്ന ഒരു മണികൂർ എപിസോടുകൾക്ക്. മലയാള-സീരിയൽ കലാകാരന്മാരുടെ ചിന്തകൾക്ക് അപ്രാപ്യമായ ഒന്ന്. ഏറെ നാളായി എഴുതണം എന്ന് കരുതിയ, എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ ഒരു എപിസോടിനെ കുറിച്ച് പറയാം.സീരിയൽ അവസാന ഭാഗങ്ങളിലേക്ക് അടുക്കുമ്പോൾ ആണ് ഈ സംഭവം. ടോണിയുടെ കുടുംബജീവിതം തിരിച്ചുവരവില്ലാത്തത് പോലെ തകര്ന്നിരിക്കുന്ന ഒരു സമയമാണ്. ആർക്കും വേണ്ടാത്ത, തലക്കിപ്പോ അത്ര വെളിവില്ലാത്ത അയാളുടെ ചിറ്റപ്പനെ അയാൾ നോക്കുന്നുണ്ട്. ഒരു ദിവസം ചിറ്റപ്പന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി കൊണ്ട് ടോണി അത്യാസനനിലയിൽ ഹോസ്പിറ്റലിൽ ആകുന്നു. പിരിഞ്ഞു താമസിക്കുന്ന അയാളുടെ ഭാര്യയും മകളും മകനും ഓടി എത്തുന്നുണ്ട്. ടോണി ഈ സമയം മുഴുവൻ കോമയിലും. പിന്നീടുള്ള ഒരു എപിസോഡ്, ടോണിയുടെ ഉപബോധ മനസ്സിൽ നടക്കുന്ന ഒരു കഥയാണ്‌.
ഒരു ഹോട്ടൽ മുറിയിൽ ഉറക്കമുണരുകയാണ് ടോണി. അയാൾ അപ്പോൾ ടോണി സൊപ്രനൊ എന്ന അധോലോക നായകനല്ല. ഒരു കോൺഫറൻസ് അറ്റൻഡ് ചെയ്യാൻ വന്നിരിക്കുന്ന ഒരു optics salesman ആണ്. അയാളുടെ ജനലിലൂടെ നോക്കിയാൽ ദൂരെ ഒരു പ്രത്യേക നിറത്തിലുള്ള ലൈറ്റ് എരിയുന്നത് കാണാം. ടോണി അതിടക്കിടക്ക് നോക്കി നില്ക്കുന്നതായി കാണിക്കുന്നുണ്ട്. കോൺഫറൻസിന് പോവുന്ന ടോണിക്ക് ID ഇല്ലാത്തതു കാരണം പ്രവേശനം ലഭിക്കുന്നില്ല. തന്റെ കയ്യിലുള്ള ബാഗ്‌ പരിശോധിക്കുമ്പോൾ അത് കെവിൻ ഫിന്നെർറ്റി എന്നയാളുടെതാണ് എന്ന് ടോണിക്ക് മനസിലാവുന്നു. I am not writing too many spoilers here. ഒടുവിൽ പടിയിൽ നിന്ന് വീണു പരിക്ക് പറ്റുന്ന ടോണി ഒരു ഹോസ്പിറ്റലിൽ എത്തുകയും, തന്റെ പേര് കെവിൻ ഫിന്നെർറ്റി എന്നാണെന്നും തനിക്കു അൽഷൈമെർസിന്റെ തുടക്കമാണെന്നും അറിയുന്നു. തിരിച്ചു ഹോട്ടലിൽ എത്തുന്ന ടോണി ജനലിലൂടെ വീണ്ടും ആ പ്രകാശം കാണുന്നു.
ഈ സ്വപ്നം ഒരു symbolic model ആണ്. ടോണി ഒരു ഗങ്ങ്സ്റ്റെർ അല്ലായിരുന്നെകിൽ ആരായിരുന്നേനെ എന്നുള്ള ടോണിയുടെ ചിന്തകളിൽ നിന്നുണ്ടായ സ്വപ്നമാവാം.അത്രയും നന്നായി ആവിഷ്കരിച്ച ഒരു സ്വപ്നം സിനിമകളിൽ പോലും കാണില്ല. കൂടെ, കേൾക്കുമ്പോൾ വല്ലാത്തൊരു ഭയവും നഷ്ടബോധവും തോന്നുന്ന ഒരു പാട്ടും; മോബിയുടെ "വേർ വേർ യു വെൻ ഐ വാസ് ലോൺസം"

.

Tuesday, January 12, 2016

Makuttan Chronicles: All Hands!

അങ്ങനെ പൊട്ടിചിരിക്കാറുള്ള ഒരാളല്ല ഞാൻ. അതുകൊണ്ട് പരിസരം മറന്നു വരുന്ന ചിരി അടക്കാൻ പാടുപെട്ടിട്ടില്ല.അങ്ങനെ ഒരു സാഹചര്യം കുറച്ചു നാൾ മുൻപേ ഉണ്ടായി. കാരണം നമ്മുടെ പരമുകുട്ടൻ തന്നെ. ഒരു ശനിയാഴ്ച ഓഫീസിൽ അത്യാവശ്യമായി ഒരു മീറ്റിങ്ങിനു വരേണ്ടി വന്നു. സിംഗപ്പൂരിൽ നിന്ന് വി.പി ഒക്കെ ഉണ്ട്. പരമുകുട്ടന്റെ ഭാഷയിൽ "സാറ്റർടെ സൺടെ മാകുട്ടനും പപ്പയും അച്ചുപോളിച്ചുന്ന ദീസമാണ്". ഒടുവിൽ ഒരു ധാരണയിൽ എത്തി. അവൻ എന്റെ കൂടെ മീറ്റിങ്ങിനു വന്നിരിക്കും, അതുകഴിഞ്ഞ് ടോയ്സ് വാങ്ങി കൊടുത്താൽ മതി. അങ്ങനെ ഞങ്ങൾ സ്ഥലത്തെത്തി. മീറ്റിംഗ് തുടങ്ങി. വി.പി ഭാവി പരിപാടികളെ കുറിച്ചും പുരോഗതിയെ കുറിച്ചും വാചാലനാകുകയാണ്. പരമു ഇടയ്ക്കു എന്റെ ചെവിയിൽ ചോദിച്ചു "പപ്പാ, നമ്മൾ എപോഴാ ടോയ്സ് മേടിക്കാൻ പോവുന്നെ?". "ഇയാൾ പറഞ്ഞു കഴിഞ്ഞാൽ ഉടനെ നമ്മൾ പോവും", ഞാൻ ഉറപ്പു നല്കി. ഒരു മണിക്കൂറു കൂടി കഴിഞ്ഞു. വി.പി പുതിയ മാനേജ്മെന്റിനെ പറ്റി സംസാരിച്ചു തുടങ്ങിയിരിക്കുന്നു. പെട്ടെന്ന് അത് സംഭവിച്ചു. എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് ആ മുറി കിടുങ്ങുന്ന ശബ്ദത്തിൽ പരമുകുട്ടൻ ചോദിച്ചു, "ഇയാൾ എന്താ നിർത്താത്തെ!!!"???

.

Monday, January 11, 2016

The FlowerPot Phenomenon.

പണ്ട് പണ്ട്...എന്ന് വെച്ചാൽ എന്നെ പറ്റി എനിക്ക് തന്നെ വല്യ പ്രതീക്ഷ ഒന്നും ഇല്ലാത്തത്ര പണ്ട്.
ഒരു ഞായറാഴ്ച, അമ്മയും അച്ഛനും വീട്ടിനു മുന്നിൽ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വര്ഷങ്ങളായി ഒരേ സ്ഥലത്ത് അടുക്കി വെച്ചിരിക്കുന്ന ഓർക്കിഡ് ചെടിച്ചട്ടികൾ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ മാറ്റി വെയ്ക്കുന്ന പണിയിലാണ് - ഒരു മഹാത്ഭുത-പ്രതിഭാസത്തിനു അന്ന് അവർ സാക്ഷികളാവുന്നു. ഓരോ ചെടിച്ചട്ടികൾ മാറ്റുമ്പോഴും അതിരുന്ന സ്ഥാനത്ത് നിന്നും ഒരു തൂവെള്ളപുഷ്പം വിടർന്നു വരുന്നു. ഇത് എല്ലാ ചെടിച്ചട്ടികളിലും കണ്ടതോടെ അവർ ആശങ്കാകുലരായി. ചട്ടി പോക്കുന്നതിനൊപ്പം മെല്ലെ വിരിഞ്ഞു സാമാന്യം പ്രായം ചെന്ന ഒരു താമര പൂവിനത്രയും വിരിയുന്ന പൂക്കൾ! അവസാനത്തെ ചെടിച്ചട്ടി മാറ്റുന്നത് വരെ ഇത് തുടർന്നു. ഇതിനിടയിൽ വളരെ വിചിത്രമായ ഒരു സംഗതി ഇവരുടെ കണ്ണിൽ പെട്ടിരുന്നു. അവ കടലാസ് പൂക്കൾ ആയിരുന്നു.
ഇനി ഇവിടെ നിന്ന് ഏകദേശം അഞ്ചാറു മാസങ്ങൾക്ക് പിന്നിലേയ്ക്ക് നമുക്ക് പോവാം. വിയർത്തു കുളിച്ചു സൈക്കളിൽ വരുന്ന ഞാൻ. ആരും കാണാതെ മുറ്റത്തെ തോട്ടത്തിലേക്ക് ഇറങ്ങുന്നു. ബാഗ്‌ തുറന്ന് വിറയ്ക്കുന്ന കൈകളോടെ അവ പുറത്തെടുക്കുന്നു. പരീക്ഷയുടെ ഉത്തരകടലാസുകൾ. ഒരെണ്ണം ഒന്ന് തുറന്നു നോക്കുന്നു - കണക്കാണ്. അൻപതിൽ പതിനഞ്ച്. നെടുവീർപ്പോടെ കടലാസ് പരമാവധി ചെറുതായി മടക്കുന്നു. ശ്രദ്ധാപൂർവം ഓരോന്നും ഓരോ ചെടിച്ചട്ടിയുടെ അടിയിലേക്ക് വെയ്ക്കുന്നു. ഒരു ഭാരം ഒഴിച്ച് കളഞ്ഞ ആശ്വാസത്തോടെ ഞാൻ വീട്ടിനുള്ളിലേക്ക് കയറുന്നു.

.

Makuttan Chronicles: Love for Animals.

പരമു: പപ്പാ പപ്പാ, പപ്പാ എന്താ അപ്പൂപ്പനെ പോലെ മീശ വെക്കാത്തെ?
ഞാൻ : പപ്പ അങ്ങനെ മീശ വെച്ചിട്ട് വന്നാൽ മാകുട്ടൻ ഞെട്ടിപോവില്ലേ?
പരമു : മാകുട്ടൻ ഞെട്ടില്ല, നോ നോ. അനിമൽസിനെ ഇഷ്ടമാണ്.

.

Thank You Neurons!

8-1-2016
11.48 PM

സ്കൂട്ടറിന്റെ വേഗത കാരണം കണ്ണിൽ നിന്ന് വരുന്ന വെള്ളം കൂടി കട്ടിയാക്കാൻ പോന്നത്ര തണുത്ത കാറ്റ്. എന്റെ ദേഹമാസകലം വിറയ്ക്കുന്നു - എന്നാലും വേഗത കുറയ്ക്കാൻ നിർവാഹമില്ല. ഇപ്പൊ തന്നെ വൈകിയിരിക്കുന്നു. പണ്ട്രണ്ടു മണിയാവാൻ ഇനി അധികനിമിഷങ്ങൾ ഇല്ല. ഫോണ്‍ നിർത്താതെ അടിക്കുന്നത് എനിക്ക് അറിയാൻ കഴിയുന്നുണ്ട്. വ്ലാട് ആവണം. നഗരത്തിലെ തിരക്കുകളും വെളിച്ചങ്ങളും താണ്ടി വളരെദൂരം ഞാൻ എത്തിയിരിക്കുന്നു. റോഡിന് ഇരുവശവും പേടിപ്പിക്കുന്ന ഇരുട്ട് മാത്രം. 

വണ്ടിയുടെ മങ്ങിയ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ തെളിയുന്നത് വളരെ കുറവും. ഭാഗ്യം, വ്ലാട് പറഞ്ഞ സ്ഥലത്ത് തന്നെ ഉണ്ട്. എന്നെ കണ്ടയുടൻ ഉദ്വേഗത്തോടെ തന്റെ കാൽ നിലത്തു ആഞ്ഞ് ചവിട്ടി ചൂളം വിളിച്ചു."നിങ്ങൾ വൈകിയിരിക്കുന്നു".വികൃതമായ ഇംഗ്ലീഷിൽ അയാൾ വിളിച്ചു പറഞ്ഞു. റഷ്യൻ വംശജനാണ് വ്ലാട്. ഏറെകാലമായി നമ്മുടെ നാട്ടിലുണ്ട്. ഞാൻ സ്കൂട്ടർ റോഡിന്റെ ഒരു വശത്തേക്ക് നിർത്തി വെച്ച് ഇറങ്ങി ചെന്നു. "ഇപ്പോൾ തന്നെ വൈകിയിരിക്കുന്നു, ക്യാമറ എവിടെ?" വാക്കുകകൾ അയാളുടെ വായിൽ നിന്ന് പുകച്ചുരുളുകളോടൊപ്പം വന്നു. ഞാൻ കയ്യിലിരുന്ന ക്യാമറ കൊടുത്തു. റഷ്യൻ ഭാഷയിൽ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അയാൾ വശത്തെ കുന്നു കേറി മറഞ്ഞു. ജാക്കറ്റിന്റെ ഹൂഡ് തലയിലേക്ക് വലിച്ചിട്ട് ഞാൻ മെല്ലെ സ്കൂട്ടറിനു അടുത്തേക്ക് നടന്നു. മഞ്ഞിലൂടെ ദൂരെ സ്കൂട്ടർ അവ്യക്തമായി കാണാമായിരുന്നു. ഒരു മനുഷ്യന്റെ നിഴൽ പുകമറയെ കീറിമുറിച്ച് ഓടുന്നതായി എനിക്ക് തോന്നി. തോന്നൽ തന്നെയായിരുന്നോ? സ്കൂട്ടറിനു അടുത്തെത്താനാവുന്നു. കാഴ്ച കുറേകൂടി വ്യക്തമാണ്‌. ഒരു ചുവന്ന പ്രകാശം മിന്നിമായുന്നു. ആംബുലൻസ് ലൈറ്റ് പോലെ. സ്കൂട്ടറിൽ നിന്നാണ്. പെട്ടെന്ന് വലിയൊരു ശബ്ദത്തോടെ എന്റെ തലയ്ക്കു മുകളിലൂടെ സ്കൂട്ടറിന്റെ വലതു പാളി പറന്നു പോയി. ചില്ലുകഷണങ്ങൾ പോലെയെന്തോക്കെയോ എന്റെ മുഖത്തേക്കും തെറിച്ചു. കരിയുന്ന മണം. ഞാനിപ്പോ നിലത്തു കിടക്കുകയാണ്. കൈകൊണ്ടു മുഖത്ത് തടവിനോക്കി. അങ്ങിങ്ങ് ചോര പോടിയുന്നുണ്ട് - വല്ലാത്ത നീറ്റൽ. ഞാൻ എഴുന്നേറ്റ് മുന്നോട്ടു തന്നെ നടന്നു. സ്കൂട്ടർ അവിടെയില്ല. മറുവശത്തെ കുന്നിന്റെ മുകളിലൂടെ മനുഷ്യരൂപങ്ങൾ ഓടുന്നത് കാണാം. അവരുടെ പിന്നിൽ, കുന്നിന്റെ മറവിൽ- ചെറിയ ചെറിയ സ്‌ഫോടനങ്ങൾ നടക്കുന്നു. ഓരോന്നും പ്രകാശത്തിന്റെ ഒരു വലിയ തിര കുന്നിനിപ്പുറത്തേക്ക് ഒഴുക്കി വിടുന്നു. ഓരോ തവണയും മനുഷ്യരൂപങ്ങൾ എന്റെ മേലേ ഭീമാകാരമായ നിഴലുകൾ സൃഷ്ടിക്കുന്നു.
.......
തലച്ചോറിനു നന്ദി. 
വിരസമായ പകലുകൾക്കും ഉദ്വേഗജനകമായ സ്വപ്നങ്ങളും!

.

WTF.

Woke up at 10. Started researching on the Black Mamba snake of Sub-Saharan Africa till 6 for no apparent reason. Now I am like, what the hell just happened?

Makuttan Chronicles: The Composition Error.

ടർർർർർർർ...ടർർർർർർർ
ഞാൻ : ഹലോ
പരമു : അലോ, ഒരു കാറ്യം പറയാനുണ്ടായിന്ന്നു
ഞാൻ : പറ പരമുകുട്ടാ
പരമു : മാക്കുട്ടന് lion king ലെ സിംബയും മങ്കിയും വേണം.
ഞാൻ : പപ്പ കടയിലാണ്. ഇവിടെ സിംബ മാത്രമേ ഉള്ളു.
പരമു : നോ നോ! അവിടെ മങ്കി ഉണ്ട്.
ഞാൻ : വിശ്വാസമില്ലെങ്കിൽ ഫോട്ടോ എടുത്ത് മുത്തശന്റെ ഫോണിൽ അയക്കാം.
പരമു : ആ അയക്കു
(ഞാൻ ഫോണ്‍ എടുത്തു. മങ്കി കടയിൽ ഉണ്ട്. എന്നാലും എല്ലാരും പറയുന്ന പോലെ ചോദിക്കുന്നതൊക്കെ വാങ്ങി കൊടുത്തു വഷളാക്കി എന്ന് വേണ്ട! മങ്കി ഫ്രേമിൽ വരാത്ത പോലെ സിംബയുടെ മാത്രം ഒരു ഫോട്ടോ എടുത്തു അയച്ചു.)
ടർർർർർർർ...ടർർർർർർർ
ഞാൻ : ഹലോ
പരമു : അലോ, ഒരു കാറ്യം പറയാനുണ്ടായിന്ന്നു
ഞാൻ : എന്താടാ
പരമു: അവിടെ മങ്കി ഉണ്ട്. മാക്കുട്ടൻ ഫോട്ടോയിൽ വാല് കണ്ടു!
(ദൈവമേ, ഫ്രേമിൽ വാല് പെട്ടോ? ഇനി വാങ്ങാതെ വേറെ രക്ഷയില്ല)
ഞാൻ : എടാ, നീ ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു. ഹം, ശരി ശരി. മങ്കി വാങ്ങാം.
പരമു: പപ്പാ പപ്പാ, ഒരു കാറ്യം പറയാനുണ്ടായിന്ന്നു
ഞാൻ : എന്താടാ
പരമു : വാല് കണ്ടു ന്നു മാക്കുട്ടൻ ചുമ്മാ പറഞ്ഞതാണ്!
ഞാൻ : എടാ ഭയങ്കരാ!!!

.

Makuttan Chronicles: Moral of the Day.

കുറച്ചു നാളുകൾക്കു മുൻപ് ; രാത്രിയുടെ അന്ത്യയാമങ്ങളിൽ ഏതോ ഒന്നിൽ;
പരമു : പപ്പാ പപ്പാ , ഒരു കഥ.
ഞാൻ : ഒരു കാട്ടിൽ ഒരു സിംഹം ഉണ്ടായിരുന്നു, രാവിലെ മുതൽ പണിയെടുത്ത് - ഛെ, വേട്ടയാടി ക്ഷീണിച്ച സിംഹം അന്ന് സമയത്തിന് കിടന്നുറങ്ങി. അങ്ങനെ ഒരു കഥ!
പരമു : (മൌനം) ഈ കഥയുടെ "ഗുണ്‍പാടം" എന്താണ്?
ഞാൻ : ഹെന്ത്?
പരമു :ഈ കഥയുടെ "ഗുണ്‍പാടം".... എന്താണ്?
ഞാൻ : എന്തേലും ഗുണപാഠം ഉണ്ടെങ്കിൽ ഞാൻ അങ്ങോട്ട്‌ പറയും, നീ ചോദിക്കണ്ട!
പരമു : പപ്പ ഒരു വിഡ്ഢിയാണ്.

.

The Ultimate Fear.

അന്നും ഇന്നും എന്നെ ഏറ്റവും ഭയപ്പെടുത്തുന്നത് - വിവരദോഷികൾ ഇരുന്നു ചിന്തിക്കുന്ന കാഴ്ചയാണ്. 
അവർ എന്താണ് അനുമാനിക്കുന്നത് എന്ന ചിന്ത എന്നെ ഭീതിയുടെ അഗാധതയിലേക്ക് ചവിട്ടിതാഴ്ത്തുന്നു.

.

Rahmanism=Nostalgia.

ന്റർനെറ്റും ഫോണുകളും ഒന്നുമില്ലതെയിരുന്ന ഒരു കാലത്ത്, രണ്ടു കിലോമീറ്ററോളം വെയിലത്ത്‌ നടന്ന് ചെന്ന് കാസറ്റ് കടയിൽ കേറി ഒരു സംഗീത സംവിധായന്റെ പുതിയ കാസറ്റ് വന്നിട്ടുണ്ടോ എന്ന് ചോദിച്ചിരുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു - ഛെ, ക്ഷമിക്കണം, ആ ഒഴുക്കിൽ വന്നു പോയതാണ്. അങ്ങനെ ചോദിച്ചു പോയിരുന്നത് ഞാൻ തന്നെയായിരുന്നു. പലപ്പോഴും നിരാശയാവും ഫലം. എങ്കിലും ചിലപ്പോഴൊക്കെ തിരിച്ചുള്ള വരവ് പതിന്മടങ്ങ്‌ വേഗത്തിലാക്കാനും ഒരു കാഴ്ചക്ക് കഴിഞ്ഞിരുന്നു. പല വർണ്ണത്തിലുള്ള കാസറ്റുകൾ അടുക്കി വെച്ചിരിക്കുന്ന ഷെൽഫിൽ ഒരു പുതിയ അവതാരം. തമിഴിൽ ഉള്ള പേരുകളുടെ ഇടയിൽ പെട്ടെന്ന് തിരഞ്ഞു കണ്ടെത്തുന്ന ഒരു പേര്, A.R.ജബജബ (എ.ആർ.റഹ്മാൻ തന്നെ.പക്ഷെ തമിഴ് വായിക്കാൻ അറിയില്ലല്ലോ). എങ്കിലും ആ A.R ൽ നിന്ന് മനസിലാവും അതാരാണെന്ന്. അത് വാങ്ങി ഒരോട്ടമാണ്. വീട്ടിലെത്തി കതക് പൂട്ടി ഹൈ-ഫിടിലിട്ടി സിസ്ടത്തിൽ കഴിയുന്നത്ര ഉച്ചത്തിൽ അത് വെച്ചു കേൾക്കാതെ ഒരു സ്വസ്തതയുമില്ലാ!! (നെടുമുടി.ജെ.പി.ജി). ഇപ്പൊ പെട്ടെന്ന് ഇതോർക്കാൻ കാരണം രാവിലെ കണ്ട ചില പഴയ കാസറ്റ് കവറുകളാണ്.

.

Scents of Life.

എന്റെ മണ-ഓർമകൾ :
1. ഫ്ലാസ്ക് പാൽ : സ്കൂളിലെ ആദ്യദിനം. ആദ്യമായി വെയിൽ കൊണ്ടതും അന്നായിരിക്കും. കുറച്ചു പടികൾ കേറി വേണം സ്കൂളിൽ എത്താൻ. അവിടെ ഒറ്റയ്ക്ക് നിന്ന് ആകാശത്തേക്ക് നോക്കിയത് എനിക്കിപോഴും ഇന്നലത്തെത് പോലെ ഓർമയുണ്ട്.
2. മോട്ടി സാന്ടൽ റൌണ്ട് സോപ്പ് : മാലക്കരയിലെ വീട്. അപ്പച്ചിയുടെ സ്ഥിരം സോപ്പ് ആയിരുന്നു. കരിമ്പിൻ കാടും, ആറും, ഇരുണ്ട കിടപ്പ് മുറിയും, ടേബിൾ ഫാനിന്റെ കർകർ ശബ്ദവും, അമ്മച്ചിയുടെ കഥകളും, തട്ടി ഉറക്കലും ഓർമ വരും.
3. പുതിയ മണ്ണിന്റെ മണം (Petrichor): ചെങ്ങന്നൂർ വീട്, അവധികാലം, പുറത്തു നേരിയ മഴ, രാവിലെ പുറത്തു പേരയുടെ അടിയിൽ നിന്നുള്ള പല്ലുതേപ്പ്.
4. പുതിയ പുസ്തകത്തിന്റെ മണം: ആദ്യമായി സ്കൂളിൽ നിന്ന് തന്ന പുസ്തകം, അത് കയ്യിൽ കിട്ടിയപ്പോൾ ഉണ്ടായ സന്തോഷം.
5. ചൂട് കാപ്പിയുടെ മണം: രാവിലെ 6 മണിക്ക് സൈക്കിളിൽ ട്യുഷൻ ക്ലാസ്സിലേക്കുള്ള യാത്ര. വഴിയിലെ പട്ടികളോട് സംസാരിച്ചും, മൂടിപുതച്ചു കടവരാന്തയിൽ കിടക്കുന്നവരെ ചീത്ത വിളിച്ചും, ഒരു ആവശ്യവുമില്ലാത്ത ഒരു യാത്ര!
6. പോണ്ട്സ് : അമ്മ
7. മാക്കുട്ടന്റെ മണം : മാക്കുട്ടൻ.


.

Movies, First.

ആദ്യമായി വി എച് എസിൽ കണ്ട സിനിമ : Jaws 
ആദ്യമായി തീയറ്ററിൽ കണ്ട സിനിമ : മൈ ടിയർ കുട്ടിച്ചാത്തൻ
ആദ്യമായി ഒന്നിൽ കൂടുതൽ തവണ തീയേറ്ററിൽ കാണേണ്ടി വന്ന സിനിമ : താളവട്ടം
ആദ്യമായി അച്ഛനും അമ്മയും കൂടെയില്ലാതെ തീയറ്ററിൽ കണ്ട സിനിമ : അപരൻ 
ആദ്യമായി ഹോട്ടൽ ഇൻ ഡിമാൻഡിൽ കണ്ട സിനിമ : ഹണി, ഐ ഷ്രങ്ക് ദി കിഡ്സ്‌ 
ആദ്യമായി ഒരു ചലച്ചിത്ര മേളയിൽ കണ്ട സിനിമ : ബഷു,ഗരിബിയെ കൂചക്
ആദ്യമായി കേബിൾ ടിവിയിൽ കണ്ട സിനിമ : ദി ബിഗ്‌ ബെറ്റ്
ആദ്യമായി കൂട്ടുകാരുടെ കൂടെ പോയി കണ്ട സിനിമ : തിരുടാ തിരുടാ
ആദ്യമായി ക്ലാസ്സ്‌ കട്ട്‌ ചെയ്തു പോയി കണ്ട സിനിമ : ചന്ദ്രലേഖ
ആദ്യമായി ഒരു കാര്യവുമില്ലാതെ വെറുതെ ഒറ്റയ്ക്ക് വീട്ടിൽ നിന്നിറങ്ങിപോയി കണ്ട സിനിമ : ജോക്കർ
ആദ്യമായി വി സി ഡിയിൽ കണ്ട സിനിമ : ആനകോണ്ട
ആദ്യമായി കംപ്യുട്ടറിൽ കണ്ട സിനിമ : ദി എക്സൊർസിസ്റ്
ആദ്യമായി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട സിനിമ : ദിൽസെ
ആദ്യമായി ഒരു പെണ്‍കുട്ടിയുടെ കൂടെ കണ്ട സിനിമ : മുല്ലവള്ളിയും തേന്മാവും
ആദ്യമായി ഡിവിഡിയിൽ കണ്ട സിനിമ : ദി മമ്മി റിട്ടേണ്‍സ്
ആദ്യമായി ഇൻ ഫ്ലൈറ്റ് എന്റർറ്റൈൻമെന്റിൽ കണ്ട സിനിമ : മടഗാസ്കർ
ആദ്യമായി ഡൌണ്‍ലോഡ് ചെയ്ത സിനിമ : വാർ ഓഫ് ദി വേൾഡ്സ്
ആദ്യമായി ഒരു വിദേശ രാജ്യത്തു പോയി കണ്ട സിനിമ: ദി ഡാവിഞ്ചി കോഡ്‌
ആദ്യമായി മൾടിപ്ലക്ക്സിൽ കണ്ട സിനിമ : ദി ഹോളിഡേ
ആദ്യമായി സ്വന്തം കാശ് മുടക്കി കണ്ട സിനിമ : ഐ അം ലെജെന്റ്റ്
ആദ്യമായി അയ്‌മാക്സിൽ കണ്ട സിനിമ : അവതാർ
ആദ്യമായി പകുതിക്കു വെച്ച് ഇറങ്ങിപോയ സിനിമ: മകന്റെ അച്ഛൻ
ആദ്യമായി ബ്ലുറേയിൽ കണ്ട സിനിമ : കുങ്ങ് ഫു പാണ്ട
ആദ്യമായി സ്ട്രീം ചെയ്തു കണ്ട സിനിമ : സീബ്ര ഇൻ ദി കിച്ചണ്‍
ആദ്യമായി വർക്ക്‌ ചെയ്ത സിനിമ : വിണേതാണ്ടി വരുവായ


.

A Word of Request.

ആർക്കും വേണ്ടാതെ റോഡ്ടിൽ അലഞ്ഞു തിരിഞ്ഞു വാഹനാപകടങ്ങൾ സൃഷ്ടിക്കുന്ന 'ഗോമാതാക്കളെ' ബന്ധപ്പെട്ടവർ കൂട്ടികൊണ്ട് പോയി - സ്വന്തം മാതാവിനോട് സാധാരണ ചെയ്യുന്നത് പോലെ - വൃദ്ധസദനത്തിൽ ആക്കുകയോ, ആസ്പത്രിയിൽ കൊണ്ടാക്കി കള്ളപേര് കൊടുത്തു രക്ഷപെടുകയോ, നടുവിന് ചവുട്ടി തളർത്തി ഇടുകയോ ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു.

.

Animal Instinct.

മുൻകൂട്ടി തീരുമാനിച്ചതോന്നുമല്ല ; എങ്കിലും പാരിസ് സംഭവം കൂടി അറിഞ്ഞപ്പോൾ മനസിലുള്ളത് വിളിച്ചു കൂവണം എന്ന് തോന്നി. പറയാൻ വന്നത് ഈ രണ്ടു ദിവസമായി നടന്ന ദീപാവലി മഹാമഹത്തെ കുറിച്ചാണ്. ഈ ആഘോഷങ്ങൾ കാണുമ്പോൾ ബാക്കി 363 ദിവസവും തന്റെ ഉള്ളിലെ സാടിസ്ടിനെ ഉറക്കികിടത്തേണ്ടി വരുന്ന ഇവരുടെ മാനസികസംഘർഷം ഓർത്ത് സങ്കടം വരും! അതിന്റെ ഒരു അഴിച്ചു വിടലാണ് ഈ രണ്ടു ദിവസം നമ്മൾ കാണുന്നത്. നെഞ്ച് തകർന്നു തരിപ്പണമാക്കാൻ ശക്തിയുള്ള ഓരോ പടക്കങ്ങളും മത്സരിച്ചു പൊട്ടിക്കുന്നവർ എന്താണീ ആഘോഷിക്കുന്നത്. എല്ലാ വർഷവും വരുന്ന ഒരു കലണ്ടർ തീയതി. അതിനു ഒരു പേരുമിട്ട് വെടിയോടു വെടി. ഞാൻ തന്നെ ഒരു പരീക്ഷ നടത്തി, എനിക്ക് തന്നെ ഒന്നാം റാങ്ക് ഇട്ട്, ഞാൻ തന്നെ ആഘോഷിക്കുന്ന ലൈൻ. കുട്ടികൾ പേടിച്ചു കരയുന്നു, പുകക്കിടയിൽ ഒരു വായ ശ്വാസത്തിനായി പ്രായമായവർ ബുദ്ധിമുട്ടുന്നു, ഹൃദ്രോഗമുള്ളവർ ഉറ്റവരോട് യാത്ര പറഞ്ഞ് തയ്യാറായി ഇരിക്കുന്നു. ഇത് ക്രൂരതയല്ലാതെ എന്താണ്? ഒരവസരം കിട്ടിയാൽ മറ്റുള്ളവരെ ഏറ്റവും ദ്രോഹിക്കുന്നത് ഞാനായിരിക്കണം എന്നതാണോ മനുഷ്യന്റെ പ്രാഥമികധർമ്മം? ഇതിന്റെ ചിതറിയ ഒരു രൂപമാണ് അടുത്ത വിഭാഗത്തിന്റെ ദിവസവും മൈക്ക് സെറ്റ് വെച്ചുള്ള നിലവിളി - നിയമപരമായി അനുവധിച്ചിരിക്കുന്നതിലും എത്രയോ ഉച്ചത്തിൽ നിലവാരമില്ലാത്ത ഉപകരണത്തിലൂടെ ചെവിക്കല്ല് ദിവസവും നശിപ്പിച്ചു കൊണ്ടിരിക്കുന്നവ. നിയമം ഇവിടെ നിങ്ങളുടെ രക്ഷയ്ക്ക് വരില്ല. മതങ്ങളും പടക്കകാരുടെ കയിൽ നിന്ന് കിട്ടുന്ന കൈകൂലിയും നിയമാതീതമാണ്. ഇത് വായിക്കുന്ന ഓരോരുത്തരോടും അപേക്ഷിക്കുന്നു. നിങ്ങളുടെ മക്കളെ മതം പഠിപ്പികാതിരിക്കുക. സ്നേഹവും സഹിഷ്ണുതയും മാന്യതയും നിർബന്ധമായും പറഞ്ഞു കൊടുക്കുക.

.

The Dream Tree.

ഒരുപക്ഷെ സെർഗെ എന്ന ചലച്ചിത്രകാരനെ കുറിച്ചോ അയഥാര്‍ത്ഥവാദം എന്ന പദത്തെ കുറിച്ചോ അറിയുന്നതിന് വളരെ മുൻപ് തന്നെ എന്റെ ഉള്ളിൽ ഒരു surrealist ഉണ്ടായത് അമ്മ കാരണമാണ്.അമ്മയുടെ കഥകൾ കേട്ടാണ്. ഉണർന്നിരിക്കുമ്പോൾ സ്വപ്നം കാണാൻ എനിക്ക് സാധിക്കും. പണ്ടൊരിക്കൽ ഞാൻ എഴുതിയിട്ടുണ്ട്. ഫ്രൂയിട് പറഞ്ഞതനുസരിച്ച് ഒരു മനുഷ്യൻ രാവിലെ കാണുകയും കേൾക്കുകയും ചെയ്യുകയും ചെയ്യുന്ന കാര്യങ്ങളുടെ exaggerated inversion ആണ് അയാളുടെ സ്വപ്‌നങ്ങൾ. അതുകൊണ്ട് തന്നെ അവരുടെ സ്വപ്‌നങ്ങൾ യാധാരത്യത്തിൽ നിന്നും വളരെ ദൂരെയായിരിക്കും. പക്ഷെ എന്റെ രാത്രി സ്വപ്‌നങ്ങൾ എന്റെ ദിവാ സ്വപ്നങ്ങളുടെ inversion ആണ്. ഒറ്റനോട്ടത്തിൽ സംഭവ്യം എന്ന് തോന്നിപ്പിക്കുകയും പിന്നീട് അസ്വസ്ഥതയുലവാക്കുന്ന എന്തോ ഒരു വ്യത്യാസം അനുഭവപെടുകയും ചെയ്യുന്നവ. അതുകൊണ്ട് കഥകൾ എഴുതുക എന്നത് എനിക്ക് എളുപ്പജോലിയാണ്. സ്വപ്നം പകർത്തി വെച്ചാൽ മതിയാകും. സർപ്പങ്ങൾ എന്റെ സ്വപ്നത്തിലെ നിത്യകഥാപാത്രങ്ങളാണ്. പത്തു തലയുള്ള ഭീമാകാരനായ ഒരു കരിനാഗവും ഇലകൾക്ക് പകരം മയിൽപീലികൾ നിറഞ്ഞ ഒരു ഒറ്റമരവും എന്റെ രാത്രികളെ ഏറെ നാൾ വേട്ടയാടിയിരുന്നു. അത് അമ്മയോട് പറഞ്ഞിട്ടുണ്ട് - അമ്മയത് മനോഹരമായ ഒരു കവിതയുമാക്കിയിട്ടുണ്ട്. രണ്ടു വർഷങ്ങൾക്കു മുൻപ്, കണ്ണടക്കുമ്പോൾ പലവർണ്ണങ്ങൾക്ക് നടുവിൽ പത്തിവിരിച്ചു നില്ക്കുന്ന ഒരു സർപ്പത്തിന്റെ നിഴൽ കാണുമായിരുന്നു. പിന്നീട് ടെസ്റ്റ്‌ ചെയ്തപ്പോൾ കൃഷ്ണമണിയിലെ ഒരു ചെറിയ പോറൽ ആണ് അതിനു കാരണം എന്ന് അറിഞ്ഞു; മരുന്ന് തുള്ളികൾ അത് ഭേദമാക്കുകയും ചെയ്തു.

.

Survival Issues.

ജാഡ കാണിക്കാൻ വേണ്ടി മാത്രം സെക്കന്റ്‌ ഏസി ടിക്കറ്റ്‌ എടുക്കുകയും; കയറി കഴിഞ്ഞ് ഏസി ഓഫ്‌ ചെയ്യാൻ പറഞ്ഞ് നിലവിളിക്കുകയും ചെയ്യുന്ന അമ്മച്ചിമാരാണ് ട്രെയിൻയാത്രയിൽ ഇപ്പോളത്തെ പ്രധാന പ്രശ്നം.

.

The Front Door Paradox.

എത്ര ആലോചിച്ചാലും ഉത്തരം കിട്ടാത്ത ഒറ്റ ചോദ്യമേ ലോകത്തുള്ളൂ - രാവിലെ ഇറങ്ങിയപ്പോ വീടിന്റെ കതക് പൂട്ടിയോ?

.

Dog's own Country.

മണിച്ചിത്രത്താഴ് എന്ന സിനിമയിൽ "അയോഗ്യ നായേ..." എന്ന് തുടങ്ങുന്ന ശോഭനയുടെ പ്രശസ്തമായ ഒരു സംഭാഷണം ഉണ്ട്. ഏതാണ് ഈ അയോഗ്യ-നായ. അപ്പോൾ യോഗ്യനായ നായ ഏതിനമാണ്? ഡോബർമാൻ, ജർമൻ ഷെപ്പേർട്‌, ലാബ് ഇത്തരത്തിലുള്ള സവർണ്ണ നായ്കളെ മാത്രം യോഗ്യരാക്കുന്നത് ആരാണ്. കൊച്ചുകുട്ടികളുടെ അക്രമത്തിനിരയായി ചത്തൊടുങ്ങുന്ന പാവം ചാവാലിപട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനിടയിൽ ,നമ്മുടെ മുഖ്യധാര സിനിമകളിൽ ഇത്തരത്തിൽ നായകളെ യോഗ്യതയുടെ പേരിൽ തമ്മിലടിപ്പികാനുള്ള നീക്കം, പട്ടിസ്നേഹികൾ കാണാതെ പോവരുത്. പ്രതികരിക്കു, പ്രതിഷേധിക്കു.

.