Wednesday, June 25, 2014

Red Eye!


2005, ജൂലൈ. ഓസ്ട്രേലിയയിലേക്കുള്ള യാത്രയിലാണ്. ആദ്യമായാണ് ഒരു അന്താരാഷ്ട്രവിമാനത്തിന്റെ അകം കാണുന്നത്. സിങ്കപ്പൂർ എയർലൈൻസിന്റെ ബോയിംഗ് 777 ട്വിൻ എഞ്ചിൻ ജെറ്റ്. ഗംഭീര യാത്ര ഒക്കെ ആണെങ്കിലും മനസ്സിൽ തീയാണ്. കാരണം, എനിക്ക് ഓസ്ട്രേലിയയെ പറ്റി ഒരു ചുക്കും അറിഞ്ഞൂട. യുണിവെർസിറ്റിയിൽ അഡ്മിഷൻ കിട്ടി എന്നല്ലാതെ അവിടെ ചെന്നിട്ടെന്ത്, എവിടെ താമസിക്കും, അവിടുത്തെ ചിലവെന്ത്, എയർപോർട്ടിൽ നിന്ന് എങ്ങോട്ട് പോവും -ഇത്യാദി കാര്യങ്ങളെ കുറിച്ച് യാതൊരു ഗ്രാഹ്യവുമില്ല. 500 സായിപ്പന്മാരുടെ നടുവിൽ, പട്ടി ചന്തക്കു പോവുന്നത് പോലെയാണ് ഞാൻ ഫ്ലൈറ്റിൽ ഇരിക്കുന്നത്. ഒടുവിൽ മനസമാധാനത്തിനു വേണ്ടി അല്പം വിനോദം ആവാം എന്ന് തീരുമാനിക്കുകയും അതിനു വേണ്ടി ഇൻ-ഫ്ലൈറ്റ് മീഡിയ റിമോട്ട് കയ്യിലെടുക്കുകയും ചെയ്തു. ഇയർഫോണൊക്കെ ഭദ്രമായി ചെവിയിൽ തിരുകി ടിവി ഓണ്‍ ചെയാൻ ബട്ടണ്‍ അമർത്തി. ഒന്നും ഓണ്‍ ആയില്ല. സമയം നീങ്ങികൊണ്ടേ ഇരുന്നു. ഒടുവിൽ എന്റെ പരാക്രമം കണ്ടിട്ടാവണം സുന്ദരിയായ എയർഹോസ്ടസ് എന്റെ അടുത്ത് വന്നു എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചു. 500 സായിപ്പന്മാരുടെ ഇടയിലിരുന്ന് മലയാളികളുടെ മാനം കാക്കാൻ വേണ്ടി "ഐ ഗോട്ട് ദിസ്‌" എന്ന് ഞാൻ കള്ളം പറഞ്ഞു. അവർ പോയികഴിഞ്ഞു പിന്നെയും ഞാൻ റിമോട്ടിൽ പരീക്ഷിച്ചു കൊണ്ടേ ഇരുന്നു. ഇടയ്ക്കിടെ എയർഹോസ്ടസ് വരും. ഞാൻ "ഇതൊക്കെയെന്ത്" എന്ന മട്ടിൽ മടക്കിയയക്കും. ഇത് മൂന്നിലധികം പ്രാവശ്യം ആവർത്തിച്ചപ്പോൾ, ഹോസ്ടസ് ഇത്തവണ ഒരു തടിയൻ മേധാവിയെയും കൂട്ടി എന്റെ അടുത്ത് വന്നു.

- "വാട്ട് ഡു യു നീഡ്‌ സർ?" 
- "നതിംഗ്, എവെര്യ്തിംഗ് ഈസ്‌ ഫൈൻ"
- "ആർ യു ഷ്വർ"
- "യെസ് യെസ്. അബ്സൊലൂട്ട്ലി!"
- "ദെൻ സർ, പ്ലീസ്‌ സ്റ്റോപ്പ്‌ പ്രസ്സിംഗ് ദി "ഹോസ്ടസ് കാൾ ബട്ടണ്‍"!

ഞാനും സർവത്ര മലയാളികളും "പ്ലിംഗ് "!

No comments:

Post a Comment