ഒരു വല്യശബ്ദം കേട്ടാണ് ലാപ്ടോപ്പിൽ നിന്ന് തലയുയർത്തിയത്. കതകു കാറ്റത്തു ശക്തിയായി വന്നടഞ്ഞതു പോലെ. സന്ധ്യ ആയിരിക്കുന്നു. മുൻവശത്തേക്ക് പോവാനായി എഴുന്നേറ്റതും കൈതട്ടി രാവിലെ പാതി കുടിച്ചു വെച്ച തണുത്ത കാപ്പി ലാപ്ടോപിന്റെ ദ്വാരങ്ങളിലൂടെ ഉള്ളിലേക്കിറങ്ങി. എന്തോ കരിയുന്നു. ഇലക്ട്രോണിക് ശവങ്ങളുടെ ഗന്ധം. ജീവനറ്റ യന്ത്രം തലകീഴെ വെച്ച് വാതിലിനടുത്തേക്ക് ചെന്നു. കാറ്റ് വന്നു ശക്തിയായി അടച്ച വാതിലിന്റെ ഒരു പാളി ഒടിഞ്ഞു നിലത്തു കിടക്കുന്നു. വിടവിലൂടെ തണുത്ത കാറ്റ്. മുഖത്തു മഴയുടെ വേദനിപ്പിക്കുന്ന സൂചിമുനകൾ. സമയം വൈകിയിരിക്കുന്നു. ഇന്നിനി ഇത് ശരിയാക്കാൻ സാധിക്കില്ല. ജീവനില്ലാത്ത മുപ്പതു വിലപിടിച്ച ഉപകരണങ്ങൾക്ക് കാവലായി ഞാൻ ഇന്ന് ഉറക്കമില്ലാത്തവനാവണം. ഈ സമയമത്രയും ഫോൺ ശബ്ദിച്ചുകൊണ്ടേയിരുന്നിരുന്നു. അഞ്ചാമത്തെയോ ആറാമത്തെയോ വിളിക്കു ഞാൻ ഒരു മറുപടിക്കു തയാറായി. കാപ്പിരി സുഹൃത്ത്, നാളെ നഷ്ടപ്പെടാൻ പോവുന്ന ജോലിയെ കുറിച്ച് പറഞ്ഞെന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. ഒരു മാസമായി അന്ന എന്ന ഇറ്റാലിയൻ ഇൻവെസ്ടിഗേറ്റർ എന്നെ നിരീക്ഷിച്ചിരുന്നുവത്രെ. എന്റെ മുകളിൽ ചാർത്തപെട്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയുമായി അവൾ നാളെ വിമാനത്തിൽ കയറും. ഫോൺ വെച്ച് ഞാൻ കുളിമുറിയിൽ കയറി മുഖം കഴുകി. തണുത്തുറഞ്ഞ വെള്ളം. അരണ്ട വെളിച്ചത്തിൽ കയ്യിലെ പുതിയ ഒരു പാട് കണ്ടു. പുറത്തിറങ്ങി ടങ്‌സ്റ്റൻ വെളിച്ചത്തിൽ കൃത്യമായി കണ്ടു. അപകടം മണക്കുന്ന ഒരു പാട്. പുറത്തേയ്ക്കിറങ്ങണമെന്നു തോന്നി. ഒടിഞ്ഞ കതകിലൂടെ നടന്നു. ചെറിയ കാടുകൾക്കപ്പുറം കാണുന്ന ഹൈവേയിൽ പൊടി പറത്തി ഒരു കോൺവോയ്. ഒരേ വലുപ്പത്തിലുള്ള കടും പച്ചനിറമുള്ള പത്തോളം ട്രക്കുകൾ. ഞെട്ടി ഉണർന്നു. ഒരു ചെറിയ ഉച്ചമയക്കത്തിൽ, ഇത്രയും ദുസ്വപ്നങ്ങൾ ഒരുമിച്ചു ഞാൻ കണ്ടിട്ടുണ്ടാവില്ല.
.